കെഎസ്‌ആര്‍ടിസി- സ്വിഫ്റ്റില്‍ ജോലി നേടാൻ അവസരം; 500 ഒഴിവുകള്‍; ഉടൻ അപേക്ഷിക്കൂ

Spread the love

തിരുവനന്തപുരം: കെഎസ്‌ആർടിസി സ്വിഫ്റ്റില്‍ ഡ്രൈവർ കം കണ്ടക്ടർ തസ്തികയില്‍ ഒഴിവുകള്‍. ആകെ 500 ഒഴിവുകളാണ് ഉള്ളത്. കരാർ വ്യവസ്ഥയില്‍ താത്കാലിക നിയമനമാണ് ഇപ്പോള്‍ നടത്തുന്നത്.

താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികള്‍ക്ക് സിഎംഡിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷ നല്‍കാനുള്ള അവസാന തീയതി സെപ്റ്റംബർ 15.

അപേക്ഷകർ 25നും 55നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. അംഗീകൃത ബോർഡില്‍ നിന്ന് പത്താം ക്ലാസ് പാസായവർക്കാണ് അവസരം. അപേക്ഷകർക്ക് ഹെവി ഡ്രൈവിങ് ലൈസൻസ് നിർബന്ധമായും ഉണ്ടായിരിക്കണം. ഒപ്പം, മുപ്പതില്‍ അധികം സീറ്റുകള്‍ ഉള്ള ഹെവി പാസഞ്ചർ വാഹനങ്ങളില്‍ കുറഞ്ഞത് അഞ്ച് വർഷത്തെ ഡ്രൈവിങ് പരിചയവും ഉണ്ടായിരിക്കണം. വാഹനങ്ങളുടെ പ്രവർത്തനത്തെ കുറിച്ചുള്ള അറിവും വാഹനങ്ങളില്‍ ഉണ്ടാകുന്ന ചെറിയ തകരാറുകള്‍ കണ്ടെത്തി പരിഹരിക്കാനുള്ള കഴിവും ഉള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതുപോലെ തന്നെ, ഒരു കണ്ടക്ടർക്ക് ആവശ്യമായ സാമാന്യ കണക്കുകള്‍ കൂടാനും കുറയ്ക്കാനും ഹരിക്കാനും ഗുണിക്കാനുമുള്ള അറിവ് ഉണ്ടായിരിക്കണം. കൂടാതെ ഇംഗ്ലീഷ്, മലയാളം ഭാഷകള്‍ നന്നായി എഴുതാനും വായിക്കാനും കൂടി അറിഞ്ഞിരിക്കണം. പത്ത് മണിക്കൂർ വരെ തുടർച്ചയായി ജോലി ചെയ്യാൻ ആവശ്യമായ ആരോഗ്യവും കാഴ്ച ശക്തിയും ഉള്ളവർക്ക് അപേക്ഷിക്കാം.

ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് ഒഴിവ് ഉണ്ടാവുക. ഒരു ഡ്യൂട്ടിക്ക് 715 രൂപയാണ് പ്രതിദിനം കൂലിയായി ലഭിക്കുക. ഇതിന് പുറമെ കിലോമീറ്റർ അലവൻസ്, നൈറ്റ് അലവൻസ്, കളക്ഷൻ ബാറ്റ എന്നിവയും പിഎഫ് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങളും ജീവനക്കാർക്ക് ലഭിക്കുന്നതാണ്. അപേക്ഷകള്‍ സൂക്ഷ്മ പരിശോധന നടത്തിയ ശേഷം അതില്‍ നിന്നും ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ആണ് എഴുത്ത് പരീക്ഷയ്ക്കും ഡ്രൈവിങ് ടെസ്റ്റിനും ക്ഷണിക്കുക. അതിന് ശേഷം വ്യക്തിഗത അഭിമുഖം കൂടി നടത്തിയ ശേഷമാണ് അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികള്‍ സ്വന്തം താമസസ്ഥലത്തിന് പരിധിയില്‍ ഉള്ള പോലീസ് സ്റ്റേഷനില്‍ നിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ ഹാജരാക്കണം.

കൂടാതെ, തിരഞ്ഞെടുക്കപ്പെടുന്നവർ കെഎസ്‌ആർടിസി – സ്വിഫ്റ്റുമായി കരാറില്‍ ഏർപ്പെടുന്നതിനൊപ്പം 30,000 രൂപയുടെ സെക്യൂരിറ്റി ഡിപ്പോസിറ്റും (കരുതല്‍ നിക്ഷേപം) നല്‍കണം. രണ്ടു വർഷത്തെ സേവനം പൂർത്തിയാക്കി കഴിയുമ്പോള്‍ ഈ പണം തിരികെ നല്‍കുന്നതാണ്. കെഎസ്‌ആർടിസിയിലെ നിലവിലെ ജീവനക്കാർക്കും ഇതിന് അപേക്ഷിക്കാവുന്നതാണ്. ഇവർക്ക് കരുതല്‍ നിക്ഷേപമായി പണം അടയ്‌ക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് https://cmd.kerala.gov.in/recruitment എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.