video
play-sharp-fill

കോട്ടയം സ്റ്റേഷൻ നവീകരിക്കുമ്പോൾ പുതിയ സർവീസുകൾ പരിഗണിക്കുമെന്ന പ്രതീക്ഷകൾക്കും മങ്ങൽ; ആറ് പ്ലാറ്റ് ഫോമുണ്ടായിട്ടും റിസർവേഷൻ സൗകര്യമുള്ള ഒരു എക്സ്പ്രസ്സ്‌ സർവീസ് പോലും കോട്ടയത്തിനില്ല; മെമു ട്രെയിനുകളിൽ ജോലി ആവശ്യങ്ങൾക്കായി കോട്ടയമെത്തുന്നവർക്ക് വൈകുന്നേരങ്ങളിൽ മടങ്ങാൻ ആവശ്യത്തിന് സർവീസുകളില്ല; വികസനം കെട്ടിടങ്ങളിൽ മാത്രം ഒതുങ്ങിയപ്പോൾ അവഗണനയുടെ ട്രാക്കിൽ കോട്ടയം

കോട്ടയം സ്റ്റേഷൻ നവീകരിക്കുമ്പോൾ പുതിയ സർവീസുകൾ പരിഗണിക്കുമെന്ന പ്രതീക്ഷകൾക്കും മങ്ങൽ; ആറ് പ്ലാറ്റ് ഫോമുണ്ടായിട്ടും റിസർവേഷൻ സൗകര്യമുള്ള ഒരു എക്സ്പ്രസ്സ്‌ സർവീസ് പോലും കോട്ടയത്തിനില്ല; മെമു ട്രെയിനുകളിൽ ജോലി ആവശ്യങ്ങൾക്കായി കോട്ടയമെത്തുന്നവർക്ക് വൈകുന്നേരങ്ങളിൽ മടങ്ങാൻ ആവശ്യത്തിന് സർവീസുകളില്ല; വികസനം കെട്ടിടങ്ങളിൽ മാത്രം ഒതുങ്ങിയപ്പോൾ അവഗണനയുടെ ട്രാക്കിൽ കോട്ടയം

Spread the love

കോട്ടയം: കോട്ടയം സ്റ്റേഷൻ നവീകരിക്കുമ്പോൾ മാറ്റം ഉണ്ടാകുമെന്നും പുതിയ സർവീസുകൾ പരിഗണിക്കുമെന്ന പ്രതീക്ഷകൾക്കും മങ്ങലേറ്റ് തുടങ്ങി. എറണാകുളം ജംഗ്ഷനിൽ അവസാനിക്കുന്ന പ്രൈമറി മൈന്റനനസ് ഇല്ലാത്ത ട്രെയിനുകൾ കോട്ടയത്തേയ്‌ക്ക് ദീർഘിപ്പിക്കുന്നതിൽ നിലവിൽ തടസമൊന്നുമില്ലെന്ന് പറയുമ്പോഴും 1A അടക്കം ആറു പ്ലാറ്റ് ഫോമുണ്ടായിട്ട് പോലും റിസർവേഷൻ സൗകര്യമുള്ള ഒരു എക്സ്പ്രസ്സ്‌ സർവീസ് പോലും കോട്ടയത്തിന് ഇതുവരെ നേടാൻ കഴിഞ്ഞിട്ടില്ല.

രാവിലെ എറണാകുളം ഭാഗത്തേയ്ക്കുള്ള യാത്രക്കാർ കോട്ടയത്ത് നിന്നും ചവിട്ടുപടിയിൽ തൂങ്ങിയാണ് പലപ്പോഴും യാത്ര ചെയ്യുന്നത്. കോവിഡിന് ശേഷം എറണാകുളത്ത് നിന്ന് 2.40 ന് പുറപ്പെട്ടിരുന്ന കൊല്ലം മെമുവിന്റെ സമയം മാറ്റിയതാണ് കൊല്ലം ഭാഗത്തേയ്ക്കുള്ള യാത്രക്കാരെ കൂടുതൽ ദുരിതത്തിലാഴ്ത്തിയത്.

