കൊട്ടാരക്കര കുളക്കടയിൽ ദമ്പതികളുടെ അ‌പകട മരണം; അ‌പകടത്തിന്റെ ​ലൈവ് ഓൺ​ലൈൻ ചാനലിൽ അ‌ച്ഛൻ കണ്ടത് മകനും കുടുംബവും സഞ്ചരിച്ച വാഹനമാണെന്ന് അറിയാതെ; മൂന്ന് വയസുകാരി ശ്രേയ പരിക്കുകളോടെ ആശുപത്രിയിൽ; ശ്രേയയ്ക്കായി പ്രാർത്ഥനയോടെ നാട്ടുകാർ

Spread the love

 

സ്വന്തം ലേഖകൻ

കൊട്ടാരക്കര: കൊട്ടാരക്കര കുളക്കടയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അ‌പകടത്തിൽ മരണപ്പെട്ട ദമ്പതികളുടെ വേർപാട് താങ്ങാനാകതെ നാട്. തിരുനെൽവേലിയിലെ സ്വകാര്യ കമ്പനിയിൽ ഓട്ടോമൊബൈൽ എൻജിനീയറായ പള്ളിക്കൽ ബിനീഷ് ഭവനിൽ ബിനീഷ് കൃഷ്ണൻ (34), ഭാര്യ എ.ജി.അഞ്ജു (30) എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെ എം.സി റോഡിൽ കുളക്കട ഭാനുവിലാസം എൻ.എസ്.എസ്. കരയോഗമന്ദിരത്തിനു മുന്നിലായിരുന്നു സംഭവം. എറണാകുളത്ത് സഹോദരിയുടെ കുഞ്ഞിനെ കാണാൻ പോയതിന് ശേഷം വീട്ടിലേക്ക് മടങ്ങുന്ന വഴി എതിർദിശയിൽ നിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടൂർ ചൂരക്കോട് ഷിബുഭവനിൽ അരവിന്ദ് സന്തോഷ് (24) ആണ് ഇടിച്ചുകയറിയ കാർ ഓടിച്ചിരുന്നത്. ഇയാളുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളും പൂർണമായും തകർന്നു. തെറിച്ചുപോയ കാർ സമീപത്തെ കരയോഗമന്ദിരത്തിന്റെ മതിലും ഇടിച്ചുതകർത്തു. ഇതിനുള്ളിൽ കുടുങ്ങിപ്പോയവരെ വളരെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്.

ഇവരുടെ മകൾ ശ്രേയ (3) യെ ഗുരുതര പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അ‌പകടമുണ്ടായയുടൻ അഞ്ജുവിനെയും ശ്രേയയെയും ആദ്യം പുറത്തെടുത്ത് അതുവഴിവന്ന പിക്കപ്പ് വാനിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചു.

എന്നാൽ അഞ്ജുവിനെ രക്ഷിക്കാനായില്ല. പിന്നീട് അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്ന് ഡ്രൈവിങ് സീറ്റിൽനിന്നു ബിനീഷിനെ പുറത്തെടുത്തത്. അടൂർ ആശുപത്രിയിലെത്തിച്ചെങ്കിലും അധികം താമസിയാതെ ബിനീഷും മരണത്തിനു കീഴടങ്ങി. ശ്രേയയുടെ ജീവനുവേണ്ടി പ്രാർഥിക്കുകയാണ് പള്ളിക്കൽ ഗ്രാമം. ബിനീഷിന്റെയും അഞ്ജുവിന്റെയും മകളാണ് ശ്രേയ എന്ന ശ്രീക്കുട്ടി.

തിങ്കളാഴ്ച വൈകീട്ട് ആറേകാലോടെയാണ് ഇവർ നാട്ടിലേക്കുതിരിച്ചത്. രാത്രി പതിനൊന്നരയ്ക്ക് അച്ഛൻ കൃഷ്ണൻകുട്ടി ഫോൺ ചെയ്യുമ്പോൾ ബിനീഷ് അടൂർ കഴിഞ്ഞിരുന്നു. പന്ത്രണ്ടോടെ ഓൺലൈൻ ചാനലിൽ കുളക്കടയിൽ നടന്ന അപകടത്തിന്റെ ലൈവ് സംപ്രേഷണം കാണുമ്പോൾ കൃഷ്ണൻകുട്ടി അറിഞ്ഞിരുന്നില്ല മകനും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടതെന്ന്.

ഒന്നോടെ പോലീസിന്റെ ഫോൺ വിളിയെത്തുമ്പോഴാണ് ബിനീഷും അഞ്ജുവുമാണ് അപകടത്തിൽപ്പെട്ടതെന്ന് അറിയുന്നത്. ബിനീഷ് ഓട്ടോമൊബൈൽ എൻജിനീയറായി തിരുനെൽവേലിയിൽ ജോലിക്കുകയറിയിട്ട് ഒരാഴ്ച കഴിയുന്നതേയുള്ളൂ. അടൂർ താലൂക്കാശുപത്രി മോർച്ചറിയിൽനിന്നു ബിനീഷിന്റെ മൃതദേഹവും കൊട്ടാരക്കര താലൂക്കാശുപത്രിയിൽനിന്നു അഞ്ജുവിന്റെ മൃതദേഹവും ഒരുമിച്ചാണ് വീട്ടിലെത്തിച്ചത്.