രണ്ട് ടേം നയം സി.പി.എം മുറുകെപ്പിടിച്ചാൽ ഏറ്റുമാനൂരിൽ കുറുപ്പിന് സീറ്റില്ല; ഐസക്കും ശ്രീരാമകൃഷ്ണനും മാറി നിൽക്കേണ്ടി വരും; സി.പി.എമ്മന്റെ സ്ഥാനാർത്ഥിപട്ടികയിൽ ഇക്കുറി എത്തുക പുതുമുഖങ്ങൾ
തേർഡ് ഐ ബ്യൂറോ
കോട്ടയം: തുടർച്ചയായി രണ്ടു തവണ എം.എൽ.എമാരായവർ മാറി നിൽക്കണമെന്ന സംസ്ഥാന കമ്മിറ്റിയുടെ നയം തുടരാൻ തീരുമാനിച്ചാൽ ഏറ്റുമാനൂരിൽ സുരേഷ്‌കുറുപ്പിന് അടക്കം സീറ്റുണ്ടാകില്ലെന്നു ഉറപ്പായി. കെ.സുരേഷ് കുറുപ്പും, തോമസ് ഐസക്കും സ്പീക്കർ ശ്രീരാമകൃഷ്ണനും അടക്കമുള്ളവരാണ് ഈ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. എന്നാൽ, വിജയസാധ്യതയുള്ളവരുടെ കാര്യത്തിൽ ഈ കടുംപിടുത്തം വേണ്ടെന്നു സി.പി.എം നിലപാട് എടുക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
അങ്ങനെ വന്നാൽ പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ ഒരു പട തന്നെ ഇത്തവണ സീറ്റ് കിട്ടാതെ പുറത്തുനിൽക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ പരീക്ഷിച്ച് വിജയിച്ചത് പോലെ പുതുമുഖങ്ങളെ അണിനിരത്തി കേരളം പിടിക്കാനാകും സി പി എം ലക്ഷ്യമിടുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, രണ്ടുടേം മത്സരിച്ചു ജയിച്ച സാമാജികരെ പൂർണമായും ഒഴിവാക്കി ഒരു നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുകയെന്നത് പാർട്ടിക്ക് വലിയ വെല്ലുവിളിയാണ്. തുടർഭരണം ലക്ഷ്യമിട്ടുളള പോരാട്ടത്തിൽ അനിവാര്യരായവരെ മാറ്റി നിർത്തേണ്ടയെന്നാണ് സി പി എം തീരുമാനം. തുടർച്ചയായി നാലുവട്ടം മലമ്പുഴയിൽ നിന്നും വിജയിച്ച വി എസ് അച്ചുതാനന്ദൻ ഇത്തവണ മത്സരരംഗത്തുണ്ടാവില്ലെന്നുറപ്പാണ്. ആരോഗ്യപ്രശ്നങ്ങൾ കാരണം വി എസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനുമുണ്ടാകില്ല.
മന്ത്രിമാരിൽ എ കെ ബാലൻ, ജി സുധാകരൻ, തോമസ് ഐസക്ക്, ഇ പി ജയരാജൻ, സി രവീന്ദ്രനാഥ് എന്നിവർ രണ്ടും അതിൽ കൂടുതൽ ടേമും പൂർത്തിയാക്കിയവരാണ്. നിബന്ധന പാലിക്കുകയാണെങ്കിൽ ആറ്റിങ്ങലിൽ ബി സത്യൻ, കൊട്ടാരക്കരയിൽ ഐഷ പോറ്റി, ചാലക്കൂടിയിൽ ബി ഡി ദേവസി, ബാലുശേരിയിൽ പുരുഷൻ കടലുണ്ടി, പയ്യന്നൂരിൽ സി കൃഷ്ണൻ, കൊയിലാണ്ടിയിൽ കെ ദാസൻ, കല്യാശേരിയിൽ ടി വി രാജേഷ്, തളിപറമ്പിൽ ജയിംസ് മാത്യൂ, ഉദുമയിൽ കെ കുഞ്ഞിരാമൻ തുടങ്ങിയവർക്ക് ഇക്കുറി മത്സരിക്കാനാകില്ല.
മാവേലിക്കരയിൽ ആർ രാജേഷ്, റാന്നിയിൽ രാജു ഏബ്രഹാം, ദേവികുളത്ത് എസ് രാജേന്ദ്രൻ, വൈപ്പിനിൽ എസ് ശർമ്മ, ഗുരുവായൂർ കെ വി അബ്ദുൾ ഖാദർ, പൊന്നാനിയിൽ പി ശ്രീരാമകൃഷ്ണൻ, കോഴിക്കോട് നോർത്തിൽ എ പ്രദീപ് കുമാർ എന്നിവർ രണ്ടോ അതിലധികമോ ടേമുകളായി വിജയിക്കുന്നുണ്ടെങ്കിലും പ്രാദേശികസാഹചര്യം കൂടി കണക്കിലെടുത്ത് ആവശ്യമെങ്കിൽ ഇളവ് ലഭിക്കും.