വെറുതേ ഇരുന്ന് ശമ്പളം വാങ്ങുന്ന സുഖം വേറെ എവിടെ കിട്ടും; തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപിക നല്കിയ അപേക്ഷ അധികൃതർ നിരസിച്ചു;കലിപൂണ്ട അധ്യാപിക നടപടിക്കെതിരെ ഹൈക്കോടതിയിൽ; ഇങ്ങനെയെങ്കിൽ തിരഞ്ഞെടുപ്പ് ചുമതല തെങ്ങ് കയറ്റക്കാരെ ഏൽപിക്കേണ്ടി വരും
സ്വന്തം ലേഖകൻ
കോട്ടയം: കൊവിഡിനെ തുടർന്നു മാസങ്ങളോളം അവധി ലഭിച്ചിട്ടും അധ്യാപകർക്കു മതിയാകുന്നില്ല. തിരഞ്ഞെടുപ്പ് ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രൈമറി സ്കൂൾ അധ്യാപിക നല്കിയ അപേക്ഷ ന്യായമായ ആവശ്യത്തിനല്ലെന്ന് കണ്ട് അധികൃതർ നിരസിച്ചു. കലിപൂണ്ട അധ്യാപിക കളക്ടറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചു. രണ്ടായിരത്തി അഞ്ഞൂറിലേറെ അപേക്ഷകൾ ലഭിച്ചതിൽ മുക്കാൽ ഭാഗം അപേക്ഷകരും അദ്ധ്യാപകരായിരുന്നു. ഇതിൽ ഗുരുതര രോഗമുള്ളവരും, ന്യായമായ കാരണങ്ങൾ ബോധിപ്പിച്ചതുമായ അപേക്ഷകൾ മാത്രമാണ് അംഗീകരിച്ചതും. ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ അപേക്ഷയിൽ വാതപ്പനി, മുതൽ കൈകാൽ കഴപ്പ് വരെയാണ് കാരണങ്ങൾ.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നു പ്രഖ്യാപനം വന്നപ്പോൾ മുതൽ തന്നെ ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷകളുടെ പ്രളയമായിരുന്നു. മതിയായ കാരണമില്ലാതെ അപേക്ഷകളിൽ അംഗീകാരം നൽകാനാവില്ലെന്നാണ് ചട്ടം. ഗുരുതരമായി രോഗമുള്ളവർ, ഗർഭിണികൾ, ഏഴുമാസത്തിൽ താഴെ പ്രായമുള്ള കുട്ടികൾ ഉള്ളവർ എന്നീ സർക്കാർ ജീവനക്കാരെ മാത്രമേ ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കാവൂ എന്നാണ് ചട്ടം. ദമ്പതിമാരായ ജീവനക്കാരെ ഡ്യൂട്ടിയ്ക്കു നിയോഗിക്കുമ്പോൾ കളക്ടറുടെ വിവേചനത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ ഒരാളെ ജോലിയിൽ നിന്നും ഒഴിവാക്കുകയും ചെയ്യാം
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവരെയെല്ലാം മെഡിക്കൽ ബോർഡിന്റെ നേതൃത്വത്തിൽ പരിശോധിച്ച ശേഷമാണ് അപേക്ഷകൾ നിരസിച്ചത്. അഞ്ചു വർഷത്തിനിടെ ഒന്നോ രണ്ടോ തവണ മാത്രമാണ് തിരഞ്ഞെടുപ്പു ഡ്യൂട്ടിയുണ്ടാകുക. എന്നാൽ, ഇതിനു പോലും പോകാൻ തയ്യാറാകുന്നില്ലെന്നാണ് വ്യക്തമാകുന്നത്.പോലീസുകാരും ആരോഗ്യ പ്രവർത്തകരും, റവന്യൂ ജീവനക്കാരും ജീവൻ പോലും പണയം വെച്ച് കോവിഡ് ഡ്യൂട്ടി ചെയ്യുമ്പോളാണ് ഒരു വിഭാഗം അധ്യാപകരുടെ ഈ അഭ്യാസം, കോവിഡ് ഡ്യൂട്ടി ചെയ്ത ഡോക്ടർമാരടക്കം നിരവധി പേർ ജീവൻ ബലിയർപ്പിച്ച നാട്ടിലാണ് ഒൻപത് മാസമായി വെറുതേയിരുന്ന് ശമ്പളം വാങ്ങുന്ന അധ്യാപകരിൽ ഒരു വിഭാഗത്തിന് ഇലക്ഷൻ ഡ്യൂട്ടിയെന്ന് കേട്ടപ്പോൾ മുട്ടുവേദനയും വാതപ്പനിയും ഉണ്ടായത്. എന്നാൽ മാതൃകാപരമായി ചുമതല നിർവ്വഹിക്കാനെത്തിയ നിരവധി അധ്യാപകരും ഉണ്ടായിരുന്നു.