
കോട്ടയം: നവകേരളം യാഥാര്‍ത്ഥ്യമാക്കാന്‍ ഭരണത്തുടര്‍ച്ച അനിവാര്യമെന്ന് എം.സ്വരാജ് പറഞ്ഞു.
ബി സുരേഷ് നഗറില്‍ (മാമന്‍മാപ്പിള ഹാള്‍, കോട്ടയം) നടന്ന കെ എസ് ടി എ യുടെ 35-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ ഏറ്റവും ആയുര്‍ദൈര്‍ഘ്യമുള്ള സമൂഹമായി കേരളം മാറിയത് കേരളത്തിലെ ഇടതുപക്ഷ ഭരണമികവുകൊണ്ട് മാത്രമാണ്. ലോകത്തുതന്നെ ഏറ്റവും കുറഞ്ഞ ശിശു മരണനിരക്ക് കേരളത്തിലാണ്. അമേരിക്കപ്പോലും കേരളത്തിന് പിന്നിലാണ്. പട്ടിണിയില്ലാത്ത ജനത വസിക്കുന്ന ഇടമാക്കി കേരളത്തെ മാറ്റി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലോക വിശപ്പ് സൂചികയില്‍ ഇന്ത്യ 102-ാം സ്ഥാനത്ത് നില്‍ക്കുമ്പോഴാണ് കേരളം അതിദരിദ്രരില്ലാത്ത നാടായി നിലകൊള്ളുന്നത്. ക്ഷയരോഗികളും, കുഷ്ഠരോഗികളും, ചേരിനിവാസികളും ലോകത്ത് ഏറ്റവും കൂടുതലുള്ള രാജ്യമായി ഇന്ത്യ മാറിയിരിക്കുമ്പോഴാണ് കേരളം എന്ന നമ്മുടെ കൊച്ചു സംസ്ഥാനം സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നത്. ‘
രാഷ്ട്രീയ കാരണങ്ങളാല്‍ ഇന്ത്യന്‍ ഭരണകൂടം ഈ സംസ്ഥാനത്തെ സാമ്പത്തികമായി വരിഞ്ഞ് മുറുക്കുകയാണ്. ബീഹാറിന്‍റെ മൊത്തം സാമ്പത്തിക വരുമാനത്തിന്‍റെ 74% കേന്ദ്ര വിഹിതവും 26% സംസ്ഥാന വിഹിതവും, ത്രിപുരയില്‍ 73% കേന്ദ്ര വിഹിതവും 27% സംസ്ഥാന വിഹിതവും എന്ന തോതില്‍ നില്‍ക്കുമ്പോള്‍ കേരളത്തില്‍ 26% മാത്രമാണ് കേന്ദ്രം വിഹിതം തരുന്നത്. ബാക്കി 74% വിഹിതവും കേരളം സ്വയം കണ്ടെത്തുകയാണ്. ഇത് വിവേചനമാണ്. ഈ അവസ്ഥയിലും കൃത്യമായ സാമ്പത്തിക മാനേജ്മെന്‍റിലൂടെ കേരളം പിടിച്ചു നില്‍ക്കുന്നു.
ബംഗാളില്‍ 7000 സ്കൂളുകള്‍ അടച്ചു പൂട്ടി. 8000 സ്കൂളുകള്‍ കൂടി ഉടന്‍ പൂട്ടും. കര്‍ണ്ണാടക ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ 3600 സര്‍ക്കാര്‍ സ്കൂളുകള്‍ അടച്ചു പൂട്ടി. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കേരളത്തിലും സ്കൂളുകള്‍ അടച്ചുപൂട്ടും. കോണ്‍ഗ്രസിന് ഒരു നയം മാത്രമാണ് ഉള്ളത്. കര്‍ണ്ണാടകയിലെ നയം തന്നെയാണ് കേരളത്തിലും എടുക്കുക. രാജ്യമെങ്ങും സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് പൂട്ടു വീഴുമ്പോള്‍ കേരളത്തില്‍ ഇടതു സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ മുഖച്ഛായതന്നെ മാറ്റി.
പശ്ചാത്തല സൗകര്യങ്ങള്‍ക്ക് സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ മുടക്കിയത് കൊണ്ടാണ് പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ വരുന്നത്. അധ്യാപകരുടെ അധ്യാപന മികവ് കൊണ്ട് മാത്രമല്ല, പന്ത്രണ്ട് ലക്ഷം കുട്ടികള്‍ പുതുതായി പൊതു വിദ്യാലയങ്ങളില്‍ ചേര്‍ന്നത്. പാഠപുസ്തകം പോലും സമയത്ത് പ്രിന്‍റ് ചെയ്ത് എത്തിക്കാന്‍ കഴിയാതിരുന്ന യു.ഡി.എഫ് ഭരണം വരണമെന്നാണ് ചില കൂട്ടര്‍ പ്രചരിപ്പിക്കുന്നത്. രാജ്യത്ത് നടക്കുന്ന ആകെ പി.എസ്.സി നിയമനങ്ങളില്‍ 60% കേരളത്തിലാണ് നടന്നത്. അതും കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് ഉണ്ടായ മികവാണ്.
