കെഎസ്‌ആര്‍ടിസിയില്‍ ശമ്പള വിതരണം തുടങ്ങി; എല്ലാ മാസവും ഇങ്ങനെ പറ്റില്ലെന്ന് ധനമന്ത്രി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കാത്തിരിപ്പുകള്‍ക്കൊടുവില്‍ കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം തുടങ്ങി.
ശമ്പളം നല്‍കാനായി 20 കോടി രൂപ കുടി അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. സര്‍ക്കാര്‍ സഹായമായ 20 കോടി രൂപയക്ക് പുറമെ 50 കോടി രൂപ ഓവര്‍ഡ്രാഫ്റ്റ് എടുത്താണ് കെ എസ് ആര്‍ ടി സി തത്കാലം ശമ്പള പ്രതിസന്ധി മറികടന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സര്‍ക്കാര്‍ അധിക സഹായം പ്രഖ്യപിച്ചെങ്കിലും പണം കയ്യില്‍ കിട്ടാന്‍ കാത്തുനില്‍ക്കാതെ മാനേജ്മെന്‍റ് ഇന്ന് തന്നെ ശമ്പള വിതരണത്തിലേക്ക് കടക്കുകയായിരുന്നു.
ആവശ്യമുള്ള അധിക തുക മറ്റ് സാമ്പത്തിക ക്രമീകരണങ്ങളിലൂടെ ഉറപ്പാക്കിയാണ് നടപടി.
ആദ്യം ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കുമാണ് ശമ്പളം ലഭിക്കുക. ധന വകുപ്പില്‍ നിന്ന് പണം കിട്ടുന്ന മുറയ്ക്ക് മറ്റ് ജീവനക്കാരിലേക്കും ശമ്പളമെത്തും. മുഖ്യമന്ത്രി നടത്തിയ ഇടപെടലാണ് പ്രശ്ന പരിഹാരത്തിന് വഴി ഒരുക്കിയത്.
20 ദിവസം വൈകിയെങ്കിലും സ്കൂള്‍ തുറക്കും മുൻപ് ശമ്പളം കിട്ടുന്നതിന്‍റെ ആശ്വാസത്തിലാണ് ജീവനക്കാര്‍. എന്നാല്‍ എല്ലാ മാസവും കെ എസ് ആര്‍ ടി സിക്ക് കോടികള്‍ നല്‍കാനാവില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.
ഗതാഗതമന്ത്രിയുടെ നിലപാട് തള്ളി പണിമുടക്കുകളല്ല കെ എസ് ആര്‍ ടി സിയിലെ പ്രതിസന്ധിക്ക് കാരണമെന്നും കെ എന്‍. ബാലഗോപാല്‍ പറഞ്ഞു. തന്‍റെയും ധനമന്ത്രിയുടേയും നിലപാട് ഒന്ന് തന്നെയെന്നായിരുന്നു വിവാദത്തില്‍ ആന്‍റണി രാജുവിന്‍റെ പുതിയ പ്രതികരണം.