തിരുവനന്തപുരത്ത് കുമ്മനം; പത്തനംതിട്ടയിൽ ശ്രീധരൻപിള്ള: തൃശൂരിൽ തുഷാർ: ബിജെപി – എൻ ഡി എ സ്ഥാനാർത്ഥി പട്ടിക തിങ്കളാഴ്ച

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിലെ പരമാവധി സീറ്റുകൾ പിടിച്ചെടുക്കാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങിയ ബി ജെ പി സ്ഥാനാർത്ഥികളെ തിങ്കളാഴ്ച പ്രഖ്യാപിക്കും. വിജയം മാത്രം ലക്ഷ്യമിട്ട് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ ആർഎസ്എസ് സംസ്ഥാന നേതൃത്വത്തിന് കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിൽ വിജയത്തിൽ കുറഞ്ഞൊന്നും ബിജെപി ആഗ്രഹിക്കുന്നില്ല.

തിങ്കളാഴ്ച ചേരുന്ന ബിജെപി കോര്‍ കമ്മിറ്റിക്കു ശേഷം പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. ബിജെപി ജനറല്‍ സെക്രട്ടറിമാകുടെ നേതൃത്വത്തില്‍ നടക്കുന്ന പരിവര്‍ത്തന യാത്രകള്‍ ഞായറാഴ്‌ച സമാപിക്കുന്നതോടെ നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് തുടങ്ങും. കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ളവരുടെ പട്ടികയാണ് ബിജെപി അന്തിമമായി പ്രഖ്യാപിക്കുക. മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച കുമ്മനം രാജശേഖരന്‍ ചൊവ്വാഴ്ച കേരളത്തില്‍ മടങ്ങിയെത്തുന്നതോടെ തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാകും. അതേസമയം ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി ഡല്‍ഹിയിലെത്തി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ യുമായി ചര്‍ച്ച നടത്തി. അമിത് ഷാ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തുഷാര്‍ ഡല്‍ഹിയില്‍ ചര്‍ച്ചക്കെത്തിയത്. തുഷാര്‍ തൃശ്ശൂര്‍ സീറ്റില്‍ മത്സരിക്കുന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ച. കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ തൃശ്ശൂരില്‍ തുഷാര്‍ തന്നെ മത്സരിക്കണമെന്ന ഉറച്ച നിലപാടാണ് അമിത് ഷാ യ്ക്കുള്ളത്. തുഷാര്‍ തൃശ്ശൂരില്‍ മത്സരിക്കുന്നില്ലെങ്കില്‍ തൃശ്ശൂര്‍ സീറ്റ് ബിജെപി ഏറ്റെടുക്കുമെന്ന് പാര്‍ട്ടി നേതൃത്വം നേരത്തെ അറിയിച്ചിരുന്നു. തുഷാര്‍ മത്സരിക്കുന്നില്ലെങ്കില്‍ തൃശ്ശൂരില്‍ കെ സുരേന്ദ്രന്‍ രംഗത്തിറങ്ങിയേക്കും. തിരുവനന്തപുരം സീറ്റില്‍ കെ സുരേന്ദ്രന്റെ പേര് സജീവമായിരുന്നെങ്കിലും കുമ്മനം മത്സരിക്കണമെന്നാവശ്യപ്പെട്ട് ആര്‍എസ്എസ് ശക്തമായി രംഗത്തെത്തുകയായിരുന്നു. തിരുവനന്തപുരം സീറ്റ് ബിജെപി ക്ക് കിട്ടണമെങ്കില്‍ കുമ്മനം തന്നെ കളത്തിലിറങ്ങണമെന്നാണ് ആര്‍എസ്എസ് നിലപാടെടുത്തത്. അതേ സമയം കുമ്മനം രാജശേഖരന്റെ മടങ്ങിവരവോടെ തിരുവനന്തപുരം സീറ്റില്‍ സാധ്യതയിലുണ്ടായിരുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള പത്തനംതിട്ടയില്‍ മത്സരിക്കാനിറങ്ങിയേക്കും. പാലക്കാട് ശോഭാ സുരേന്ദ്രനും കോഴിക്കോട് എം ടി രമേശിന്റെയും പേരുകളാണ് സജീവമായുള്ളത്. എ എന്‍ രാധാകൃഷ്ണന്റെ പേര് എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിലേക്കും പരിഗണിക്കുന്നുണ്ട്.
ഇതിനിടെ കെ സുരേന്ദ്രന്റെ പേര് പത്തനംതിട്ടയിലും വിജയ സാധ്യതയുള്ള മറ്റൊരു സീറ്റിലും പരിഗണിക്കാതിരുന്നത് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.