play-sharp-fill
മത്സ്യകൃഷിക്കൊപ്പം ജൈവ കൃഷിയും, കുടുംബശ്രീ സ്റ്റാളിൽ ശ്രദ്ധേയമായി ‘അക്വാപോണിക്സ് ‘കൃഷിരീതി

മത്സ്യകൃഷിക്കൊപ്പം ജൈവ കൃഷിയും, കുടുംബശ്രീ സ്റ്റാളിൽ ശ്രദ്ധേയമായി ‘അക്വാപോണിക്സ് ‘കൃഷിരീതി

സ്വന്തംലേഖകൻ

കോട്ടയം: കുറഞ്ഞ ചെലവിൽ ,കുറഞ്ഞ സ്ഥലപരിമിതിയിൽ ജൈവകൃഷിയും, മത്സ്യകൃഷിയും ഒന്നിച്ച് നടത്താൻ കഴിയുമോ.. സംശയിക്കേണ്ട അത്തരത്തിൽ ഒരു കൃഷിരീതി അവതരിപ്പിക്കുകയാണ് ‘അക്വാപോണിക്സ് ‘ എന്നതിലൂടെ കുടുംബശ്രീ. സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായുള്ള പ്രദർശന വിപണനമേളയിൽ കുടുംബശ്രീ
ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള സ്റ്റാളിൽ ഏവരെയും അത്ഭുതപ്പെടുത്തുകയാണ് ‘അക്വാപോണിക്സ് ‘ .മത്സ്യ കൃഷിയ്ക്കുപയോഗിക്കുന്ന വെളളം പ്രത്യേക രീതിയിൽ ഫിൽട്ടർ ചെയ്ത് ജൈവ കൃഷി നടത്തുന്ന പ്രക്രിയയാണ് അക്വാപോണിക്സ് .
ഐ.ബി.സി ടാങ്ക് ഉപയോഗിച്ച് കുളം തയാറാക്കി മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നു ,കൃഷി ചെയ്യുന്നതിനായി പി.വി.സി പൈപ്പ് ഉപയോഗിച്ച് ഗ്രോ ബെഡും തയാറാക്കുന്നു. ഈ ഗ്രോ ബെഡിൽ മണ്ണ് നിറയ്ക്കുന്നതിന് പകരം മുക്കാൽ ഇഞ്ച് കനമുള്ള മെറ്റിൽ നിറച്ച് പച്ചക്കറി തൈ നടുന്നു. കുളത്തിലെ വെള്ളം ഫിൽട്രേഷൻ നടത്തി ഗ്രോ ബെഡിൽ നിറയ്ക്കുന്നു. സാധാരണയായി തിലോപ്പിയ ഇനത്തിൽ പെടുന്ന മത്സ്യങ്ങളെയാണ് വളർത്തുക .ആറ് മാസം കൊണ്ട് ഈ മത്സ്യങ്ങൾ വളർച്ചയെത്തുന്നതോടെ വിളവെടുപ്പു നടത്തി മികച്ച ലാഭം കണ്ടെത്താം അതോടൊപ്പം ജൈവ കൃഷിയിലൂടെയും നേട്ടം കൊയ്യാം. ജൈവ കൃഷിക്ക് കീടനിയന്ത്രണത്തിനായി ജൈവിക കീടനാശിനികളും ഉപയോഗിക്കാനാകും എന്നതാണ് ഈ കൃഷി രീതിയുടെ മറ്റൊരു സവിശേഷത. ആയിരം ലിറ്ററിന്റെ ഐ.ബി. സി ടാങ്ക് ഉപയോഗിച്ച് അക്വാപോണിക്സ് നിർമ്മിക്കുന്നതിന് 15000 രൂപ ചെലവ് വരും, സാധാരണ രീതിയിൽ മണ്ണിൽ കുഴിയെടുത്ത് പടുതാ കുളം നിർമ്മിച്ചും ഇത്തരത്തിൽ കൃഷി നടത്താനാകും.
പാമ്പാടിയിലെ ന്യൂ ടെക് സംഘ കൃഷി ഗ്രൂപ്പാണ് വിദഗ്ദ പരിശീലനം നേടി അക്വാപോണിക്സ് നിർമ്മിക്കുന്നതും ,കൃഷിയിലൂടെ നേട്ടം കൈവരിക്കാൻ മാർഗ നിർദ്ദേശങ്ങൾ നൽകുന്നതും.
ഒരേ സമയത്ത് കുറഞ്ഞ സ്ഥല പരിമിതിയിൽ മത്സ്യവും പച്ചക്കറിയും കൃഷി ചെയ്ത് ലാഭം നേടാൻ കഴിയുന്നതിനൊപ്പം അക്വാപോണിക്സ് കൃഷി മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ നോക്കി നടത്താനും കഴിയുമെന്നും ഗ്രൂപ്പ് അംഗമായ
പ്രിയ ജയൻ സാക്ഷ്യപ്പെടുത്തുന്നു. രാവിലെ 10 മണി മുതൽ വൈകിട്ട് 7 മണി വരെയാണ് സ്റ്റാൾ പ്രവർത്തിക്കുക.