നിയമന നിരോധന കാലമായിരുന്നു ആന്‍റണിയുടെയും ഉമ്മന്‍ ചാണ്ടിയുടെയും ഭരണ കാലം. സര്‍ക്കാര്‍ ഓഫീസുകളും സ്കൂളുകളും ഒരു വര്‍ഷം അടഞ്ഞുകിടന്നാലും കേരളത്തില്‍ ഒന്നും സംഭവിക്കില്ല എന്ന് പറഞ്ഞ ആന്‍റണിയുടെ കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്നാണ് ചില കൂട്ടര്‍ പറയുന്നത്. 80% ബഡ്ജറ്റ് വിഹിതവും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനാണ് ചെലവാക്കുന്നത്. അതിനാല്‍ അങ്ങനെ ഇനി കൊടുക്കാന്‍ കഴിയില്ല എന്ന് പറഞ്ഞ സര്‍ക്കാരാണ് യു.ഡി എഫിന്‍റേത്. ജൂണില്‍ ശമ്പളം മുടങ്ങുമെന്ന് 4 വര്‍ഷം മുമ്പ് മനോരമ എഴുതി. മൂന്ന് ജൂണുകള്‍ പിന്നീട് കടന്നു പോയി. ആരുടെയും ശമ്പളം ഇതുവരെയും മുടങ്ങിയിട്ടില്ല. ഇടതുപക്ഷമാണ് ഇനിയും ഭരിക്കുന്നതെങ്കില്‍ ഇനി മുടങ്ങുകയുമില്ല.
ഓര്‍മ്മകള്‍ നഷ്ടപ്പെട്ട സമൂഹമായി കേരളം മാറരുത്. ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ യൂണിവേഴ്സിറ്റി കേരളത്തില്‍ തിരുവനന്തപുരത്താണ് തുടങ്ങിയത്.
ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാര്‍ക്ക് തിരുവനന്തപുരത്താണ് തുടങ്ങിയത്. ഇന്ത്യയിലെ ആദ്യ വാട്ടര്‍ മെട്രോ കൊച്ചിയിലാണ് ആരംഭിച്ചത്. ഇതെല്ലാം ഇടതുഭരണ കാലഘട്ടങ്ങളിലാണ് ഉണ്ടാവുന്നത്. ഇന്ത്യക്ക് വഴികാട്ടുന്ന നാടായി ഈ കേരളം മാറി.
രാഷ്ട്രീയ കാരണങ്ങളാല്‍ ഈ സര്‍ക്കാരിന്‍റെ മികവുകള്‍ക്കെതിരെ ദുഷ്പ്രചരണം നടത്തുന്നവരെ ഒറ്റപ്പെടുത്താനും, കുട്ടികളുടെ മാത്രമല്ല സമൂഹത്തിന്‍റെകൂടി അധ്യാപകരാകാന്‍ അദ്ധ്യാപക സമൂഹത്തിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നതിന്‍റെ ഭാഗമായി സംഘടനാരംഗത്തുനിന്നും വിടവാങ്ങുന്ന സംസ്ഥാന നേതാക്കളെ സമ്മേളനം ആദരിച്ചു, സംസ്ഥാന ഭാരവാഹികളായിരുന്ന ഡി സുധീഷ്, എം എസ് പ്രശാന്ത്, സംസ്ഥാന എക്സി.അംഗങ്ങളായിരുന്ന വി പി രാജീവന്‍, എ എം ഷാജഹാന്‍, അനിത വി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായിരുന്ന ഡബ്ല്യു ആര്‍ ഹീബ, ടി എം ലത, എ വിശ്വംഭരന്‍, ബി സജീവ്, പി ഡി ജോഷി, ബിനു എബ്രഹാം, കെ എന്‍ മധുകുമാര്‍, യു ശ്യാമഭട്ട് എന്നിവര്‍ സമ്മേളനത്തില്‍ മറുപടി പ്രസംഗം നടത്തി.
കെ.എസ്.ടി.എ സംസ്ഥാന പ്രസിഡന്‍റ് എ.കെ.ബീന അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി കെ എ ഷാഫി സ്വാഗതവും സംസ്ഥാന സെക്രട്ടറി എ നജീബ് നന്ദിയും പറഞ്ഞു.



