
സ്വന്തം ലേഖകൻ
കൊച്ചി : കെ ടി ജലീലിൽ നിന്ന് മൊഴി എടുത്തത് സ്വയം സന്നദ്ധത അറിയിച്ച പശ്ചാത്തലത്തിൽ എന്ന സ്വകാര്യ വാർത്താ ചാനലിന്റെ വാർത്തയോട് പ്രതികരിച്ച് കെ ടി ജലീൽ. എ ആർ ബാങ്ക് ക്രമക്കേടിൽ നിലവിൽ കേസ് എടുക്കാൻ കഴിയില്ലെന്നാണ് ഇഡിയുടെ പക്ഷം.
ജലീലിന്റെ ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം;

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു സ്വകാര്യ വാർത്താ ചാനൽ, ഞാൻ സ്വയം സന്നദ്ധനായി ചെന്ന് ഇ.ഡി ക്ക് മൊഴി കൊടുത്തതാണെന്ന് സംപ്രേക്ഷണം ചെയ്തതായി കണ്ടു. അത് ഇ.ഡി പറഞ്ഞതാകാൻ ഒരിക്കലും തരമില്ല. ഇ.ഡി എനിക്കയച്ച സമൻസ് ഇതോടൊപ്പം ഇമേജായി ചേർക്കുന്നു. ‘ചന്ദ്രിക’ പത്രവുമായി ബന്ധപ്പെട്ട് നടന്ന കള്ളപ്പണ ഇടപാട് സംബന്ധമായും ചന്ദ്രികയുടെ എക്കൗണ്ടിൽ നിന്ന് 4.5 കോടി ചെലവിട്ട് ഹൈദരലി തങ്ങളുടെ പേരിലും പ്രമുഖ ലീഗ് നേതാവിൻ്റെ മകൻ്റെ പേരിലുമായി വാങ്ങിയ സ്ഥലത്തിൻ്റെ രേഖകളും പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മകൻ ആഷിഖിൻ്റെ പേരിൽ സ്വദേശത്തും വിദേശത്തുമുള്ള നിക്ഷേപങ്ങളെ സംബന്ധിക്കുന്ന വിവരങ്ങളും ഉൾപ്പടെ ഏഴ് കാര്യങ്ങളിലുള്ള രേഖകളും വിവരങ്ങളും കഴിയുന്നിടത്തോളം ഹാജരാക്കാൻ ഇ.ഡി നിർദ്ദേശിച്ചിട്ടുണ്ട്. എൻ്റെ സൗകര്യപ്രകാരം 9.9.2021 ന് വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് നൽകാമെന്നാണ് ഏറ്റിരിക്കുന്നത്. വിവര ശേഖരണത്തിൻ്റെ തിരക്കിലാണിപ്പോൾ.
എആർ നഗർ ബാങ്കിലെ കള്ളപ്പണ ഇടപാടിൻ്റെ കാര്യം ഇ.ഡി യോട് സൂചിപ്പിച്ചിട്ടേയില്ല. അതുമായി ബന്ധപ്പെട്ട നൂറ് പേജടങ്ങുന്ന അന്വേഷണ റിപ്പോർട്ടിൻ്റെ കോപ്പി ഇന്നലെയാണ് കയ്യിൽ കിട്ടിയത്. അത് സസൂക്ഷ്മം പഠിച്ചു വരികയാണ്. വിവരങ്ങൾ ജനങ്ങളെ അറിയിക്കാൻ തിങ്കളാഴ്ച ഉച്ചക്ക് ശേഷം മാധ്യമങ്ങളെ കാണുന്നുണ്ട്. വിശദാംശങ്ങൾ അപ്പോൾ പറയാം.
മച്ചാനേ, എആർ നഗർ പൂരം വരാനിരിക്കുന്നതേയുള്ളൂ.
ആരെയെങ്കിലും വെളുപ്പിച്ചെടുക്കാമെന്നും പറഞ്ഞ് ഏതെങ്കിലും ചാനലുകളുടെ ഏറണാങ്കുളം ലേഖകൻമാർ ആരിൽനിന്നെങ്കിലും വല്ലതും അച്ചാരം പറ്റിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുക്കലാകും നല്ലത്. അല്ലെങ്കിൽ മുട്ടിൽ മരംമുറി കേസ് പോലെയാകും.