കളഞ്ഞുകിട്ടിയ ഒന്നരപ്പവന്റെ പാദസരം ഉടമയ്ക്ക് തിരികെ നൽകാൻ കെഎസ്ആർടിസി ഈടാക്കിയത് നോക്കുകൂലി ഇനത്തിൽ 4000 രൂപ
സ്വന്തം ലേഖിക
തിരുവനന്തപുരം: ബസിൽവെച്ച് കളഞ്ഞുകിട്ടിയ ഒന്നരപ്പവന്റെ പാദസരം ഉടമയ്ക്ക് തിരികെ നൽകാൻ കെഎസ്ആർടിസി ഈടാക്കിയത് 4000 രൂപ. തിരുവനന്തപുരത്ത് സിവിൽ സർവ്വീസ് പരിശീലനത്തിന് എത്തിയ വിദ്യാർത്ഥിനിയുടെ പാദസരം തിരികെ നൽകിയപ്പോഴാണ് നോക്കുകൂലിയായി കെ എസ് ആർ ടി സി പണം ഈടാക്കിയത്.കോതമംഗലം സ്വദേശിയായ പെൺകുട്ടി പാദസരം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി മ്യൂസിയം പൊലീസിൽ പരാതി നൽകിയിരുന്നു. ബസിനുള്ളിൽ നിന്നും നഷ്ടപ്പെട്ട പാദസരം ലഭിച്ച സഹയാത്രക്കാരി ഇത് കെഎസ്ആർടിസിയുടെ കണിയാപുരം ഡിപ്പോയിൽ ഏൽപ്പിച്ചു. തുടർന്ന് ഇവർ സ്വർണാഭരണം ഡിപ്പോയിൽ ഏൽപ്പിച്ച വിവരം ഫേസ്ബുക്കിലും വാട്സാപ്പിലും പങ്കുവെയ്ക്കുകയും ചെയ്തു. ഈ യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട മ്യൂസിയം പൊലീസാണ് ഉടമയെ വിവരം അറിയിച്ചത്. പൊലീസിന്റെ അറിയിപ്പ് പ്രകാരം പെൺകുട്ടി ഡിപ്പോയിലെത്തി പാദസരം ഏറ്റുവാങ്ങി. എന്നാൽ പാദസരം തിരികെ വാങ്ങാനെത്തിയ പെൺകുട്ടിയിൽ നിന്ന് കെ എസ് ആർ ടി സി അധികൃതർ 4000 രൂപ ഈടാക്കുകയായിരുന്നു. ഒരു ദിവസമാണ് പാദസരം ഡിപ്പോയിൽ സൂക്ഷിച്ചിരുന്നത്. നോക്കുകൂലിയായി വാങ്ങിയ പണത്തിന് പുറമെ 200 രൂപയുടെ മുദ്രപത്രത്തിൽ സത്യവങ്മൂലവും രണ്ടുപേരുടെ ആൾജാമ്യവും കെ എസ് ആർ ടി സി ആവശ്യപ്പെട്ടു. എന്നാൽ കൈവശം പണമില്ലാതിരുന്ന പെൺകുട്ടി സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങിയാണ് ഡിപ്പോയിൽ പണമടച്ചത്.അതേസമയം സംഭവത്തിൽ വിശദീകരണവുമായി കെഎസ്ആർടിസി അധികൃതരും രംഗത്തെത്തി. ബസിൽ നിന്ന് കളഞ്ഞുകിട്ടുന്ന വസ്തുക്കൾ കണ്ടക്ടറാണ് ഏറ്റെടുക്കുന്നത്. നഷ്ടപ്പെട്ട വസ്തു ഉടമയ്ക്ക് തിരികെ നൽകുമ്പോൾ നോക്കുകൂലിയായി നഷ്ടമായ വസ്തുവിന്റെ മൂല്യത്തിന്റെ 10 ശതമാനം പണം ഈടാക്കണം എന്നതാണ് കെ എസ് ആർ ടി സിയുടെ നിയമം. ഇത്തരത്തിൽ പരമാവധി 10,000 രൂപ വരെ ഉടമയിൽ നിന്ന് ഈടാക്കാം. വസ്തുവിന്റെ വിപണിമൂല്യം കണക്കാക്കിയാണ് ഇത്തരത്തിൽ പണം ഈടാക്കുന്നതെന്നും ഏകദേശം ഇരുപത്തിയഞ്ച് വർഷങ്ങളായി പ്രാബല്യത്തിലുള്ള നിയമമാണിതെന്നും ഒന്നരപ്പവന്റെ പാദസരം ആയതിനാലാണ് 4000 രൂപ ഈടാക്കിയതെന്നും കെ എസ് ആർ ടി സി കണിയാപുരം ഡിപ്പോയിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി.