കുടമാളൂരിൽ വീടിനുള്ളിൽ വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി: സംഭവത്തിൽ ദുരൂഹത; പൊലീസ് അന്വേഷണം ആരംഭിച്ചു
സ്വന്തം ലേഖകൻ
കുടമാളൂർ: മകനും മകളും അടക്കമുള്ള കുടുംബത്തിനൊപ്പം ഒന്നിച്ച് താമസിക്കുന്ന വയോധികയെ കുടമാളൂരിൽ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. രാത്രിയിൽ വീടിനുള്ളിൽ വച്ച് വയോധിക ശരീരം പൂർണമായും കത്തിക്കരിഞ്ഞിട്ടും വീട്ടുകാർ ആരും സംഭവം അറിഞ്ഞില്ലെന്നത് ദുരൂഹതയായി തുടരുന്നു. അയ്മനം കുടമാളൂർ പുതിയവീട്ടിൽ വിജയലക്ഷ്മി (76)യുടെ മൃതദേഹമാണ് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കുടമാളൂർ ഇരവീശ്വരം ക്ഷേത്രത്തിനു സമീപത്തെ വീട്ടിലായിരുന്നു സംഭവം. വ്യാഴാഴ്ച രാത്രി ഒൻപതരയോടെ ഭക്ഷണം കഴിച്ച ശേഷം വിജയലക്ഷ്മി വീടിനുള്ളിലെ മുറിയ്ക്കുള്ളിൽ കയറി കതകടയ്ക്കുകയായിരുന്നു. പുലർച്ചെ ബന്ധുക്കൾ എത്തി മുറിയിൽ മുട്ടിയപ്പോൾ വാതിലിനുള്ളിൽ നിന്നും അസ്വാഭാവികമായ രീതിയിൽ തീയും പുകയും കണ്ടു. തുടർന്ന് വീട്ടുകാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസ് സംഘം വാതിൽ തുറന്ന് അകത്ത് കയറിയതോടെയാണ് അരയ്ക്കു മുകളിൽ പൂർണമായും കത്തിക്കരിഞ്ഞ നിലയിൽ വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസ് ഡോഗ് സ്‌ക്വാഡും, സൈന്റിഫിക് വിദഗ്ധരുടെയും നേതൃത്വത്തിൽ പരിശോധന നടത്തി. തുടർന്ന് മൃതതേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. പോസ്റ്റ്മാർട്ടത്തിനു ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്കു വിട്ടു നൽകി. വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം കേസ് നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ വെസ്റ്റ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Third Eye News Live
0