കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ കംഫർട്ട്സ്റ്റേഷനിലെ കക്കൂസ് മാലിന്യം തീയറ്റർ റോഡിലേയ്ക്ക്: ഒരാൾ പൊക്കത്തിലുള്ള മതിലിന്റെ മണ്ണ് തുരന്നെടുത്തു: തീയറ്റർ റോഡിലെ മതിൽ അപകടാവസ്ഥയിൽ

കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ കംഫർട്ട്സ്റ്റേഷനിലെ കക്കൂസ് മാലിന്യം തീയറ്റർ റോഡിലേയ്ക്ക്: ഒരാൾ പൊക്കത്തിലുള്ള മതിലിന്റെ മണ്ണ് തുരന്നെടുത്തു: തീയറ്റർ റോഡിലെ മതിൽ അപകടാവസ്ഥയിൽ

സ്വന്തം ലേഖകൻ

കോട്ടയം: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനിലെ മാലിന്യം തീയറ്റർ റോഡിലേയ്ക്ക് തള്ളി അധികൃതരുടെ ക്രൂരത.

നൂറു കണക്കിന് ആളുകൾ ഉപയോഗിക്കുന്ന തീയറ്റർ റോഡിലേയ്ക്കാണ് കംഫർട്ട് സ്റ്റേഷനിലെ മാലിന്യം തള്ളുന്നത്. മണ്ണിളക്കായ ശേഷം , തീയറ്റർ റോഡിലെ നഗരസഭയുടെ ഓടയുടെ സ്ളാബ് ഇളക്കി മാറ്റിയ ശേഷമാണ് കക്കൂസ് മാലിന്യവും വെള്ളവും അടക്കം ഓടയിലേയ്ക്ക് തള്ളിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാലിന്യം തള്ളുന്നതിനായി മതിലിന് പിന്നിലെ മണ്ണ് തുരന്നെടുത്തു. ഇതോടെ തീയറ്റർ റോഡിലെ മതിലിന്റെ കല്ലുകൾ ഇടിഞ്ഞ് അപകടാവസ്ഥയിലായി. ഏത് നിമിഷവും മതിൽ ഇടിഞ്ഞ് താഴെ വീഴാവുന്ന അവസ്ഥയിലാണ്.

ഒരാഴ്ചയിലേറെയായി തീയറ്റർ റോഡിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെ സ്ഥലത്ത് കുഴിയെടുപ്പും നിർമ്മാണ പ്രവർത്തനങ്ങളും നടന്നിരുന്നു. ഈ നിർമ്മാണ പ്രവർത്തനങ്ങൾ മാലിന്യം തള്ളുന്നതിനു വേണ്ടിയായിരുന്നു എന്ന് ഞായറാഴ്ച നടത്തിയ പരിശോധനയിലാണ് വ്യക്തമായത്.

 

നേരത്തെ മഴ പെയ്യുമ്പോൾ കക്കൂസ് മാലിന്യം റോഡിലേയ്ക്ക് തുറന്ന് വിടുകയായിരുന്നു. ഈ മാലിന്യങ്ങൾ തീയറ്റർ റോഡിലൂടെ ഒഴുകി ചന്തക്കടവിലെ തോട്ടിലാണ് എത്തുന്നത്. ഈ തോട്ടിൽ നിന്നുള്ള മാലിന്യങ്ങളും , കംഫർട്ട് സ്റ്റേഷനിലെ മാലിന്യങ്ങളും കൂടിച്ചേർന്ന് മീനച്ചിലാറ്റിലേയ്ക്കാണ് ഒഴുകിയെത്തിയത്.

നൂറ് കണക്കിന് സാധാരണക്കാർ വെള്ളം ഉപയോഗിക്കുന്ന ആറ്റിലേയ്ക്കാണ് കെ.എസ്.ആർ.ടി.സി കംഫർട്ട് സ്റ്റേഷനിൽ നിന്നുള്ള മാലിന്യം ഒഴുകി എത്തുന്നത്. നഗരസഭയുടെ ഓടയുടെ സ്ളാബ് ഇളക്കി കംഫർട്ട് സ്റ്റേഷനിലെ മാലിന്യം തോട്ടിലേയ്ക്ക് ഒഴുക്കി വിട്ടിരിക്കുകയാണ്. ഹോട്ടലുകളിൽ നിന്നും വീട്ടിൽ നിന്നും ഉള്ള മാലിന്യം ഓടകളിലേയ്ക്ക് തള്ളുന്നതിനെതിരെ ജില്ലാ കളക്ടർ പി.കെ സുധീർ ബാബു കർശന നിലപാടാണ് സ്വീകരിച്ചിരുന്നത്.

ഇതിനിടെയാണ് സർക്കാർ ഉടമസ്ഥതയിൽ നിന്നുള്ള സ്ഥാപനത്തിലെ കംഫർട്ട് സ്റ്റേഷനിൽ നിന്നുള്ള മാലിന്യം പൊതു നിരത്തിലേയ്ക്ക് തള്ളുന്നത്. ഇതിനെതിരെ യാതൊരു വിധ നടപടിയും നഗരസഭ അധികൃതരും സ്വീകരിക്കുന്നില്ല.