
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കെഎസ് യു നേതാക്കൾ പെൺകുട്ടിയുടെ അശ്ലീലചിത്രം മോർഫുചെയ്ത് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്ന സംഭവത്തിൽ മുട്ടം പൊലീസ് തിരുവനന്തപുരം ലോ അക്കാദമി വിദ്യാർഥിനിയുടെ മൊഴി വ്യാഴാഴ്ച രേഖപ്പെടുത്തും . അശ്ലീല വീഡിയോ പ്രചരിക്കുന്ന വിവരം ആദ്യം അറിയിച്ചത് ഇവരാണെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്.
കെഎസ്യു പ്രവർത്തകയായ മുട്ടം സ്വദേശിനിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്നാണ് പരാതി. കെഎസ്യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സെയ്താലി, ജില്ലാ സെക്രട്ടറി സജ്ന എന്നിവർക്കെതിരെയാണ് പെൺകുട്ടി പരാതി നൽകിയത്. കോടതിയുടെ അനുമതിയോടെയാണ് പൊലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചതടക്കമുള്ള ഗുരുതര വകുപ്പുകൾ ചേർത്തിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സജ്നയുടെ മൊബൈൽ ഫോണിലാണ് എൽഎൽബി വിദ്യാർഥിനി അശ്ലീലവീഡിയോ കണ്ടതെന്നാണ് പരാതിക്കാരി പൊലീസിൽ നൽകിയ മൊഴി. ഇക്കാര്യം സ്ഥിരീകരിക്കാനാണ് മുട്ടം എസ്ഐ ബൈജു പി ബാബു തലസ്ഥാനത്ത് എത്തി വിദ്യാർഥിനിയുടെ മൊഴി എടുക്കുന്നത്. തെളിവ് ലഭിക്കുന്ന മുറയ്ക്ക് കെഎസ്യു നേതാക്കളുടെ മൊബൈൽഫോണുകൾ ശാസ്ത്രീയ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.
മൂന്നു പ്രതികളെയും പൊലീസ് കഴിഞ്ഞ ദിവസം പ്രാഥമികമായി ചോദ്യം ചെയ്തു. എം എം ഹസൻ കെപിസിസി പ്രസിഡന്റായിരിക്കെ, തലസ്ഥാനത്ത് ഒരു സമരത്തിൽ പെൺകുട്ടി പങ്കെടുത്തതായി അറിയാമെന്നായിരുന്നു ബാഹുൽ കൃഷ്ണയുടെ മറുപടി. പെൺകുട്ടിയെ അറിയില്ലെന്ന് സെയ്താലിയും ഫോണിൽ സംസാരിച്ചിട്ടുണ്ടെന്ന് സജ്നയും വ്യക്തമാക്കി.