
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് മാർഗ നിർദ്ദേശവുമായി അധികൃതർ ; യാത്രക്കാർ ബസിനുള്ളിലോ , ബസിന് പുറത്തോവെച്ചോ കണ്ടക്ടറോടും, ഡ്രൈവറോടും പ്രകോപനമുണ്ടാക്കിയാൽ അതേ രീതിയിൽ ഒരു കാരണവശാലും പ്രതികരിക്കരുത് : നിർദേശങ്ങൾ ഇങ്ങനെ
സ്വന്തം ലേഖകൻ
തിരുവനന്തപുരം; കെ.എസ്.ആർ.ടി.സി ജീവനക്കാർ യാത്രാക്കാരോട് മോശമായി പെരുമാറുന്നതായുള്ള ഒറ്റപ്പെട്ട പരാതിപോലും അംഗീകരിക്കാനാകില്ലെന്ന് സിഎംഡി ബിജുപ്രഭാകർ ഐഎഎസ് അറിയിച്ചു. ഈ സാഹചര്യത്തിൽ യാത്രക്കാരോട് ജീവനക്കാർ എങ്ങനെ പെരുമാറണമെന്ന് സംബന്ധിച്ച് സിഎംഡി മാർഗനിർദ്ദേശം പുറത്തിറക്കി.
യാത്രാക്കാർ ബസിനുള്ളിലോ , ബസിന് പുറത്തോവെച്ചോ കണ്ടക്ടറോടും, ഡ്രൈവറോടും പ്രകോപനമുണ്ടാക്കിയാൽ അതേ രീതിയിൽ ഒരു കാരണവശാലും പ്രതികരിക്കരുതെന്നും, യാത്രാക്കാർ ജീവനക്കാരെ അസഭ്യം പറയുകയോ, കൈയ്യേറ്റം ചെയ്യുകയോ ചെയ്താൽ തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ പരാതി നൽകണമെന്നും മാർഗ നിർദ്ദേശത്തിൽ പറയുന്നു. തുടർന്നുളള നടപടികൾ യൂണിറ്റ് തലത്തിലോ, കേന്ദ്ര ഓഫീസ് തലത്തിലോ തീരുമാനിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജീവനക്കാർ യാത്രാക്കാരോട് മാന്യമായി പെരുമാറണം. സ്ത്രീകൾ, കുട്ടികൾ, വികലാംഗർ, മുതിർന്ന പൗരൻമാർ, അംഗവൈകല്യമുള്ളവർ , രോഗബാധിതരായ യാത്രാക്കാർ തുടങ്ങിയവർക്ക് ആവശ്യമുള്ള സൗകര്യം ബസുകളിൽ ഒരുക്കി നൽകണം. കൂടാതെ ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകളിലും ഇത്തരത്തിലുള്ള യാത്രാക്കാർ ആവശ്യപ്പെടുന്ന സ്റ്റോപ്പുകളിൽ നിർത്തി കൊടുക്കണമെന്നും ഉത്തരവിൽ പറയുന്നു. കൂടാതെ ജനതാ ഓർഡിനറി ബസുകളുടെ കാര്യത്തിലും, അൺലിമിറ്റഡ് ഓർഡിനറി ബസുകളുടെ കാര്യത്തിലും ഈ നിർദ്ദേശങ്ങൾ പാലിക്കണം.
സംവരണം ചെയ്തിട്ടുള്ള സീറ്റുകൾ ബന്ധപ്പെട്ട യാത്രാക്കാർക്ക് കണ്ടക്ടർ തന്നെ ലഭ്യമാക്കി കൊടുക്കണം. ഇത്തരത്തിലുള്ള യാത്രാക്കാർ എവിടെ നിന്നും കൈകാണിച്ചാലും ബസ് നിർത്തി അവർക്ക് യാത്രാ സൗകര്യം ഒരുക്കണമെന്ന് ഡ്രൈവർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. കൈകുഞ്ഞുമായി വരുന്ന അമ്മമാർ, ഗർഭിണികൾ എന്നിവർക്ക് പ്രത്യേകം പരിഗണന നൽകണം. യാത്രാക്കാരോട് അപമര്യാതയായി പെരുമാറയിതായി പരാതി ലഭിച്ചാൽ തുടർന്ന് നടത്തുന്ന അന്വേഷണത്തിൽ അത് ശരിയാെന്ന് ബോധ്യപ്പെട്ടാൽ ജീവനക്കാർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും മാർഗ നിർദ്ദേശത്തിൽ പറയുന്നു.