
തേർഡ് ഐ ബ്യൂറോ
കോഴിക്കോട്: സംസ്ഥാനത്ത് കുഴൽപ്പണ വിവാദം കത്തി നിൽക്കുന്നതിനിടെ സുരേന്ദ്രനെ പ്രതിരോധത്തിലാക്കിയ വെളിപ്പെടുത്തൽ നടത്തിയ പ്രസീദ വീണ്ടും രംഗത്ത്. ശക്തമായി ആക്രമണം നടത്തിയ പ്രസീദ താൻ ലക്ഷ്യമിടുന്നത് എന്താണെന്നും വ്യക്തമാക്കിക്കഴിഞ്ഞു. സുരേന്ദ്രനെതിരായ പരസ്യമായ ആക്രമണത്തിനാണ് പ്രസീദ ഇതോടെ തുടക്കമിട്ടിരിക്കുന്നത്.
സി.കെ. ജാനുവിന് കോഴ നൽകിയെന്ന ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനെതിരായ കേസിൽ അന്വേഷണ സംഘം സമീപിച്ചാൽ തെളിവ് നൽകുമെന്ന് ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന ട്രഷറർ പ്രസീത. ഇതുമായി ബന്ധപ്പെട്ട് ഏതുരീതിയിലുളള അന്വേഷണം വന്നാലും സഹകരിക്കും. തന്റെ കയ്യിലുള്ള രേഖകളടക്കം നൽകാമെന്നും അവർ പറഞ്ഞു. അതേസമയം, ബത്തേരിയിൽ എൻ.ഡി.എയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നൽകിയ പണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും പ്രസീത ആവശ്യപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോഴ നൽകിയെന്ന ആരോപണത്തിൽ സുരേന്ദ്രന് എതിരെ കേസെടുക്കാൻ ഇന്നാണ് കോടതി ഉത്തരവിട്ടത്. യൂത്ത് ലീഗ് ജില്ലാ പ്രസിഡൻറ് പി.കെ. നവാസ് നൽകിയ ഹർജിയിലാണ് കൽപ്പറ്റ കോടതിയുടെ നടപടി. ഐ.പി.സി 171 ഇ, 171 എഫ് വകുപ്പുകൾ പ്രകാരം കേസെടുക്കാനാണ് ഉത്തരവ്. ജാനുവിന് പണം നൽകുന്നതുമായി ബന്ധപ്പെട്ട് സുരേന്ദ്രനുമായി നടത്തിയ ഫോൺ സംഭാഷണങ്ങളുടെ ഓഡിയോ ക്ലിപ്പ് പ്രസീത കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവിട്ടിരുന്നു.
തിരഞ്ഞെടുപ്പിൽ ക്രമവിരുദ്ധമായ നടപടികൾ സ്വീകരിക്കുക, കോഴ നൽകുക തുടങ്ങിയ കുറ്റങ്ങളാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. കുടകര കുൽപ്പണം, ജാനുവിനും സുന്ദരയ്ക്കും കോഴ നൽകിയെന്ന ആരോപണം എന്നിവ തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി നേതൃത്വത്തിനെതിരെ ഉയർന്നുവന്ന പ്രധാന ആരോപണങ്ങളാണ്. ഇതിനിടെയാണ് സംസ്ഥാന അദ്ധ്യക്ഷനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്.