ചൈതന്യമുള്ളൊരു നേതാവിനെ താറടിച്ച് കാണിക്കുന്നതിനുള്ള ശ്രമമാണ് കെ. സുരേന്ദ്രനെതിരെ നടക്കുന്നത് ; പി. എസ് ശ്രീധരൻപിള്ള
സ്വന്തം ലേഖിക
കൊച്ചി: കോന്നിയിലെ എൻഡിഎ സ്ഥാനാർത്ഥിയായ കെ സുരേന്ദ്രനെ താറടിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ. പിഎസ് ശ്രീധരൻ പിള്ള. ചൈതന്യമുള്ളൊരു നേതാവിനെ താറടിച്ച് കാണിക്കാനുള്ള ശ്രമമാണ് കെ സുരേന്ദ്രനെതിരെ നടക്കുന്നതെന്ന വാദവുമായാണ് ശ്രീധരൻപിള്ള രംഗത്തെത്തിയിട്ടുള്ളത്. എറണാകുളത്ത് എൻഡിഎ സ്ഥാനാർത്ഥി സിജി രാജഗോപാലിന്റെ പ്രചാരണത്തിനായി എത്തിയതായിരുന്നു അദ്ദേഹം.
കോന്നിയിലെ സ്ഥാനാർത്ഥിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന പ്രചരണങ്ങളെ ബി.ജെ.പി നേതാക്കൾ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലേക്കുള്ള കാനന പാതയിൽ വച്ച് കെ. സുരേന്ദ്രൻ ലഹരി വസ്തു ഉപയോഗിക്കുന്നുവെന്ന ആരോപണത്തോടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സുരേന്ദ്രന് വേണ്ടി പി.എസ്. ശ്രീധരൻ പിള്ള രംഗത്തെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സാമുദായിക സംഘടനകൾ ബിജെപിയെ ചെറുത്തു തോൽപ്പിക്കുമെന്ന് കരുതുന്നില്ല. ഉപതെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് മികച്ച മുന്നേറ്റമുണ്ടാകും. ഇടത് – വലത് മുന്നണികൾ തമ്മിലുള്ള അവിശുദ്ധ ബന്ധം അവസാനിപ്പിക്കണം. നൂറു സീറ്റുള്ള തിരുവനന്തപുരം നഗരസഭയിൽ 44 സീറ്റ് വച്ച് എൽഡിഎഫ് എങ്ങനെ ഭരണം തുടരുന്നു എന്ന് സിപിഎം വിശദീകരിക്കണമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. മഞ്ചേശ്വരത്തും വട്ടിയൂർക്കാവിലും മണ്ഡലങ്ങളിൽ ഇരുപാർട്ടികളുടെയും അവിശുദ്ധ കൂട്ടുകെട്ടാണ്. ജനങ്ങൾ ഇത് തിരിച്ചറിഞ്ഞ് ഇടത് വലത് മുന്നണികൾക്ക് മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു