വേതാളത്തെ ചുമക്കലാവരുത് ഗതാഗത മന്ത്രിയുടെ പണി, തോളത്തു തൂക്കിയിട്ടിരിക്കുന്ന ആ വേതാളത്തിന്റെ വാക്ക് കേട്ടുകൊണ്ട് എന്തും വിളിച്ചു പറയാമെന്ന നില അവസാനിപ്പിക്കണം ‘; ആന്‍റണി രാജുവിനെതിരെ വീണ്ടും സിഐടിയു
സ്വന്തം ലേഖകൻ
പത്തനംതിട്ട: കെഎസ്‌ആര്‍ടിസിയിലെ ശമ്പള വിവാദത്തില്‍ മന്ത്രി ആന്‍റണി രാജുവിനെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് സിഐടിയു.വേതാളത്തെ വിക്രമാദിത്യന്‍ തോളത്തിട്ടപോലെ മന്ത്രി സിഎംഡിയെ ചുമക്കുന്നു.വിക്രമാദിത്യന്‍–വേതാളം കളി അവസാനിപ്പിക്കണമെന്നും കെഎസ്ആർടിഇഎ വർക്കിങ് പ്രസിഡന്റ് സി.കെ.ഹരികൃഷ്ണന്റെ പരിഹാസം.
‘കുറേ നാളുകളായി ഈ വിക്രമാദിത്യൻ–വേതാളം കളി കെഎസ്ആർടിസിയിൽ നടക്കുന്നു. അതങ്ങ് അവസാനിപ്പിച്ചേക്കണം. ഒരു വസ്തുതയുമായി പുലബന്ധമില്ലാതെ തോളത്തു തൂക്കിയിട്ടിരിക്കുന്ന ആ വേതാളത്തിന്റെ വാക്ക് കേട്ടുകൊണ്ട് എന്തും വിളിച്ചു പറയാമെന്ന നില അവസാനിപ്പിക്കണം’– ഹരികൃഷ്ണൻ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വകുപ്പില്‍ നടക്കുന്നതൊന്നും മന്ത്രി ആന്റണി രാജു അറിയുന്നില്ലെന്നും സിഐടിയു വിമര്‍ശനം ഉന്നയിച്ചു.
കെഎസ്‌ആര്‍ടിസിയില്‍ ശമ്പളം ഗഡുക്കളായി നല്‍കാനുള്ള ഉത്തരവില്‍ അപാകതയില്ലെന്നും വേണമെങ്കില്‍ ചര്‍ച്ചയാകാമെന്നുമുള്ള ഗതാഗതമന്ത്രിയുടെ നിലപാടാണ് സിഐടിയുവിനെ ചൊടിപ്പിച്ചത്. ജീവനക്കാരെ മൊത്തത്തില്‍ ബാധിക്കുന്ന വിഷയത്തില്‍ തീരുമാനമെടുത്തശേഷം വേണമെങ്കില്‍ ചര്‍ച്ചയാകാം എന്ന രീതി ഇടതുപക്ഷ സര്‍ക്കാരിന്‍റെ നയത്തിന് വിരുദ്ധമാണെന്ന് സിഐടിയു കുറ്റപ്പെടുത്തുന്നു.
മാനേജ്മെന്‍റ് നിഷേധ നിലപാട് സ്വീകരിക്കുന്നതിന് പിന്നില്‍ മറ്റെന്തോ അജണ്ടയാണ്. ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ മന്ത്രിമാരെ സോപ്പിട്ട് വശത്താക്കുകയാണെന്നും ഇത്തരക്കാരെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നുമാണ് സിഐടിയുവിന്‍റെ ആവശ്യം. ശമ്പളത്തിന് ടാര്‍ഗറ്റ് വ്യവസ്ഥ കൊണ്ടുവരാനുള്ള നീക്കത്തില്‍ എംഡി ബിജു പ്രഭാകറുമായി കടുത്ത ഭിന്നതയിലാണ് തൊഴിലാളി സംഘടനകള്‍.
ശമ്പള വിതരണ രീതിയില്‍ പ്രതിഷേധിച്ച് പ്രത്യക്ഷ സമരവുമായി രംഗത്തെത്തുകയാണ് കെഎസ്‌ആര്‍ടിസി ജീവനക്കാര്‍. ഗഡുക്കളായി ശമ്പളം നല്‍കാനുള്ള മാനേജ്മെന്‍റ് തീരുമാനത്തില്‍ എതിര്‍പ്പറിയിച്ച് സിഐടിയു തൊഴിലാളികള്‍ ഇന്ന് മുതല്‍ മുഖ്യമന്ത്രിക്ക് കത്തയക്കും. പതിനായിരം കത്തുകളാണ് അയക്കുക.