പ്രളയനാളുകളിൽ മുത്താണ് കെഎസ്ആർടിസി
കോട്ടയം: പ്രളയജലത്തിൽ കേരളം വലഞ്ഞപ്പോൾ നിരവധി യാത്രക്കാരുടെ രക്ഷയ്‌ക്കെത്തിയത് നമ്മുടെ സ്വന്തം കെഎസ് ആർടിസിയാണ്. റെയില്‍ഗതാഗതവും വ്യോമഗതാഗതവും മഴയ്ക്ക് മുന്നിൽ തോറ്റുമടങ്ങിയപ്പോഴും കൂടുതല്‍ കൂടുതൽ സര്‍വ്വീസുകള്‍ ആരംഭിച്ച് കെഎസ്ആര്‍ടിസി പ്രതിസന്ധി ഘട്ടങ്ങളിൽ ഓടിയെത്തി.
സമൂഹമാധ്യമങ്ങൾ വഴി കൂടുതൽപ്പേരിലേക്ക് എത്തിച്ചേരാമെന്ന തിരിച്ചറിവോടെ ഫേസ്ബുക്കും വാട്ട്സാപ്പും ഉപയോഗിച്ച് 24 മണിക്കൂറും കെഎസ്ആർടിസി ജീവനക്കാർ കർമനിരതരായി. ഇതോടെ ദിവസവും 25000ൽ പരം സന്ദേശങ്ങളാണ് വിവിധയിടങ്ങളിൽ നിന്നും എത്തിയത്.
മഴക്കെടുതിയെ തുടർന്ന് നെടുമ്പാശ്ശേരി എയർപോർട്ട് അടച്ചിട്ടതിനാലും, റെയിൽപ്പാളങ്ങളിൽ വെള്ളം കയറി റെയിൽവേ പല സർവ്വീസുകളും റദ്ദാക്കിയപ്പോഴും നിരവധിപ്പേരാണ് പല സ്ഥലങ്ങളിൽ കുടുങ്ങിപ്പോയത്. ഈ യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കുന്നതിന് കെ.എസ്.ആർ.ടി.സി വിപുലമായ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയത്. തിരുവനന്തപുരം എയർപോർട്ടിൽ എത്തിച്ചേരുന്ന യാത്രികരെ സഹായിക്കുന്നതിനായി തിരുവനന്തപുരം എയർപോർട്ടിൽ ഹെൽപ് ഡെസ്ക് തുടങ്ങി പ്രവർത്തനങ്ങൾ എകോപിപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാത്രമല്ല ദുരിതബാധിതര്‍ക്കായുള്ള ആഹാരസാധനങ്ങളും മരുന്നുകളും വസ്ത്രങ്ങളും കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യമായാണ് ദുരന്തബാധിത പ്രദേശങ്ങളിലേക്കെത്തിക്കുന്നത്. കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള ഡിപ്പോകൾ ഇപ്പോൾ ദുരിതാശ്വാസ പ്രദേശങ്ങളിലേക്കുള്ള സാധനങ്ങളുടെ കളക്ഷൻ സെന്ററായി കൂടി പ്രവർത്തിക്കുന്നുണ്ട്. പ്രളയത്തിൽപെട്ടവർക്ക് നമ്മളെക്കൊണ്ടു ആകും വിധം സഹായം എത്തിക്കണം എന്ന സന്ദേശം കെഎസ്ആർടിസി ഗ്രൂപ്പുകളിൽ എത്തിയപ്പോഴേക്കും ജീവനക്കാരും കെഎസ്ആർടിസിയുടെ ആരാധകരും ഒത്തുചേർന്നു. വിവിധ മേഖലകളിൽ നിന്നു സമാഹരിച്ച ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും കെഎസ്ആർടിസി ബസുകളിൽ ദുരിതബാധിതർക്ക് എത്തിച്ചു നൽകി.