
തിരുവനന്തപുരം: അപകടങ്ങള്‍ തടയാന്‍ കെഎസ്ആർടിസി ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനം നൽകാൻ തീരുമാനം. നിലവിലുള്ള ഡ്രൈവർമാരിൽ നിന്ന് മാസ്റ്റർ ട്രെയിനർമാരെ കണ്ടെത്താനാണ് വകുപ്പിൽ നിന്നുള്ള നിർദേശം.
ഇതേതുടർന്ന് പരിശീലനത്തിന് ട്രെയിനർമാരെ കണ്ടെത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി. സർവീസ് കാലയളവിൽ അപകടങ്ങളുണ്ടാക്കാത്തവരായിരിക്കണം ട്രെയിനർമാരെന്നാണ് നിർദേശത്തിൽ പറയുന്നത്. ഇന്ധനക്ഷമത ഉറപ്പാക്കി ഡ്രൈവിങ് നടത്തിയവരാകണം.
വിരമിക്കാൻ ഇനി മൂന്ന് വർഷമെങ്കിലും വേണം. ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിയണമെന്നും നിർദേശമുണ്ട്. ജനുവരി 13ന് മുമ്പ് എല്ലാ യൂണിറ്റിൽ നിന്നും യോഗ്യതയുള്ള ഡ്രൈവർമാരുടെ ലിസ്റ്റ് നൽകാനാണ് എംഡിയുടെ ഉത്തരവ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, കെഎസ്ആർടിസി ബസ്സുകൾ അപകടത്തിൽപ്പെടുമ്പോൾ ഡ്രൈവർമാരെ ബലിയാടാക്കുന്ന സമീപനമാണ് മാനേജ്മെന്റ് സ്വീകരിക്കുന്നത് എന്നാണ് തൊഴിലാളിസംഘടനകളുടെ ആരോപണം. ഡ്രൈവർമാർക്ക് പരിശീലനം നൽകുന്നതിനൊപ്പം പഴഞ്ചൻ ബസ്സുകൾ മാറ്റുന്നതിന് കെഎസ്ആർടിസി തയ്യാറാകണമെന്നും ഇവർ ആവശ്യപ്പെടുന്നു.