കോട്ടയം ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അപകീർത്തിപ്പെടുത്താൻ വാർത്ത എഴുതണം; പറ്റില്ലെന്ന് പറഞ്ഞതോടെ “തേർഡ് ഐ ന്യൂസ്” ചീഫ് എഡിറ്ററെ വഴിയിൽ തടഞ്ഞുനിർത്തി മുൻ ട്രാഫിക് എസ് ഐ അസഭ്യം പറഞ്ഞ സംഭവം; കോട്ടയം ഈസ്റ്റ് പോലീസ് എടുത്ത കേസിൽ വിചാരണ തുടങ്ങി
സ്വന്തം ലേഖകൻ
കോട്ടയം: ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അപകീർത്തിപ്പെടുത്തണമെന്നും അതിനായി വാർത്തകൾ പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെടുകയും വിശ്വാസ്യയോഗ്യമല്ലാത്ത വാർത്തയായതിനാൽ പ്രസിദ്ധീകരിക്കാൻ ആവില്ലെന്ന് പറയുകയും ചെയ്തതിനെ തുടർന്ന് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ കെ ശ്രീകുമാറിനെ വഴിയിൽ തടഞ്ഞുനിർത്തി അസഭ്യം വിളിച്ച സംഭവത്തിൽ മുൻ കോട്ടയം ട്രാഫിക് എ എസ് ഐ രാധാകൃഷ്ണനെതിരെ ഈസ്റ്റ് പോലീസ് എടുത്ത കേസിൽ മജിസ്ട്രേറ്റ് കോടതി ഒന്നിൽ വിചാരണ തുടങ്ങി. 2021ൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത്
മുൻ കോട്ടയം ഡിവൈഎസ്പി ക്കെതിരെയും വെസ്റ്റ് എസ്എച്ച്ഒയ്ക്കെതിരേയും ഇരുവരെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള
വാർത്തകൾ നല്കണമെന്ന് ആവശ്യപ്പെട്ടാണ് എഎസ്ഐ രാധാകൃഷ്ണൻ ശ്രീകുമാറിനെ വിളിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ രാധാകൃഷ്ണൻ നൽകിയ വിവരങ്ങൾ ഉന്നത ഉദ്യോഗസ്ഥരോടുള്ള വ്യക്തി വൈരാഗ്യം മൂലമാണെന്നും, ബോധപൂർവ്വം കെട്ടിച്ചമച്ചതാണെന്നും മനസിലാക്കിയ ശ്രീകുമാർ വാർത്ത പ്രസിദ്ധീകരിക്കുവാൻ സാധിക്കില്ലന്ന് പറഞ്ഞു. രാധാകൃഷ്ണൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തേർഡ് ഐ ന്യൂസ് നടത്തിയ അന്വേഷണത്തിലാണ് ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തിയത്.
പിന്നീട് കഞ്ഞിക്കുഴിയിൽ നിന്നും കോട്ടയത്തേക്ക് കാറിൽ വരികയായിരുന്ന ശ്രീകുമാറിനെ വാഹന പരിശോധന നടത്തുകയായിരുന്ന എഎസ്ഐ രാധാകൃഷ്ണൻ വഴിയിൽ തടഞ്ഞു നിർത്തി അസഭ്യം പറയുകയായിരുന്നു. തുടർന്ന് ശ്രീകുമാർ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്കി. പരാതിയിൻമേൽ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ജില്ലാ പൊലിസ് മേധാവിയോട് നിർദ്ദേശിച്ചു.
തുടർന്ന് ഈസ്റ്റ് സി ഐ ആയിരുന്ന ബിജോയി നടത്തിയ അന്വേഷണത്തിൽ രാധാകൃഷ്ണന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തി. തുടർന്ന് ജില്ലാ പൊലീസ് മേധാവി ഡി ശില്പ ഐപിഎസ് രാധാകൃഷ്ണനെ സസ്‌പെന്റ് ചെയ്യുകയായിരുന്നു. തൊട്ടുപിന്നാലെ ഈസ്റ്റ് പൊലീസ് ക്രൈം നമ്പർ 351/21 ആയി IPC 294 (B),341 വകുപ്പുകൾ പ്രകാരം രാധാകൃഷ്ണനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഈ കേസിലാണ് ഇപ്പോൾ കോട്ടയം മജിസ്ട്രേറ്റ് കോടതി ഒന്നിൽ വിചാരണ തുടങ്ങിയത്.