
തിരുവനന്തപുരം: കെഎസ്‌ആർടിസി ജീവനക്കാർക്കായി ഒരു ക്രിക്കറ്റ് ടീം രൂപീകരിക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേശ് കുമാർ പറഞ്ഞു.
ചലഞ്ചേഴ്സ് ക്ലബ്ബ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച കെഎസ്‌ആർടിസി ജീവനക്കാരുടെ സംസ്ഥാനതല ക്രിക്കറ്റ് ടൂർണമെന്റിന്റെ വിജയികള്‍ക്കുള്ള സമ്മാനദാനം നിർവഹിച്ചപ്പോഴായിരുന്നു സ്വന്തം ക്രിക്കറ്റ് ടീമിനെക്കുറിച്ചുള്ള മന്ത്രിയുടെ പ്രഖ്യാപനം. ടീം രൂപീകരിക്കാൻ സിഎംഡിയോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
‘കെഎസ്‌ആർടിസിക്കുവേണ്ടി ഒരു ക്രിക്കറ്റ് ടീം രൂപീകരിക്കാൻ ഞാൻ സിഎംഡിയോട് നിർദേശിച്ചിട്ടുണ്ട്. നേരത്തേ നമുക്ക് വോളിബോള്‍, ഫുട്ബാള്‍ ടീമുകള്‍ ഉണ്ടായിരുന്നു.
കലാസാംസ്‌കാരിക വേദി ഉണ്ടായിരുന്നു. എന്നാല്‍ അതെല്ലാം കാലാകാലങ്ങളില്‍ നഷ്ടപ്പെട്ടുപോയി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് ക്രിക്കറ്റാണ് ജനകീയമായ മത്സരം. ഇവിടെ മത്സരിച്ച ടീമുകളിലെ മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി നമുക്ക് ഒരു ക്രിക്കറ്റ് ടീം ഉണ്ടാക്കണം.
ഇക്കഴിഞ്ഞ ജൂലായ് മാസത്തില്‍ കെഎസ്‌ആർടിയുടെ നഷ്ടം 62 കോടി രൂപയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് 10 കോടി കുറഞ്ഞ് 51 കോടിയിലേക്ക് എത്തിയിട്ടുണ്ട്. കെഎസ്‌ആർടിസി നഷ്ടത്തില്‍ നിന്ന് കരകയറുകയാണ്.
കെഎസ്‌ആർടിസി കഴിഞ്ഞ വർഷത്തേക്കാള്‍ കുറച്ചു വണ്ടി ഓടുകയും കൂടുതല്‍ സാമ്ബത്തിക നേട്ടം ഉണ്ടാക്കുകയും ചെയ്യുന്നു. പക്ഷേ നമ്മുടെ ബാധ്യതകള്‍ പലതും കൂടുതലാണ്. എങ്കില്‍പ്പോലും നമ്മള്‍ ആ ഒരു പരാജയത്തിന്റെ പടുകുഴിയില്‍ നിന്ന് കയറുകയാണ്’- മന്ത്രി പ്രസംഗത്തില്‍ വ്യക്തമാക്കി.