യൂത്ത് ഫ്രണ്ട് എമ്മിന്റെ കളക്‌ട്രേറ്റ് മാർച്ചിൽ സംഘർഷം ; ലാത്തിചാർജിൽ സജി മഞ്ഞക്കടമ്പന്റെ തലപൊട്ടി ; കോട്ടയം കെ.കെ റോഡിൽ അരമണിക്കൂറോളം സംഘർഷാവസ്ഥ ; ഗതാഗതം തടസപ്പെട്ടു : വീഡിയോ ഇവിടെ കാണാം
സ്വന്തം ലേഖകൻ
കോട്ടയം : മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് എമ്മിന്റെയും യൂത്ത് ഫ്രണ്ടിന്റെയും നേതൃത്വത്തിൽ നടത്തിയ കളക്‌ട്രേറ്റ് മാർച്ചിൽ സംഘർഷം. പി.ജെ ജോസഫ് വിഭാഗം നടത്തിയ കളക്‌ട്രേറ്റ് മാർച്ചിലാണ് സംഘർഷം ഉണ്ടായത്.
സംഘർഷത്തെ തുടർന്ന് പൊലീസ് രണ്ട് തവണ ലാത്തിവീശി. ജലപീരങ്കിയും പ്രയോഗിച്ചു. പൊലീസ് ലാത്തിചാർജിൽ കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിന്റെ തലപൊട്ടി. തല പൊട്ടിയ മഞ്ഞക്കടമ്പലിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ 11 മണിയോടെ ആയിരുന്നു സംഘർഷം. ജലീലിന്റെ രാജി ആവശ്യപ്പെട്ട് നൂറോളം വരുന്ന യൂത്ത് ഫ്രണ്ട് – കോൺഗ്രസ് പ്രവർത്തകരാണ് കളക്ട്രറ്റിലേക്ക് മാർച്ച് നടത്തിയത്. പൊലീസ് ബാരിക്കേഡ് ഉയർത്തി ഇവരെ തടയാൻ ശ്രമിച്ചു. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.
തുടർന്ന് പിരിഞ്ഞ് പോകാതിരുന്ന പ്രവർത്തകരെ പൊലീസ് ലാത്തിചാർജ് ചെയ്യുകയായിരുന്നു. രണ്ട് റൗണ്ട് ലാത്തി വീശിയിട്ടും കെ.കെ റോഡിൽ കുത്തിയിരുന്ന പ്രവർത്തകർ പിരിഞ്ഞു പോകാതെ വന്നതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
ഈ ജലപീരങ്കി പ്രയോഗത്തിനിടെ റോഡിൽ മറിഞ്ഞുവീണ സജി മഞ്ഞക്കടമ്പനെ പൊലീസ് ലാത്തി ചാർജ്ജ് ചെയ്യുകയായിരുന്നു. ലാത്തി ചാർജിൽ തലപൊട്ടിയ സജി മഞ്ഞക്കടമ്പനുമായി കെ.കെ റോഡിന് നടുവിൽ കുത്തിയിരുന്ന പ്രവർത്തകർ റോഡ് ഉപരോധിച്ചു.
ഇതേ തുടർന്ന് പൊലീസ് വീണ്ടും രണ്ട് തവണകൂടി ലാത്തി ചാർജ് പ്രയോഗിച്ചു. ഇതേ തുടർന്നാണ് കെ.കെറോഡിൽ ഗതാഗതം തടസപ്പെട്ടത്. തുടർന്ന് ഇവിടെ നിന്നും സജി മഞ്ഞക്കടമ്പനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ കെ.കെ റോഡിൽ സംഘർഷാവസ്ഥ തുടരുകയാണ്.
പ്രവർത്തകർ കെ.കെ റോഡിൽ പിരിഞ്ഞുപോവാൻ തയ്യാറായിട്ടില്ല. പൊലീസും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ഏത് നിമിഷവും സംഘർഷം ഉണ്ടാകാവുന്ന അവസ്ഥയാണ് ഇവിടെ.