പ്രളയ മേഖലകളിൽ കെ.എസ്.യുവിന്റെ പഠനോപകരണ വിതരണം
സ്വന്തം ലേഖകൻ
കോട്ടയം: പ്രളയബാധിതരായി പഠനോപകരണങ്ങൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് കൈത്താങ്ങാകാൻ കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന വിദ്യാഹസ്തം പഠനോപകരണവിതരണം ആരംഭിച്ചു. പ്രളയ മേഖലയുടെ അതിജീവനത്തിന് പിന്തുണയേകാൻ പ്രതീക്ഷകളുടെ പുതുമണമുള്ള പഠനോപകരണങ്ങൾ കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിതരണം ചെയ്യുകയാണ്. ജില്ലയിലെ KSU ക്യാമ്പസ് യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ‘സഹപാഠിക്ക് സ്‌നേഹപൂർവ്വം’ എന്ന പേരിൽ സമാഹരിച്ച പഠനോപകരണങ്ങളാണ് ദുരിതബാധിതരായ 1000 സ്‌കൂൾ വിദ്യാർത്ഥികൾക്ക് കൈമാറുന്നത്. ചങ്ങനാശ്ശേരി തുരുത്തി സെന്റ് മേരീസ് സ്‌കൂളിലെ വെള്ളപ്പൊക്ക ബാധിതരായ 80 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ കൈമാറിക്കൊണ്ട് ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് പഠനോപകരണ വിതരണത്തിന് തുടക്കം കുറിച്ചു. ജനങ്ങൾ
അതിജീവനത്തിനായി പോരാടുമ്പോൾ കോൺഗ്രസ്സും പോഷക സംഘടനകളും കൂടെയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ് അധ്യക്ഷത വഹിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് സി.ജാൻസി, കെ.എസ്.യു ഭാരവാഹികളായ ഡെന്നിസ് ജോസഫ്, ബിബിൻരാജ്, അലിൻ ജോസഫ്, സജ്ജാദ് എം എ, അബിൻ ഇല്ലിക്കൽ, യശ്വന്ത് സി നായർ, ജിത്തു ഏബ്രഹാം തുടങ്ങിയവർ നേതൃത്വം നൽകി.