വൈകുന്നേരം 3.30 നുള്ള 16650 കന്യാകുമാരി പരശുറാം കഴിഞ്ഞാൽ 5.40നുള്ള മെമു മാത്രമാണ് കൊല്ലം ഭാഗത്തേയ്ക്ക് കോട്ടയം ജില്ലയിൽ ജോലി ചെയ്തുമടങ്ങുന്ന യാത്രക്കാർ ആശ്രയമായിട്ടുള്ളത്. പൊളിടെക്നിക്, ബ്രിലിന്റ് കോളേജ്, ഗവണ്മെന്റ് കോളേജുകൾ അടക്കം കോട്ടയത്തെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളെ പഠന ആവശ്യങ്ങൾക്കായി എത്തുന്നവർ രണ്ടുമണിക്കൂറിലേറെ സ്റ്റേഷനുകളിൽ ട്രെയിൻ കാത്തിരിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

5.40 ന് പുറപ്പെടുന്ന എട്ടുകോച്ചുകൾ മാത്രമുള്ള കൊല്ലം മെമുവാകട്ടെ അഞ്ചുമണിയോടെ നിറഞ്ഞു കവിയും. പിന്നീടെത്തുന്നവരുടെ കാര്യം വലിയ കഷ്ടമാണ്. വിവേക് സൂപ്പർ ഫാസ്റ്റിന്റെ ഷെഡ്യൂൾ വൈകുന്നേരം കോട്ടയത്ത് നിന്ന് പുറപ്പെടുന്ന മെമുവിന് മുമ്പാണെങ്കിലും പതിവായി ലേറ്റ് ആകുന്നതിനാലും ചെങ്ങന്നൂർ, കായംകുളം സ്റ്റേഷനിൽ മാത്രം സ്റ്റോപ്പുള്ളതിനാലും മെമുവിലെ തിരക്കുകൾക്ക് പരിഹാരമാകുന്നില്ല.

വീക്കിലി, ബൈ വീക്കിലി ട്രെയിനുകൾക്കും ജനറൽ കോച്ചുകളും സ്റ്റോപ്പുകളും പരിമിതമായതിനാൽ യാത്രാക്ലേശത്തിന് കുറവൊന്നും സംഭവിക്കുന്നില്ല. കൂടാതെ ജൂൺ മാസം മുതൽ മൺസൂൺ സമയമാറ്റം പ്രാബല്യത്തിൽ വരികയും ഗംഗാനഗർ, ഗരീബ്, ലോക്മാന്യ തിലക് – കൊച്ചുവേളി പോലുള്ള ട്രെയിനുകളുടെ സമയത്തിൽ മൂന്നുമണിക്കൂറിലേറെ വ്യത്യാസം വരികയും ചെയ്യുന്നു. അതോടെ മെമുവിലെ തിരക്ക് പാരമ്യത്തിലെത്തും.

എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 1.55 നുള്ള പരശുറാമിനും വൈകുന്നേരം 5.20 നുള്ള വേണാടിനും ഇടയിൽ കൊല്ലത്തേയ്ക്ക് ഒരു മെമു വേണമെന്ന ആവശ്യവുമായി കൊടിക്കുന്നിൽ സുരേഷ് എം പി, എം കെ പ്രേമചന്ദ്രൻ എന്നിവരെ യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് സമീപിച്ചിരുന്നു. മെമുവിന്റെ റേക്ക് ലഭ്യമല്ലെന്ന് പറഞ്ഞ് റെയിൽവേ യാത്രക്കാരുടെ ആവശ്യം നിരാകരിക്കുകയായിരുന്നു.

എന്നാൽ, ഉച്ചയ്ക്ക് 1.30 ന് ഗുരുവായൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 56317 എറണാകുളം പാസഞ്ചർ കായംകുളത്തേയ്ക്കോ, കൊല്ലത്തേയ്ക്കോ ദീർഘിപ്പിച്ചാൽ വൈകുന്നേരത്തെ തിരക്കുകൾക്ക് അറുതിയാവുമെന്ന് യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നു. രാവിലെ 16791 പാലരുവി, 06169 എക്സ്പ്രസ്സ്‌ സ്പെഷ്യൽ മെമു, 16302 വേണാട്, 16650 പരശുറാം, 17229 ശബരി, 66303 മെമു ട്രെയിനുകളിൽ ജോലി ആവശ്യങ്ങൾക്കായി കോട്ടയമെത്തുന്നവർക്ക് വൈകുന്നേരങ്ങളിൽ മടങ്ങാൻ ആവശ്യത്തിന് സർവീസുകളില്ല.

