തച്ചക്കരിങ്കെതിരായ യുദ്ധം: കെഎസ്ആർടിസി യൂണിയനുകളുടെ പണിമുടക്ക് ബുധനാഴ്ച അർധരാത്രി മുതൽ; സമരത്തിനെതിരെ ഹൈക്കോടതി രംഗത്ത്

തച്ചക്കരിങ്കെതിരായ യുദ്ധം: കെഎസ്ആർടിസി യൂണിയനുകളുടെ പണിമുടക്ക് ബുധനാഴ്ച അർധരാത്രി മുതൽ; സമരത്തിനെതിരെ ഹൈക്കോടതി രംഗത്ത്

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: തച്ചങ്കരിയ്‌ക്കെതിരായ തൊഴിലാളി പ്രതിഷേധത്തിന്റെ ഭാഗമായി ബുധനാഴ്ച അർധരാത്രി മുതൽ കെ.എസ്ആർടിസി തൊഴിലാളികൾ പണിമുടക്കും. തച്ചങ്കരിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് തൊഴിലാളികൾ പണിമുടക്ക് പ്രഖ്യാപിച്ച് രംഗത്ത് എത്തിയത്. ഇതിനിടെ തൊഴിലാളികളുടെ പണിമുടക്കിനെ വിമർശിച്ച് ഹൈക്കോടതിയും രംഗത്ത് എത്തി. മുൻ കൂർ നോട്ടീസ് നൽകി സമരം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ഹൈക്കോടതി എടുത്തിരിക്കുന്ന നിലപാട്.
ശമ്പള പരിഷ്‌കരണം അടക്കമുള്ള നിലപാടുകളുമായി സംയുക്ത തൊഴിലാളി യൂണിയനാണ് കെ.എസ്ആർടിസിയിൽ ബുധനാഴ്ച അർധരാത്രി മുതൽ പണിമുടക്ക് പ്രഖ്യാപിച്ചത്. ഒരാഴ്ച മുൻപായിരുന്നു തൊഴിലാളി യൂണിയനുകളുടെ പണിമുടക്ക് ആഹ്വാനം. തുടർന്ന് ഇവർ എം.ഡിയ്ക്ക് പണിമുടക്കിനു നോട്ടീസും നൽകി. തുടർന്ന് ബുധനാഴ്ച ഉച്ചയോടെ കെ.എസആർടിസി എംഡി ടോമിൻ തച്ചങ്കരി തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തുകയായിരുന്നു. എന്നാൽ, തൊഴിലാളി യൂണിയനുകൾ ചർച്ചയ്ക്ക് തയ്യാറായി എത്തിയെങ്കിലും തച്ചങ്കരി വച്ച ഉപാധികളൊന്നും ഇവർ അംഗീകരിക്കാൻ തയ്യാറായില്ല. തുടർന്നാണ് ബുധനാഴ്ച അർധരാത്രി മുതൽ സമരം എന്ന തീരുമാനത്തിൽ ഇവർ എത്തിച്ചേർന്നത്. കെ.എസ്ആർടിസിയെ തകർക്കാനുള്ള ശ്രമമാണ് തച്ചങ്കരി നടത്തുന്നതെന്നാണ് തൊഴിലാളികളുടെ ആരോപണം. എന്തു വന്നാലും സമരത്തിൽ നിന്നും പിന്നോട്ടില്ലെന്നും തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിനിടെ തച്ചങ്കരിയ്‌ക്കെതിരെ ബോർഡ് അംഗങ്ങളും രംഗത്ത് എത്തിയിട്ടുണ്ട്. യോഗത്തിലെ അജണ്ട അറിയിക്കാതെയാണ് യോഗം വിളിച്ച് ചേർത്തതെന്ന ആരോപണമാണ് ബോർഡ് അംഗങ്ങൾ ഉയർത്തിയത്.
എന്നാൽ, കെ.എസ്ആർടിസി ജീവനക്കാർ പ്രഖ്യാപിച്ചിരിക്കുന്ന സമരത്തിനെതിരെ ഹൈക്കോടതിയും രംഗത്ത് എത്തി. സമരത്തെ അംഗീകരിക്കാൻ സാധിക്കില്ല. കെ.എസ്ആർടിസി പൊതുഗതാഗത സംവിധാനമാണെന്ന് ഓർമ്മവേണമെന്നും കെ.എസ്ആർടിസി തൊഴിലാളികളെ ഹൈക്കോടതി ഓർമ്മിപ്പിച്ചു.
ഡ്യൂട്ടി പരിഷ്‌കരണം സംബന്ധിച്ച് ഗതാഗത സെക്രട്ടറി നൽകിയ ശുപാർശ നടപ്പാക്കുക, ശമ്പള പരിഷ്‌കരണ ചർച്ച തുടങ്ങുക, പിരിച്ചുവിട്ട താത്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംയുക്ത ട്രേഡ് യൂണിയൻ അറിയിച്ചിരിക്കുന്നത്.
പലപ്പോഴായി നടത്തിയ ഒത്തുതീർപ്പ് ചർച്ചകൾ ഫലം കാണാത്തതിനെത്തുടർന്നാണ് ട്രേഡ് യൂണിയനുകളുടെ ഈ നീക്കം. മുൻ ചർച്ചകളിലെടുത്ത തീരുമാനങ്ങൾ ഒന്നും തന്നെ മാനേജെമെൻറ് നടപ്പാക്കിയിട്ടില്ല. ഇതും സമരത്തിനുള്ള കാരണമായി യൂണിയൻ വ്യക്തമാക്കി.