ഓട്ടോറിക്ഷകളും ബൈക്കും മോഷ്ടിച്ച് വിൽപ്പന നടത്തി; കുമളി സ്വദേശികൾ അറസ്റ്റിൽ; പ്രതികളെ പിടികൂടിയത് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോൻ്റെ നേതൃത്വത്തിലുള്ള സംഘം
സ്വന്തം ലേഖിക
കോട്ടയം: ഓട്ടോറിക്ഷകളും ബൈക്കും മോഷ്ടിച്ച കേസിൽ പ്രതികൾ പിടിയിൽ.
കുമളി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ബജാജ് പ്ലാറ്റിന ബൈക്കും കട്ടപ്പന കൈരളിപടി ഭാഗത്തുനിന്നും ആപ്പേ ഓട്ടോറിക്ഷയും കട്ടപ്പന വള്ളക്കടവ് ഭാഗത്ത് നിന്നും ആപ്പേ ഓട്ടോറിക്ഷയും മോഷ്ടിച്ച കുമളി രണ്ടാം മൈൽ കോക്കാട്ട് കോളനി ഭാഗത്ത് അമ്മയാർ ഇല്ലം വീട്ടിൽ കണ്ണൻ മകൻ മണികണ്ഠനും (23 മണി) മണികണ്ഠനിൽ നിന്നും ഓട്ടോറിക്ഷകൾ ഓരോന്നിനും 6000 രൂപ വിലയ്ക്ക് വാങ്ങി പൊളിച്ചു വിറ്റ കുമളി ടൗണിൽ ആക്രിക്കട നടത്തുന്ന വനിത ഇല്ലം വീട്ടിൽ സുബ്രഹ്മണ്യൻ മകൻ തങ്കരാജ് (38) എന്നിവരാണ് പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടുവർഷം മുമ്പ് മോഷണം പോയ ഓട്ടോറിക്ഷയുടെ പിൻ സീറ്റ് മറ്റൊരു ഓട്ടോറിക്ഷയിൽ പിടിപ്പിച്ചിരിക്കുന്ന വിവരം കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന് ലഭിച്ചതിനെ തുടർന്ന് ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘം അതീവ രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
തുടർന്ന് കട്ടപ്പനയിൽ നിന്നും ഓട്ടോറിക്ഷ മോഷ്ടിച്ച പ്രതി നമ്പർ പ്ലേറ്റ് അഴിച്ചു കളഞ്ഞ് കുറച്ചുദിവസം തന്റെ കയ്യിൽ വയ്ക്കുകയും അതിനുശേഷം തന്റെ വാഹനമാണെന്ന് വ്യാജേന വിൽപ്പന നടത്തുവാൻ വിവിധ ആക്രിക്കടകളിൽ സമീപിച്ചെങ്കിലും അവർ രേഖകൾ ഇല്ലാത്ത വാഹനം എടുക്കാതെ വന്നപ്പോൾ നിസ്സാര വിലയ്ക്ക് തങ്കരാജിന്റെ ആക്രികടയിൽ കൊടുക്കുകയാണുണ്ടായത്.
അതിനുശേഷം മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും കട്ടപ്പന വള്ളക്കടവ് ഭാഗത്ത് വന്ന് മറ്റൊരു ഓട്ടോറിക്ഷ മോഷ്ടിച്ചു കൊണ്ടുപോയി തങ്കരാജിന് വിൽക്കുകയായിരുന്നു. ഓരോ ഓട്ടോറിക്ഷയ്ക്കും ഒന്നര ലക്ഷം രൂപ വില വീതം ലഭിക്കുമായിരുന്നത് ഓട്ടോ ഒന്നിന് 6000 രുപാ വിലയ്ക്കാണ് മണികണ്ഠൻ തങ്കരാജിന് വിൽപ്പന നടത്തിയത്.
പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ഇതിലെ മോഷണം മുതലുകൾ വേറെ എവിടെയൊക്കെയാണ് നൽകിയിരിക്കുന്നത് എന്നും കൂടുതൽ കുറ്റകൃത്യങ്ങൾ ഇവർ ചെയ്തിട്ടുണ്ടോ എന്നും കൂടുതൽ ആളുകൾ കുറ്റക്യത്യത്തിൽ പങ്കെടുത്തിട്ടുണ്ടോ എന്നും അന്വേഷിക്കേണ്ടതാ യിട്ടുണ്ടെന്ന് കട്ടപ്പന ഡിവൈഎസ്പി പറഞ്ഞു. അന്വേഷണ സംഘത്തിൽ ഡിവൈഎസ്പി വി എ നിഷാദ്മോൻ, ഐ പി വിശാൽ ജോൺസൺ, എസ് ഐ സജിമോൻ ജോസഫ്, എസ് സി പി ഒ ബിജു കെ എം, സി പി ഒ മാരായ സുബിൻ പി എസ്, വി കെ അനീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.