കെ.എസ്.ആർ.ടി.സി ബസിനകത്ത് പ്ലാസ്റ്റിക് കുപ്പിയിട്ടാൽ നടപടി ഉറപ്പ്;ആരും ഫെയ്സ്ബുക്കിലും വാട്സാപ്പിലും എഴുതി മെനക്കെടേണ്ട ആവശ്യമില്ല; ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ

Spread the love

തിരുവനന്തപുരം : സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ബസിനകത്ത് പ്ലാസ്റ്റിക് കുപ്പിയിട്ടാൽ ശക്തമായ നടപടിയെടുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ. ആരും ഫെയ്സ്ബുക്കിലും വാട്സാപ്പിലും എഴുതി മെനക്കെടേണ്ട ആവശ്യമില്ലെന്നും ഞാൻ മന്ത്രിയായിരിക്കുമെങ്കിൽ നടപടി എടുത്തിരിക്കുമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

കൊല്ലത്ത് മന്ത്രി മിന്നൽ പരിശോധന നടത്തിയ ബസിലെ ഡ്രൈവറെ സ്ഥലം മാറ്റിയിരുന്നു. ഈ സാഹചര്യത്തിൽ മന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഉയരുന്നത്.

ഡ്രൈവർക്കെതിരെ മാത്രമല്ല, അത് പരിശോധിക്കാതെ വിട്ടവർക്കെതിരെയും നടപടിയുണ്ടാകുമെന്നും ഗണേഷ് കുമാർ വിശദീകരിച്ചു. തെറ്റ് കണ്ടാൽ തെറ്റ് തന്നെയാണ്. ജീവനക്കാരുടെ നെഞ്ചത്ത് കയറുകയാണെന്ന് പറയരുതെന്നും ഗണേഷ് വിശദീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസിന്‍റെ മുൻവശത്ത് പ്ലാസ്റ്റിക് കുപ്പി കൂട്ടിയിട്ടതിനാണ് ഇന്ന് പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർക്കെതിരെ നടപടി സ്വീകരിച്ചത്. സംഭവം ശ്രദ്ധയിൽപെട്ടതോടെ ബസ് തടഞ്ഞുനിർത്തി ഗതാഗതമന്ത്രി ജീവനക്കാരെ ശാസിച്ചിരുന്നു. വെഹിക്കിൾ സൂപ്പർവൈസറുടെ ചുമതലയുളള ഡ്രൈവറെയും സ്ഥലം മാറ്റിയിട്ടുണ്ട്. ഒക്ടോബര്‍ ഒന്നിനാണ് സംഭവം. കെഎസ്ആര്‍ടിസി ബസ് തടഞ്ഞു നിര്‍ത്തിയായിരുന്നു മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ മിന്നല്‍ പരിശോധന.

ബസിൻ്റെ മുൻവശത്ത് പ്ലാസ്റ്റിക് മാലിന്യം കണ്ടതോടെ ഔദ്യോഗിക വാഹനത്തിൽ മന്ത്രി പിന്നാലെ എത്തുകയായിരുന്നു. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പൊന്‍കുന്നം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ മന്ത്രി തടഞ്ഞു നിർത്തി.

ബസിൻ്റെ മുന്നിൽ കിടന്ന പ്ലാസ്റ്റിക്ക് കുപ്പികള്‍ നീക്കം ചെയ്യാത്തതിന് ജീവനക്കാരെ പരസ്യമായി ശകാരിച്ചു. ബസുകൾ വൃത്തിയായി സൂക്ഷിക്കണമെന്ന് സിഎംഡിയുടെ നോട്ടീസ് ഉണ്ടെന്നും ഡ്രൈവർക്കും കണ്ടക്ടർക്കും എതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ഒരിക്കലും കെഎസ്ആര്‍ടിസി ബസുകള്‍ ഇങ്ങനെ വൃത്തികേടാക്കരുതെന്നും പൊതുഗതാഗത സംവിധാനമാണെന്നും ജീവനക്കാരോട് പറഞ്ഞാണ് മന്ത്രി മടങ്ങിപ്പോയത്. തുടര്‍ന്നാണ് ഇപ്പോള്‍ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.