കെഎസ് യു പ്രവര്‍ത്തകരെ മുഖംമൂടി ധരിപ്പിച്ച സംഭവത്തില്‍ വടക്കാഞ്ചേരി സിഐ ഷാജഹാനെ സ്ഥലം മാറ്റി. തിരുവനന്തപുരം പൊലീസ്: ആസ്ഥാനത്തേക്കാണ് മാറ്റിയത് : ഇത്തരക്കാരെ പിരിച്ചു വിടണമെന്ന് ഷാഫി പറമ്പിൽ എം.പി.

Spread the love

തൃശൂര്‍: കെഎസ് യു പ്രവര്‍ത്തകരെ മുഖംമൂടി ധരിപ്പിച്ച സംഭവത്തില്‍ വടക്കാഞ്ചേരി സിഐ ഷാജഹാനെ സ്ഥലം മാറ്റി. തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തേക്കാണ് മാറ്റിയത്.
തൃശൂരിലെ മുള്ളൂര്‍ക്കരയില്‍ കെഎസ് യു എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതികളായ കെഎസ് യു പ്രവര്‍ത്തകരുടെ മുഖത്ത് കറുത്ത തുണിയിട്ട് കോടതിയില്‍ ഹാജരാക്കിയതില്‍ ഷാജഹാന് നേരത്തെ ഷോകോസ് നോട്ടീസ് നല്‍കിയിരുന്നു.

വടക്കാഞ്ചരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഷാജഹാന് നോട്ടീസ് അയച്ചത്. വിദ്യാര്‍ത്ഥികളെ മുഖംമൂടി ധരിപ്പിച്ച്‌ ഹാജരാക്കിയതിന് പിന്നാലെയായിരുന്നു നടപടി. രാഷ്ട്രീയ സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ ഉള്ളവരെ ഇത്തരം കറുത്ത മാസ്‌കും കൈ വിലങ്ങും ഇട്ട് കൊണ്ട് വന്നത് എന്തിന് എന്നും കോടതി അന്ന് ചോദിച്ചിരുന്നു.

കെഎസ്.യു പ്രവര്‍ത്തകരുടെ മുഖത്ത് കറുത്ത തുണിയിട്ട് കോടതിയില്‍ ഹാജരാക്കിയത് വലിയ രീതിയില്‍ വിവാദമായിരുന്നു. കൊടും കുറ്റവാളികളെയും ഭീകരവാദികളെയുമാണ് സാധാരണയായി മുഖംമൂടി ധരിപ്പിച്ച്‌ കോടതിയില്‍ ഹാജരാക്കുന്നത് എന്ന് ചൂണ്ടിക്കാണിച്ച്‌ കെഎസ് യു പ്രതിഷേധം നടത്തിയിരുന്നു. പൊലീസിന്റെ കസ്റ്റഡി മര്‍ദ്ദനങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നതിനിടയിലായിരുന്നു കെഎസ് യുക്കാരെ മുഖംമൂടി ധരിപ്പിച്ച്‌ ഹാജരാക്കിയ സംഭവവും നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം കെഎസ് യു പ്രവര്‍ത്തകരെ മുഖം മൂടിയിട്ടും കയ്യാമം വച്ചും കോടതിയില്‍ ഹാജരാക്കിയ വടക്കാഞ്ചേരി സിഐ ഷാജഹാനെതിരായ സസ്‌പെന്‍ഷന്‍ നടപടി മാത്രം പോരെന്ന് ഷാഫി പറമ്പില്‍ എംപി പ്രതികരിച്ചു. സ്ഥലം മാറ്റി ഓമനിക്കുകയല്ല പിരിച്ചുവിട്ട് ശിക്ഷിക്കുകയാണ് വേണ്ടത് എന്ന് ഷാഫി പറമ്പില്‍ പ്രതികരിച്ചു. ഷാജഹാന്‍ ഒരു ഏരിയ സെക്രട്ടറി പെരുമാറുന്നതിലും മോശമായി രാഷ്ട്രീയ പക്ഷപാതത്തോടെയാണ് ഇടപെട്ടത്.

കൊടി സുനിക്ക് രണ്ടെണ്ണം വീശാനും ടച്ചിങ്സും കൊടുത്ത സര്‍ക്കാര്‍ സംവിധാനങ്ങളാണ് കെഎസ് യു പ്രവര്‍ത്തകരെ മുഖംമൂടി ധരിപ്പിച്ച്‌ കോടതിയില്‍ കൊണ്ട് പോയത്.
തീവ്രവാദികളെ പോലെയാണ് കെഎസ്‌യു പ്രവര്‍ത്തകരെ പൊലീസ് മുഖംമൂടി അണിയിച്ച്‌ കോടതിയിലെത്തിച്ചത്. കേരള പൊലീസ് പെരുമാറുന്നത് പാര്‍ട്ടി ഗുണ്ടകളെ പോലെയെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു. ഷാജഹാനെ ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കണമെന്ന സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നു.

അതേസമയം റിമാന്‍ഡില്‍ കഴിയുന്ന മൂന്ന് കെഎസ് യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ നാളെ വടക്കാഞ്ചേരി കോടതി പരിഗണിക്കും. എസ്‌എഫ്‌ഐ പ്രവര്‍ത്തകരില്‍ നിന്നും മര്‍ദ്ദനമേറ്റ് തൃശൂര്‍ കോപ്പറേറ്റീവ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ മൊഴിയെടുക്കാനോ കേസ് എടുക്കാനോ പൊലീസ് ഇതുവരെയും തയ്യാറായിട്ടില്ല.