കെ എസ് ആർ ടി സി യുടെ പുതിയ ബസുകൾ ഏതൊക്കെ ഡിപ്പോകൾക്ക് ? ബംഗളൂരുവിലേക്കു നാലു സര്‍വീസിനായി കോട്ടയം ഡിപ്പോ അധികൃതര്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നു; പ്രീമീയം സീറ്റര്‍, സ്ലീപ്പര്‍, സീറ്റര്‍ കം സ്ലീപ്പര്‍ വണ്ടികള്‍ ആദ്യ ഘട്ടത്തില്‍ ബംഗളൂരു സ്‌പെഷല്‍ സര്‍വീസിനായാണ് ഉപയോഗിക്കുന്നതെന്നു ഗതാഗതമന്ത്രി അറിയിച്ചിരുന്നു.

Spread the love

കോട്ടയം: കെ.എസ്.ആർ.ടി.സിയുടെ പുതിയ ബസ് അലോട്ട്മെൻ്റ്, ഏതൊക്കെ ഡിപ്പോയ്ക്ക് ബസ് കിട്ടും. പ്രതിക്ഷകള്‍ സജീവമക്കി വിവിധ ഡിപ്പോകളും യാത്രക്കാരും.

ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ലിങ്ക്, പ്രീമീയം സീറ്റര്‍, സ്ലീപ്പര്‍, സീറ്റര്‍ കം സ്ലീപ്പര്‍ എന്നിങ്ങനെ 164 ബസുകളാണു കെ.എസ്.ആര്‍.ടി. പുറത്തിറക്കുന്നത്.

ഇതില്‍ തങ്ങള്‍ക്ക് എത്ര വണ്ടി ലഭിക്കുമെന്ന പ്രതീക്ഷയാണ് ഡിപ്പോകള്‍ക്ക് ഉള്ളത്. സംസ്ഥാനത്തെ പല ഡിപ്പോകളിലും ആവശ്യത്തിനു വണ്ടി ഇല്ലാത്ത അവസ്ഥയുണ്ട്. പുതിയ ബസുകള്‍ കിട്ടുന്നതോടെ ഇതിനു മാറ്റം ഉണ്ടാകുമെന്നു ഡിപ്പോകള്‍ പ്രതിക്ഷിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രീമീയം സീറ്റര്‍, സ്ലീപ്പര്‍, സീറ്റര്‍ കം സ്ലീപ്പര്‍ വണ്ടികള്‍ ആദ്യ ഘട്ടത്തില്‍ ബംഗളുരു സ്‌പെഷല്‍ സര്‍വീസിനായാണ് ഉപയോഗിക്കുന്നതെന്നു ഗതാഗതമന്ത്രി അറിയിച്ചിരുന്നു. ബംഗളൂരുവിലേക്കു നാലു സര്‍വീസിനായി കോട്ടയം ഡിപ്പോ അധികൃതര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

ഇത് അനുവദിക്കപ്പെടുമെന്നാണു അധികൃതരുടെ പ്രതീക്ഷ. മറ്റു വലിയ ഡിപ്പോകളും നാലും അഞ്ചും ബസുകള്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്നതിനാല്‍ എത്ര ബസ് കിട്ടുമെന്നതില്‍ ഒരു ഉറപ്പുമില്ല.

നിലവില്‍ കോട്ടയം ഡിപ്പോ ബംഗളുരുവിലേക്ക് ഒരു സ്വിഫ്റ്റ് ഡീലക്‌സ് ബസ് മാത്രമാണ് ഓപ്പറേറ്റ് ചെയ്യുന്നത്. വിവിധ ഡിപ്പോകളില്‍ നിന്നു വരുന്ന ആറു ബംഗളുരു ബസുകള്‍ കൂടി ഇതുവഴി കടന്നു പോകുന്നുണ്ട്. ഇത്രയും ബസുകളുണ്ടെങ്കിലും ആഴ്ചയവസാനങ്ങളിലും അവധി ദിവസങ്ങളിലും പലപ്പോഴും സീറ്റ് കിട്ടാറില്ലെന്നു യാത്രക്കാര്‍ക്കു പരാതിയുണ്ട്.

മധ്യകേരളത്തില്‍ നിന്നു ബംഗളുരു യാത്രക്കാര്‍ ഏറെയുള്ളതു ജില്ലയില്‍ നിന്നാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ സര്‍വീസുകള്‍ അനുവദിച്ചാല്‍ നേട്ടമാകുമെന്നും യാത്രക്കാര്‍ പറയുന്നു. നിലവില്‍, ഇതുവഴി കടന്നു പോകുന്ന സ്വിഫ്റ്റ് ബസുകള്‍ പോലും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നവയാണെന്നു പരാതിയുണ്ട്.
അറ്റകുറ്റപ്പണികളുടെ അഭാവം മൂലം തകരാര്‍ പതിവാണ്. അതേ സമയം, മറുനാടന്‍ മലയാളികള്‍ കൂട്ടമായെത്തുന്ന ഓണത്തിനു നല്ല ബസുകള്‍ ഉണ്ടാകാറില്ലെന്ന പരാതി ഇത്തവണയെങ്കിലും പരിഹരിക്കപ്പെടണേയെന്ന പ്രാര്‍ഥനയിലാണു യാത്രക്കാർ