കെഎസ്ആര്‍ടിസിയില്‍ നിന്ന് പെന്‍ഷന്‍ കിട്ടാതെ വിരമിച്ച ജീവനക്കാര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ സര്‍ക്കാരിന് ദുഃഖം തോന്നുന്നില്ലേ ; പെന്‍ഷന്‍ വൈകുന്നതില്‍ സര്‍ക്കാരിനോട് ചോദ്യവുമായി ഹൈക്കോടതി ; ഓഗസ്റ്റ് മാസത്തെ പെന്‍ഷന്‍ ഒരാഴ്ചക്കകം നല്‍കണമെന്നും നിർദേശം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍ വൈകുന്നതില്‍ സര്‍ക്കാരിനോട് ചോദ്യവുമായി ഹൈക്കോടതി. പെന്‍ഷന്‍ കിട്ടാതെ കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ച ജീവനക്കാര്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളില്‍ സര്‍ക്കാരിന് ദുഃഖം തോന്നുന്നില്ലേ എന്ന് കോടതി ചോദിച്ചു. ഇനിയൊരു ആത്മഹത്യ ഉണ്ടാവരുത്. ഓഗസ്റ്റ് മാസത്തെ പെന്‍ഷന്‍ ഒരാഴ്ചക്കകം നല്‍കണമെന്നും സെപ്റ്റംബര്‍ മാസത്തെ പെന്‍ഷന്‍ വൈകരുതെന്നും കോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കി.

കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ വൈകുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയാണ് കോടതി ഇന്ന് പരിഗണിച്ചത്. പെന്‍ഷന്‍ വൈകുന്നതു മൂലമോ മുടങ്ങുന്നത് കാരണമോ ഇനി ഒരു ആത്മഹത്യയും ഉണ്ടാവാന്‍ പാടില്ല. ഇത്തരം സംഭവങ്ങള്‍ അങ്ങേയറ്റം സങ്കടകരമാണ്. കെഎസ്ആര്‍ടിസിയില്‍ നിന്ന് പെന്‍ഷന്‍ കിട്ടാതെ വിരമിച്ച ജീവനക്കാര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ സര്‍ക്കാരിന് ദുഃഖം തോന്നുന്നില്ലേ എന്നും കോടതി ചോദിച്ചു. കാട്ടാക്കട ഡിപ്പോയില്‍ നിന്ന് വിരമിച്ച ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവമാണ് കോടതി പരിഗണിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം പെന്‍ഷന്‍ കിട്ടാത്തത് മൂലമാണ് ആത്മഹത്യ എന്നത് സ്ഥിരീകരിച്ചിട്ടില്ല എന്നതായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ ഇതിനോടകം പെന്‍ഷന്‍ കിട്ടാത്തത് മൂലം നാല് ആത്മഹത്യകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത് ഓണക്കാലമാണ്. അതുകൊണ്ട് തന്നെ സെപ്റ്റംബര്‍ മാസത്തെ പെന്‍ഷന്‍ യാതൊരു കാരണവശാലും വൈകരുതെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം ജൂലൈ മാസം വരെയുള്ള പെന്‍ഷന്‍ പൂര്‍ണമായി കൊടുത്തുതീര്‍ത്തതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.