
ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനും ബസുകള്‍ക്ക് ഡീസലടിക്കാനും പണമില്ല; എന്നാലും കെ.എസ്.ആര്‍.ടി.സിയില്‍ ധൂര്‍ത്തിന് കുറവില്ല; അരക്കോടി ചെലവഴിച്ച് രൂപംമാറ്റം വരുത്തിയ ബസുകള്‍ വീണ്ടും മാറ്റുന്നു
സ്വന്തം ലേഖിക
തിരുവനന്തപുരം: ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനും ബസുകള്‍ക്ക് ഡീസലടിക്കാനും പണമില്ലെങ്കിലും ധൂര്‍ത്തിന് കുറവില്ലാതെ കെഎസ്ആർടിസി.
ലക്ഷങ്ങള്‍ മുടക്കി ഒൻപത് മാസം മുൻപ് രൂപമാറ്റം വരുത്തിയ സിറ്റി സര്‍ക്കുലര്‍ ബസുകള്‍ വീണ്ടും മാറ്റാനൊരുങ്ങുകയാണ് കെഎസ്ആർടിസി. അരക്കോടി രൂപ ചെലവഴിച്ച് മാറ്റിയ ബസുകളാണ് വീണ്ടും രൂപമാറ്റം വരുത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ നവംബറിലാണ് സിറ്റി സര്‍ക്കുലര്‍ സര്‍വീസുകള്‍ തുടങ്ങാന്‍ 69 ലോ ഫ്‌ളോര്‍ ബസുകള്‍ രൂപമാറ്റം വരുത്തിയത്. പെയിന്റിംഗ്, സീറ്റിംഗ് അറേഞ്ച്‌മെന്റ് തുടങ്ങി ഒരു ബസിന് 1.40 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു മാറ്റം. സിറ്റി ഷട്ടിലിനും കൂടി ചേര്‍ത്ത് 1.25 കോടി രൂപയാണ് രൂപമാറ്റത്തിനായി ചെലവാക്കിയത്.
പുതുതായി വാങ്ങിയ ഇലക്ട്രിക് ബസുകള്‍ വന്നതോടെ ഇവ സിറ്റി സര്‍ക്കുലറിനായി നിയോഗിച്ചു. നേരത്തെ ഓടിയിരുന്ന 39 ലോ ഫ്‌ളോര്‍ ബസുകള്‍ സിറ്റി ഷട്ടിലിന്‍റെ പെയിന്റ് പാറ്റേണിലേക്ക് മാറ്റാനാണ് ഉത്തരവിറക്കിയിരിക്കുന്നത്. 39 ബസുകള്‍ സിറ്റി സര്‍ക്കുലറാക്കിയതിന് 54.60 ലക്ഷം രൂപയാണ് ചെലവായത്. ഇവ ഷട്ടിലിന്റെ രീതിയിലാക്കുന്നതിന് ഇത്രത്തോളം തുക വേണ്ടി വരും. നേരത്തെ പൊളിച്ച് മാറ്റിയ സീറ്റുകള്‍ ഇപ്പോള്‍ ഉപയോഗശൂന്യമായി കഴിഞ്ഞു. അതിനാല്‍ സീറ്റുകളും പുതുതായി വാങ്ങേണ്ടി വരും.