കേരള ബിജെപിയിൽ തലമുറ മാറ്റത്തിന് തുടക്കം : സംസ്ഥാന അധ്യക്ഷനായി കെ.സുരേന്ദ്രൻ ചുമതലയേറ്റു ; തലസ്ഥാന നഗരിയിൽ ഗംഭീര വരവേൽപ്പ് നൽകി പ്രവർത്തകർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരള ബിജെപിയിൽ പുതിയ മാറ്റത്തിന് തുടക്കം. ബിജെപി സംസ്ഥാന അധ്യക്ഷനായി കെ.സുരേന്ദ്രൻ ചുമതലയേറ്റു. തലസ്ഥാന നഗരിയിൽ കെയസുരേന്ദ്രന് ഗംഭീര വരവേൽപ്പ് നൽകി പാർട്ടി പ്രവർത്തകരും. ശനിയാഴ്ച രാവിലെ പത്ത് മണിക്ക് തിരുവനന്തപുരത്തെ പാർട്ടി ആസ്ഥാനമായ മാരാർജി ഭവനിലേക്ക് എത്തിയ സുരേന്ദ്രന് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ പാർട്ടി പ്രവർത്തകർ ഗംഭീര വരവേൽപ്പാണ് നൽകിയത്. റോഡ്‌ഷോയായി പ്രത്യേക വാഹനത്തിലാണ് പുതിയ അധ്യക്ഷൻ ആസ്ഥാനത്തേക്ക് പോയത്.
തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു കെ.സുരേന്ദ്രന് സ്വീകരണമൊരുക്കിയത്. ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് അടക്കമുള്ളവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണ ചടങ്ങ്. വി മുരളീധരൻ ഉൾപ്പെടെയുള്ള കേന്ദ്ര നേതാക്കളും സുരേന്ദ്രനെ സ്വീകരിക്കാൻ എത്തിയിരുന്നു. എംഎൽഎ ഒ രാജഗോപാൽ ,ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരും ബിജെപി ആസ്ഥാനത്ത് എത്തിയിട്ടുണ്ടായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രത്യേക താൽപര്യപ്രകാരം പിപി മുകുന്ദൻ അടക്കമുള്ള നേതാക്കളുടെ സാന്നിധ്യവും ഉണ്ട്. അഭിവാദ്യം അർപ്പിച്ചുള്ള മുദ്രാവാക്യം വിളികളുടെ പ്ലക്കാർഡ് ഉയർത്തിയ പ്രവർത്തകരുടെ അകമ്ബടിയിൽ പുറത്തേക്ക് വന്ന സുരേന്ദ്രനെ വാഹനങ്ങളുടെ അകമ്ബടിയോടെ പാർട്ടി ആസ്ഥാനത്തെത്തിച്ചു. ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം സ്വീകരണ പരിപാടിയിലും പങ്കെടുക്കും. കുന്നുകുഴിയിലെ ബിജെപി ആസ്ഥാനത്ത് വച്ചായിരുന്നു സ്ഥാനമേറ്റടുക്കൽ ചടങ്ങ് നടന്നത്.
നീണ്ട ഇടവേളക്കും അനിശ്ചിതത്വത്തിനും ഒടുവിലാണ് കേരളത്തിൽ ബിജെപിക്ക് അധ്യക്ഷനെ ലഭിക്കുന്നത്. കെ സുരേന്ദ്രൻ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനായി ചുമതലയേൽക്കുമ്പോൾ അത് കേരളാ ബിജെപിയിൽ തലമുറ മാറ്റത്തിന്റെ കൂടി തുടക്കമാകും. പിഎസ് ശ്രീധരൻ പിള്ള സ്ഥാനമൊഴിഞ്ഞ് ഒരു ഇടവേളക്ക് ശേഷമാണ് കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് എത്തുന്നത്.