കോട്ടയം ജില്ലയിൽ കുടിവെള്ളക്ഷാമം അതിരൂക്ഷം: ടാങ്കർ ലോറികളിൽ വിതരണം ചെയ്യുന്ന വെള്ളം മാലിന്യം കലർന്നതും ആറ്റിലെ വെള്ളമെന്നും ജനസംസാരം: ബണ്ട് അടച്ചെങ്കിലും ഉപ്പുവെള്ള ഭീഷണി: വടക്കൻ കുട്ടനാട്ടിൽ കൃഷി സംരക്ഷിക്കാൻ കർഷകരുടെ പെടാപ്പാട്

Spread the love

കോട്ടയം: ചൂട് വർദ്ധിച്ചതോടെ കോട്ടയം ജില്ല വരൾച്ചയുടെ പിടിയിലേക്ക്. നാടെങ്ങും കുടിവെള്ളത്തിന് കടുത്ത ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന പടിഞ്ഞാറൻ പ്രദേശത്താണ് ഏറ്റവുമധികം കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നത്.

video
play-sharp-fill

പൈപ്പ് വെള്ളം പാകം ചെയ്യാനും തോട്ടിലെ വെള്ളം മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കുകയാണ് പതിവ് രീതി. പൈപ്പിൽ വെള്ളമെത്തിയില്ലെങ്കിൽ അന്ന് വീട് പട്ടിണിയാകുന്ന അവസ്ഥയാണ് പടിഞ്ഞാറൻ മേഖലയിൽ
ജലസ്രോതസുകളില്‍ ജലനിരപ്പ് അപകടകരമാംവിധം താഴ്ന്നു. താഴ്‌ന്ന പ്രദേശങ്ങളില്‍ പോലും ജലദൗർലഭ്യം അനുഭവപ്പെടുകയാണ്.

പലയിടത്തും കുടിവെള്ളം കിട്ടാക്കനിയായി മാറി. കൊടൂരാർ, മണിമല, മീനച്ചിലാർ എന്നിവയെ ആശ്രയിച്ചുള്ള കുടിവെള്ള പദ്ധതികൾ വഴിയാണ് ജില്ലയില പ്രധാന കുടിവെള്ള വിതരണം . ആറ്റിലെ ജലനിരപ്പ് താഴുന്നതിനാൽ കുട വെള്ള പദ്ധതികളുടെ പ്രവർത്തനം അവതാളത്തിലായി. 42 പഞ്ചായത്തുകളുടെയും കോട്ടയം,ഏറ്റുമാനൂർ, പാലാ, ഈരാറ്റുപേട്ട നഗരസഭകളിലെയും കുടിവെള്ളസ്രോതസാണ് മീനച്ചിലാർ. 15 കുടിവെള്ള സംഭരണികളും സ്ഥിതി ചെയ്യുന്നു. നിരവധി ചെക്കുഡാമുകളുമുണ്ടെങ്കിലും വറ്റിവരണ്ട് തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പട്ടർമഠം, പൂവത്തുംമൂട്, വെള്ളൂപറമ്പ്, പാലാ ശുദ്ധജല പദ്ധതികളെയും വരള്‍ച്ച ബാധിച്ച്‌ തുടങ്ങി. മണിമലയാറിന്റെ പല പ്രദേശങ്ങളിലും മണല്‍ പരപ്പ് മാത്രമായി. ജില്ലയുടെ കിഴക്കൻ പ്രദേശമായ മുണ്ടക്കയം, പാറത്തോട് ഭാഗത്തെ കുടിവെള്ള വിതരണവും ഇതോടെ പ്രതിസന്ധിയിലായി. ഭൂഗർഭ ജലവിഭവ വകുപ്പിന് 25 ബോർവെല്ലുകള്‍ ഉള്‍പ്പെടെ 46 കിണറുകളുണ്ട്. ഇതെല്ലാം പ്രധാന നദികളോട് ചേർന്നാണ്.

ടാങ്കർ ലോറികളില്‍ വെള്ളം വില്‍ക്കുന്ന സംഘങ്ങള്‍ ഇതിനോടകം നഗരത്തിൽ സജീവമായിട്ടുണ്ട്. എന്നാല്‍, വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനുള്ള പരിശോധനയില്ല. യാതൊരു വിധ ലൈസൻസുമില്ലാതെയാണ് ടാങ്കർ ലോറിക്കാരുടെ ജലവില്പന.

എവിടെ നിന്നാണ് വെള്ളം ശേഖരിക്കുന്നതെന്നോ, ഉപയോഗ യോഗ്യമായ വെള്ളമാണോ എന്ന് കണ്ടെത്താനോ സംവിധാനമില്ല.
ചിലർ ആറ്റിൽ നിന്ന് പൈപ്പിട്ട് ടാങ്കറിലേക്ക് വെള്ളം പമ്പ് ചെയ്ത് വിതരണം നടത്തുന്നതായി ആരോപണമുണ്ട്. ഇവർ പരിശോധനക്കായി ലാബിലേക്ക് നൽകുന്നത് മിനറൽ വാട്ടറാണെന്ന് ടാങ്കർ ലോറിക്കാർ തന്നെ സമ്മതിക്കുന്നു. ഇങ്ങനെ മിനറൽ വാട്ടർ പരിശോധിച്ച് ലഭിക്കുന്ന സർട്ടിഫിക്കറ്റാണ് ഇവർ മലിനജല വിതരണത്തിനായി ഉപയോഗിക്കുന്നത്.

ഇരട്ടി പ്രഹരമായി ഉപ്പുവെള്ളവും.

തണ്ണീർമുക്കം ബണ്ട് അടച്ചെങ്കിലും മീൻപിടുത്തത്തിന് ഷട്ടറിനടിയിൽ കല്ലുവച്ച് ഉപ്പുവെള്ളം കയറ്റുന്നതായി ആരോപണമുണ്ട്. ഇതുമൂലം വടക്കൻ കുട്ടനാട്ടിൽ ഉപ്പുവെള്ള ഭീഷണി നേരിടുന്നു.

വൈക്കം , തലയോലപ്പറമ്പ് പ്രദേശത്ത് മൂവാറ്റുപുഴയാറിൻ തീരത്ത് താമസിക്കുന്നവർക്ക് ഉപ്പുവെള്ളം ദുരിതം സൃഷ്ടിക്കുകയാണ്. കുടിവെള്ള വിതരണത്തെയും ഇത് സാരമായി ബാധിച്ചു. പുഴയിലെയും തോടുകളിലെയും വെള്ളം ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്.

പടിഞ്ഞാറൻ മേഖലയില്‍ കൃഷിയിടങ്ങളിലും വെള്ളം എത്തിക്കാനാകാതെ കർഷകർ ബുദ്ധിമുട്ടിലാണ്. ഇത് വിളവ് കുറയാനിടയാക്കും. മഴ പെയ്തില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിടുമെന്നാണ് ആശങ്കയിലാണ് കർഷകർ.