video
play-sharp-fill

കെഎസ്ആർടിസി ടിക്കറ്റ് സംവിധാനം ഡിജിറ്റലാവുന്നു: ബസിൽ കയറും മുൻപേ ടിക്കെടുക്കാം: ചില്ലറയില്ലെന്ന പേടിയും വേണ്ട: എല്ലാം ഓൺലൈനിലേക്ക്.

കെഎസ്ആർടിസി ടിക്കറ്റ് സംവിധാനം ഡിജിറ്റലാവുന്നു: ബസിൽ കയറും മുൻപേ ടിക്കെടുക്കാം: ചില്ലറയില്ലെന്ന പേടിയും വേണ്ട: എല്ലാം ഓൺലൈനിലേക്ക്.

Spread the love

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ബസുകളിലെ ടിക്കറ്റിംഗ് സംവിധാനം ഡിജിറ്റലിലേക്കു മാറുന്നു. ചില്ലറയില്ലെന്ന തര്‍ക്കവും എടിഎമ്മുകളില്‍ കയറാതെ ബസില്‍ പോകാന്‍ കഴിയില്ലല്ലോ എന്ന ആശങ്കയ്ക്കും രണ്ടു മാസത്തിനുള്ളില്‍ പരിഹാരമാകും.
ഗൂഗിള്‍പേ, പേടിഎം എന്നിങ്ങനെയുള്ള യുപിഐ സംവിധാനങ്ങളും ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകളും ഉള്‍പ്പെടെ രാജ്യത്ത് ഉപയോഗത്തിലുള്ള എല്ലാ ഓണ്‍ലൈന്‍ പണമിടപാട് സംവിധാനങ്ങളിലൂടെയും ബസില്‍ ടിക്കറ്റ് എടുക്കാനാകും.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 40 ഡിപ്പോകളില്‍ ലൈവ് ടിക്കറ്റിങ് സാധ്യമാകുന്ന പുതിയ ടിക്കറ്റ് മെഷീന്‍ വിതരണം ചെയ്തു. രണ്ടുമാസത്തിനുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ ഡിപ്പോകളിലേക്കും പുതിയ ടിക്കറ്റ് മെഷീനുകള്‍ എത്തും. ചലോ എന്ന കമ്പനിയുടെ ടിക്കറ്റ് മെഷീനും അനുബന്ധ ഓണ്‍ലൈന്‍ സംവിധാനവുമാണ് കോര്‍പറേഷന്‍ വാടകയ്ക്ക് എടുക്കുന്നത്.

ഒരു ടിക്കറ്റിന് നികുതി ഉള്‍പ്പടെ 16.16 പൈസ വാടക നല്‍കണം. ടിക്കറ്റ് മെഷീനുകള്‍, ഓണ്‍ലൈന്‍, ഡിജിറ്റല്‍ പണമിടപാട് ഗേറ്റ്‌വേ, സെര്‍വറുകള്‍, ഇന്റര്‍നെറ്റ് സൗകര്യം, ഡിപ്പോകളിലെ കമ്ബ്യൂട്ടറുകള്‍, ബസുകളിലെ ജിപിഎസ് സംവിധാനം, കണ്‍ട്രോള്‍ റൂമുകള്‍ എന്നിവയെല്ലാം കമ്പനി നല്‍കണം. മെഷീനുകളുടെയും ഓണ്‍ലൈന്‍ സംവിധാനത്തിന്റെയും പരിപാലനവും കരാര്‍ കമ്പനിയുടെ ചുമതലയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വര്‍ഷം 10.95 കോടി രൂപ പ്രതിഫലം നല്‍കേണ്ടിവരും. ഇതിന്റെ പകുതി വിലയ്ക്ക് സ്വന്തമായി ടിക്കറ്റ് മെഷീനുകള്‍ വാങ്ങാന്‍ കഴിയുമെങ്കിലും ഓണ്‍ലൈന്‍ സംവിധാനവും സാങ്കേതിക സഹായവും കണക്കിലെടുക്കുമ്പോള്‍ വാടക ഇടപാട് ലാഭകരമാണെന്നാണ് നിഗമനം. കെ റെയിലിന്റെ സഹകരണത്തോടെ നടത്തിയ ആഗോള ടെന്‍ഡറിലാണ് കമ്പനിയെ തെരഞ്ഞെടുത്തത്.

കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡുകള്‍ ഉപയോഗിച്ചും പുതിയ മെഷീനുകളില്‍ പണമിടപാട് സാധ്യമാണ്. ബസില്‍ വിതരണം ചെയ്യുന്ന ടിക്കറ്റിന്റെ വിവരങ്ങള്‍ അപ്പപ്പോള്‍ ഓണ്‍ലൈനില്‍ കേന്ദ്രീകൃത സംവിധാനത്തിലേക്ക് എത്തും. റിസര്‍വേഷനില്ലാത്ത ബസുകളില്‍ പോലും എത്ര സീറ്റ് ഒഴിവുണ്ടെന്നും ഒരോ സ്ഥലത്ത് നിന്നും എത്ര ടിക്കറ്റുകള്‍ നല്‍കുന്നുവെന്നും കണ്‍ട്രോള്‍ റൂമില്‍ അറിയാനാകും.

തിരക്കുള്ളതും കുറഞ്ഞതുമായ പാതകള്‍ കണ്ടെത്തി ബസുകള്‍ വിന്യസിക്കാനാകും. ചലോ മൊബൈല്‍ ആപ്പില്‍ ഒരോ ബസുകളുടെ യാത്രാ വിവരവും തത്സമയം അറിയാം. സ്റ്റോപ്പുകളില്‍ നില്‍ക്കുന്ന യാത്രക്കാര്‍ക്ക് ആ റൂട്ടിലെ അടുത്ത ബസ് എപ്പോള്‍ എത്തുമെന്ന വിവരം മൊബൈല്‍ ഫോണില്‍ ലഭിക്കും. ബസില്‍ കയറുന്നതിന് മുമ്പേ ടിക്കറ്റ് എടുക്കാനുമാകും.