അപകടത്തിൽപ്പെട്ട യാത്രക്കാരിക്ക് നഷ്ടപരിഹാരം നൽകിയില്ല: കെ എസ് ആർടിസി ബസ് ജപ്തി ചെയ്യാൻ കോടതി ഉത്തരവ്.

Spread the love

തളിപ്പറമ്പ്: കെഎസ്‌ആർടിസി ബസ് നിർത്തിയിട്ട് ലോറിക്ക് പിന്നില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ബസ് യാത്രക്കാരിയായ യുവതിക്ക് നഷ്ടപരിഹാരം നല്‍കാത്തതിനെ തുടർന്ന് കെഎസ്‌ആർടിസി ബസ് ജപ്തി ചെയ്യാൻ കോടതി ഉത്തരവ്.
മാന്ധംകുണ്ടിലെ കെ. ഷൈജയുടെ പരാതിയില്‍ തളിപ്പറമ്പ് അഡീഷണല്‍ സെഷൻസ് ജഡ്ജി കെ.എൻ. പ്രശാന്താണ് നഷ്ടപരിഹാരത്തുക ലഭ്യമാക്കുന്നതിനായി ജപ്തി ഉത്തരവ് പുറപ്പെടുവിച്ചത്.

video
play-sharp-fill

2021 സെപ്റ്റംബർ 16ന് ഷൈജ സഞ്ചരിച്ചിരുന്ന കെഎസ്‌ആർടിസി ബസ് ദേശീയപാതയില്‍ കുറ്റിക്കോലില്‍ വച്ച്‌ നിർത്തിയിട്ട ലോറിക്ക് പിന്നില്‍ ഇടിച്ചായിരുന്നു അപകടം. അപകടത്തില്‍ ഷൈജയടക്കം 15 പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ദിവസങ്ങളോളം തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പരിയാരം മെഡിക്കല്‍ കോളജിലും മറ്റ് ആശുപത്രികളിലും ചികിത്സയിലായിരുന്ന ഷൈജയ്ക്ക് 24 ശതമാനം അംഗവൈകല്യം സംഭവിച്ചിരുന്നു.

വാഹനാപകടവുമായി ബന്ധപ്പെട്ട് ഷൈജയ്ക്ക് 12,96,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് 2025 ജൂലൈ17ന് തളിപ്പറമ്പ് എംഎസിടി കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കെഎസ്‌ആർടിസി നഷ്ടപരിഹാരം നല്‍കാതെ നീട്ടിക്കൊണ്ടു പോയി.
തുടർന്ന് അഡീഷണല്‍ സെഷൻസ് കോടതിയില്‍ പരാതി നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി എട്ടു ശതമാനം പലിശയടക്കം നഷ്ടപരിഹാരത്തുക 18,19,019 രൂപയായി വർധിപ്പിച്ച്‌ ഉത്തരവിട്ടെങ്കിലും നല്‍കിയില്ല. തുടർന്ന് അഡ്വ. വിനോദ് രാഘവൻ മുഖേന വീണ്ടും കോടതിയെ സമീപിക്കുകയും നഷ്ടപരിഹാരത്തിനായി കെഎസ്‌ആർടിസി പയ്യന്നൂർ ഡിപ്പോയിലെ ഏറ്റവും വരുമാനമുള്ള രാത്രി എട്ടിന് ബംഗളൂരുവിലേക്കുള്ള സർവീസ് നടത്തുന്ന കെഎല് 15 എ 2365 നമ്പർ ബസ് ജപ്തി ചെയ്ത് ലേലം ചെയ്ത് നഷ്ടപരിഹാരം ഈടാക്കിത്തരണമെന്ന് ആവശ്യപ്പെട്ടു.

എന്നാല്‍ നഷ്ടപരിഹാരത്തുക നല്‍കാതെ കെഎസ്‌ആർടിസി അധികൃതർ ഈ സർവീസ് നിർത്തി വയ്ക്കുകയാണ് ചെയ്തത്. ഇക്കാര്യം ബോധ്യപ്പെട്ടതോടെയാണ് കോടതി ബസ് ജപ്തി ചെയ്യാൻ ഉത്തരവിട്ടത്.