രണ്ട് ടേം പൂർത്തിയാക്കിയവർ തെരഞ്ഞെടുപ്പിൽ നിന്നും മാറണമെന്ന വ്യവസ്ഥ കർശനമാക്കാനൊരുങ്ങി സി.പി.എം സെക്രട്ടറിയേറ്റ് ; സ്ഥാനാർത്ഥിയാകാൻ ടിക്കറ്റില്ലാതെ അഞ്ച് മന്ത്രിമാരും സ്പീക്കറുമടക്കം 25ലേറെ പേർ : വിജയസാധ്യത ഏറെയുള്ളവരെ ഒഴിവാക്കിയപ്പോൾ വിവാദങ്ങളുടെ തോഴനായ കെ.ടി ജലീലിനെ മത്സരിപ്പിക്കാനൊരുങ്ങി സി.പി.എം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തുടർച്ചയായി രണ്ട് ടേം പൂർത്തിയാക്കിയവർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കണ്ടെന്ന തീരുമാനം കർക്കശമാക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. വ്യവസ്ഥ കർക്കശമാക്കുന്നതോടെ നിലവിലെ അഞ്ച് മന്ത്രിമാരും സ്പീക്കറുമടക്കം ഇരുപത്തിയഞ്ചോളം പേരാണ് മത്സരക്കളത്തിന് പുറത്തേക്ക് പോകുന്നത്.
എന്നാൽ വിവാദങ്ങളുടെ തോഴനായ കെ.ടി ജലീൽ ഇത്തവണയും മത്സര രംഗത്ത് ഉണ്ടാകും. കഴിഞ്ഞ 3 തവണ സി.പി.എം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചതിനാലാണ് ഇത്തവണ ജലീൽ കളത്തിലിറങ്ങുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തോമസ് ഐസക് (ആലപ്പുഴ), ജി.സുധാകരൻ (അമ്പലപ്പുഴ), പ്രൊഫ. സി.രവീന്ദ്രനാഥ് (പുതുക്കാട്) എ.കെ.ബാലൻ (തരൂർ), ഇ.പി.ജയരാജൻ (മട്ടന്നൂർ) എന്നിവരാണ് ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിൽ ടിക്കറ്റില്ലാതാകുന്ന മന്ത്രിമാർ.
പൊളിറ്റ് ബ്യൂറോയിൽ നിന്നും ഇത്തവണ മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാകും മത്സര രംഗത്ത് ഉണ്ടാകുക. നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിപ്പട്ടികയിൽ 50 ശതമാനവും പുതുമുഖങ്ങളാകും ഉണ്ടാകുക. ഇന്നു ചേരുന്ന സംസ്ഥാന കമ്മിറ്റിയിൽ ഇതുമായി ബന്ധപ്പെട്ട് തീരുമാനമുണ്ടാകുക.
സ്പീക്കർ പി.ശ്രീരാമകൃഷ്ണനൊപ്പം വി.എസ്. അച്യുതാനന്ദൻ (മലമ്പുഴ), മുൻ മന്ത്രി എസ്. ശർമ്മ (വൈപ്പിൻ) എന്നിവരും ‘എക്‌സിറ്റ്’ പട്ടികയിലുണ്ട്. വിശ്രമത്തിലുള്ള വി.എസ് ഇത്തവണ ഇതാദ്യമായി പ്രചാരണം നയിക്കാനുണ്ടാവില്ല. മുഖ്യമന്ത്രി തന്നെയാവും പ്രചാരണത്തിലും നായകസ്ഥാനത്ത്.
കൽപറ്റ എൽ.ജെ.ഡിക്ക് വിട്ടുനൽകേണ്ടി വരുമ്പോൾ അവിടെ ഒരു ടേം മാത്രം എം.എൽ.എയായ സി.കെ. ശശീന്ദ്രനും ബേപ്പൂരിൽ സാദ്ധ്യതാ പട്ടികയിലില്ലാത്ത വി.കെ.സി. മമ്മദ് കോയയും ഒഴിവായേക്കാം. അന്തരിച്ച കെ.വി.വിജയദാസിനു പകരം കോങ്ങാട്ടും പുതിയ മുഖമായിരിക്കും എത്തുക.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചവരിൽ ഒന്നോ രണ്ടോ പേർക്ക് ഇളവുണ്ടാകുമെന്നാണ് സൂചന. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം.വി.ഗോവിന്ദൻ, കെ.രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി.പി.രാമകൃഷ്ണൻ, കെ.എൻ. ബാലഗോപാൽ തുടങ്ങിയവർ പുതിയ സാദ്ധ്യതാപട്ടികയിൽ പ്രചരിക്കുന്ന പേരുകാരാണ്.
ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിൽ നിന്നും ഒഴിവാകുന്ന സി.പി.എം നേതാക്കൾ ഇവരൊക്കെ
മന്ത്രിമാർ
ഇ.പി.ജയരാജൻ, എ.കെ.ബാലൻ, തോമസ് ഐസക്, ജി.സുധാകരൻ, പ്രൊഫ.സി.രവീന്ദ്രനാഥ്
എം.എൽ.എമാർ
രാജു എബ്രഹാം (റാന്നി), എ. പ്രദീപ്കുമാർ (കോഴിക്കോട് നോർത്ത്), പി.അയിഷ പോറ്റി (കൊട്ടാരക്കര), ബി.സത്യൻ (ആറ്റിങ്ങൽ), ആർ.രാജേഷ് (മാവേലിക്കര), കെ.സുരേഷ് കുറുപ്പ് (ഏറ്റുമാനൂർ), എസ്. രാജേന്ദ്രൻ (ദേവികുളം), പി.ഉണ്ണി (ഒറ്റപ്പാലം), കെ.വി.അബ്ദുൾഖാദർ (ഗുരുവായൂർ), ബി.ഡി.ദേവസ്സി (ചാലക്കുടി), കെ.ദാസൻ (കൊയിലാണ്ടി), ടി.വി. രാജേഷ് (കല്യാശ്ശേരി), ജെയിംസ് മാത്യു (തളിപ്പറമ്പ്), സി.കൃഷ്ണൻ (പയ്യന്നൂർ), കെ.കുഞ്ഞിരാമൻ (ഉദുമ).
വീണ്ടും മത്സരിക്കുന്ന മന്ത്രിമാർ
കടകംപ്പള്ളി സുരേന്ദ്രൻ, കെ.കെ.ശൈലജ, ജെ.മേഴ്‌സിക്കുട്ടിഅമ്മ, എ.സി. മൊയ്തീൻ, ടി.പി.രാമകൃഷ്ണൻ, എം.എം.മണി, കെ.ടി.ജലീൽ. സി.പി.എം സ്വതന്ത്രനായാണ് ജലീൽ കഴിഞ്ഞ മൂന്നു തവണയും മത്സരിച്ചത്. അതുകൊണ്ട് ടേം നിബന്ധന ബാധകമാകില്ല.