കെ.എസ്.യുവിന്റെ നിരാഹാര സമരവും സംഘർഷവും: പ്രവർത്തകർ കഴിച്ചു തീർത്തത് 120 മോദകം, 20 ഉഴുന്നുവട, 40 ചായ; ലാവിഷായി ഭക്ഷണം കഴിച്ചെങ്കിലും പണം നൽകാതെ നേതാക്കൾ മുങ്ങി; ആരോട് കാശ് ചോദിക്കുമെന്നറിയാതെ ഹോട്ടൽ ഉടമ

കെ.എസ്.യുവിന്റെ നിരാഹാര സമരവും സംഘർഷവും: പ്രവർത്തകർ കഴിച്ചു തീർത്തത് 120 മോദകം, 20 ഉഴുന്നുവട, 40 ചായ; ലാവിഷായി ഭക്ഷണം കഴിച്ചെങ്കിലും പണം നൽകാതെ നേതാക്കൾ മുങ്ങി; ആരോട് കാശ് ചോദിക്കുമെന്നറിയാതെ ഹോട്ടൽ ഉടമ

സ്വന്തം ലേഖകൻ
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തെച്ചൊല്ലി സെക്രട്ടറിയേറ്റിനു മുന്നിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് നിരാഹാര സമരം കിടക്കുമ്പോൾ പ്രവർത്തകർ തൊട്ടപ്പുറത്തെ ഹോട്ടലിൽ നിന്നും ലാവിഷായി ഭക്ഷണം തട്ടി. 120 മോദകം, 20 ഉഴുന്നുവട, 40 ചായ എന്നിവയാണ് യൂത്ത് കോൺഗ്രസുകാർ സെക്രട്ടറിയേറ്റിനു സമീപത്തെ ഹോട്ടൽ ഉടമ ദിലീപിന്റെ കടയിൽ നിന്നും അകത്താക്കിയത്.  തിരുവനന്തപുരം പ്രസ് ക്ലബ്ബിനടുത്തായി ക്യാന്റീൻ നടത്തുകയാണ് ദിലീപ്. ഭക്ഷണം കഴിച്ച ശേഷം പണത്തിനായി നേതാക്കളെ സമീപിച്ചെങ്കിലും എല്ലാവരും കൈമലർത്തി. ഇതോടെയാണ് തന്റെ പോക്കറ്റിൽ നിന്നും പണം ചോരുന്ന വഴി ദിലീപിന് മനസിലായത്.
കഴിച്ച ഭക്ഷണത്തിനു പൈസ ചോദിച്ച ദിലീപിനോട് അത് ‘അണ്ണൻ തരും’ എന്നാണ് ഇവർ പറഞ്ഞത്. എന്നാൽ ‘അണ്ണനെ’യൊട്ട് കണ്ടുകിട്ടിയതുമില്ല. ഇനിയും ക്യാന്റീൻ തുറന്നു വച്ചാൽ കൂടുതൽ സാധനങ്ങൾ കൈമോശം വരും എന്ന് മനസിലാക്കിയ ദിലീപ് ചായ ഉണ്ടാക്കുന്ന സമോവർ ഉൾപ്പെടെ എടുത്തുമാറ്റി കടയ്ക് ഷട്ടറിടുകയും ചെയ്തു. ഇപ്പോൾ യൂത്തന്മാർ അകത്താക്കിയ ഭക്ഷണത്തിന്റെ പൈസ തരാതെ മുങ്ങിയ ‘അണ്ണനെ’ തപ്പി നടക്കുകയാണ് ദിലീപ്.
കഴിഞ്ഞ ദിവസത്തെ സെക്രട്ടറിയേറ്റ് മാർച്ചിനു മുന്നാടിയായി യൂത്തൻമാർ ഒത്തു ചേർന്നത് പ്രസ് ക്ലബിനോടു ചേർന്നുള്ള ദിലീപിന്റെ ക്യാന്റീനു മുന്നിലായിരുന്നു. പിന്നെ ക്യാൻറീനിലെ അലമാരക്കുള്ളിലുണ്ടായിരുന്ന രണ്ടു കിലോ വരുന്ന 120 മോദകവും ഉഴുന്നുവടയും എങ്ങാട്ടു പോയെന്നറിയില്ല. കഴിച്ചതിന് കാശു ചോദിച്ചപ്പോൾ അത് അണ്ണൻ തരുമെന്നായിരുന്നു യൂത്തൻമാരുടെ മറുപടി. അണ്ണനെ ത്തപ്പിയ ദിലീപിന് ഫലം നിരാശ മാത്രം. തിരിഞ്ഞു യൂത്തന്മാരെ നോക്കിയപ്പോൾ എല്ലാം വെള്ളഖദറിട്ട് ഒന്നുപോലെ.
പിന്നെ കണ്ട കാഴ്ച്ച അവകാശികളെത്തേടി മോദകവും വടയും ആകാശത്ത് കൈമാറി ക്കളിക്കുന്നു ‘ പിന്നെയും വന്നു ചായക്കും മോദകത്തിനും ഓർഡർ’ ഇതാടെ സെക്രട്ടറിയേറ്റിനു മുന്നിൽ നടക്കേണ്ട യുദ്ധം ഇവിടെ നടക്കുമെന്നു ഭയന്ന ദിലീപ് സമോവർ ചുമന്ന് അകത്താക്കി ഷട്ടറിട്ടു. ബഹളം ശമിച്ചപ്പോൾ ഊണ് കാലായി. പുറത്തേക്കു നോക്കിയപ്പോൾ കടക്കു മുന്നിൽ വീണ്ടും യൂത്തന്മാരുടെ നിര. ഇതോടെ ചോറ് നാളെ പഴഞ്ചോറാക്കിയാലും ഇവർക്ക് ചുമ്മാ കൊടുക്കില്ലെന്ന് പറഞ്ഞ് ദിലീപ് വീണ്ടും ഷട്ടറിട്ടു. ഇപ്പോൾ മോദകത്തിന്റെ കാശിനായി ആ അണ്ണനെ തപ്പി നടപ്പാണ് ദിലീപ്’
വാർത്ത പുറത്ത് വന്നതോടെ എസ്.എ്ഫ.ഐയും സിപിഎമ്മനും സോഷ്ൽ മീഡിയയിൽ യൂത്ത് കോൺഗ്രസ് സമരത്തിനെതിരെ ശക്തമായ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ദിലീപിന്റെ ഭക്ഷണത്തിനുള്ള പണം പോലും നൽകാത്തവരാണ് ഇപ്പോൾ സമരവുമായി രംഗത്ത് ഇറങ്ങിയിരിക്കുന്നതെന്നാണ് ആരോപണം. ട്രോൾ പെരുമഴയാണ് വിഷയത്തിൽ ഉയരുന്നത്.