എം ജി യൂണിവേഴ്‌സിറ്റി, മെഡിക്കൽ കോളേജ്, ഐടിഐ പോലുള്ള സ്ഥാപനങ്ങളിലേയ്ക്ക് തെക്കൻ ജില്ലകളിൽ നിന്ന് എളുപ്പത്തിൽ എത്തിച്ചേരാൻ രാവിലെ ഏറ്റുമാനൂർ സ്റ്റേഷനെ ആശ്രയിക്കുന്നവർക്ക് മടങ്ങി പോകാൻ 6.20 നുള്ള വേണാട് എത്തുന്നത് വരെ കാത്തിരിക്കേണ്ട അവസ്ഥയാണ്. പലരും കോട്ടയത്ത് നിന്ന് ആരംഭിക്കുന്ന കൊല്ലം മെമു പിടിക്കാൻ നാഗമ്പടത്ത് ബസ് ഇറങ്ങി ഓടുന്ന കാഴ്ചയും കാണാം. രാവിലെ ഏറ്റുമാനൂർ സ്റ്റേഷനിൽ എം ജി യൂണിവേഴ്‌സിറ്റിയുടെ രണ്ടു ബസുകൾ ജീവനക്കാരെ കാത്തുകിടക്കും.

എന്നാൽ, ഈ ബസുകൾ വൈകുന്നേരം കോട്ടയത്തേയ്‌ക്ക് ആളെ ഇറക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഗുരുവായൂർ- എറണാകുളം പാസഞ്ചർ ദീർഘിപ്പിക്കുന്നതോടെ ഈ പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരമാകുവെന്ന് യാത്രക്കാർ പറയുന്നു. രാവിലെ ഗുരുവായൂർ ദർശനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് തിരിച്ചുള്ള സർവീസും പ്രയോജനപ്പെടുന്നതാണ്.

കോവിഡിന് മുമ്പ് 6ന് കോട്ടയം എത്തിയിരുന്ന കായംകുളം – എറണാകുളം പാസഞ്ചർ റദ്ദാക്കിയത് വൈകുന്നേരം എറണാകുളത്തേയ്ക്കുള്ള യാത്രക്കാരെയും വലച്ചു. കോട്ടയത്ത് നിന്ന് എറണാകുളം ഭാഗത്തേയ്‌ക്ക് 05.20 നുള്ള പാസഞ്ചർ പോയാൽ രാത്രി 9.45 ന് ശേഷമാണ് ഏറ്റുമാനൂർ, കുറുപ്പന്തറ, വൈക്കം, സ്റ്റേഷനുകളിലേയ്ക്ക് അടുത്ത സർവീസ് ഉള്ളു. ടൗണിലെ ജീവനക്കാർക്ക് പോലും 5.20 ന് സ്റ്റേഷനിലെത്തിച്ചേരാൻ സാധിക്കാത്ത അവസ്ഥയാണ്.

പഴയ പോലെ 6 ന് ശേഷം എറണാകുളം ഭാഗത്തേയ്‌ക്ക് ഹാൾട്ട് സ്റ്റേഷനിലുൾപ്പെടെനിർത്തുന്ന ഒരു സർവീസ് അനിവാര്യമാണ്. എറണാകുളം ഭാഗത്തേയ്‌ക്ക് മെമു സർവീസുകൾക്ക് മാത്രമായി പണിപൂർത്തീകരിച്ച 1 A പ്ലാറ്റ് ഫോം വെറുതെ കിടക്കാൻ തുടങ്ങിയിട്ട് 3 വർഷത്തിലേറെയായി. പാലക്കാട് – എറണാകുളം മെമു കോട്ടയത്തേയ്‌ക്ക് ദീർഘിപ്പിക്കണമെന്ന ആവശ്യവും വെള്ളത്തിൽ വരച്ച വര പോലെയായി.

ജില്ലയിലെ യാത്രാക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് വീണ്ടും ജനപ്രതിനിധികളെ സമീപിക്കാൻ ഒരുങ്ങുകയാണ്. രാജ്യസഭാ,ലോക്സഭാ എം പിമാരെയും കേന്ദ്ര-സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളെയും മറ്റു മുതിർന്ന നേതാക്കളെയും കൊണ്ട് സമ്പന്നമായ ജില്ലയിൽ നിന്ന് നിരവധി പ്രൊപോസൽ നൽകിയിട്ടും പുതിയ ട്രെയിനുകൾ ഒന്നും നേടാൻ കഴിയാതെ അവഗണനയുടെ ട്രാക്കിലാണ് കോട്ടയം.