കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ കക്കൂസ് മാലിന്യം തീയറ്റർ റോഡിലേയ്ക്ക് തള്ളി വിട്ടു: തുറന്നു വിട്ടത് കെ.എസ്.ആർ.ടി.സി കംഫർട്ട് സ്റ്റേഷനിലെ മാലിന്യം; തീയറ്റർ റോഡ് വീണ്ടും മലിനമായി

കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ കക്കൂസ് മാലിന്യം തീയറ്റർ റോഡിലേയ്ക്ക് തള്ളി വിട്ടു: തുറന്നു വിട്ടത് കെ.എസ്.ആർ.ടി.സി കംഫർട്ട് സ്റ്റേഷനിലെ മാലിന്യം; തീയറ്റർ റോഡ് വീണ്ടും മലിനമായി

സ്വന്തം ലേഖകൻ

കോട്ടയം: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനിലെ മാലിന്യം തീയറ്റർ റോഡിലേയ്ക്കു തുറന്നു വിട്ടു. തിങ്കളാഴ്ച രാവിലെയാണ് കെ.എസ്.ആർ.ടി.സി കംഫർട്ട് സ്റ്റേഷനിലെ കക്കൂസ് മാലിന്യം റോഡിലേയ്ക്കു തള്ളിയത്. അതിരൂക്ഷമായ ദുർഗന്ധം മൂലം തീയറ്റർ റോഡിലൂടെ നടക്കാനാവാത്ത സ്ഥിതിയായി.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെ ഉള്ളിലെ കംഫർട്ട് സ്റ്റേഷനിൽ നിലവിൽ മാലിന്യ സംസ്‌കരണ മാർഗങ്ങൾ ഒന്നും തന്നെ ഫലപ്രദമായി പ്രവർത്തിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് മാലിന്യങ്ങൾ കൂട്ടത്തോടെ തീയറ്റർ റോഡിലേയ്ക്കു തള്ളിയിരിക്കുന്നത്.
നേരത്തെ തീയറ്റർ റോഡിലേയ്ക്ക് കക്കൂസ് മാലിന്യം തള്ളിയതിനെതിരെ നാട്ടുകാർ നിരവധി തവണ പരാതിപ്പെട്ടിരുന്നു. നൂറുകണക്കിന് ആളുകളാണ് ദിവസവും തീയറ്റർ റോഡിനെ ആശ്രയിക്കുന്നത്. ചന്തയ്ക്കുള്ളിലും, ഈരയൽക്കടവിലും അടക്കമുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന യുവതികളും, സ്ത്രീകളും, ഇവിടുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും, പഠിക്കുന്നവരും അടക്കമുള്ളവരും ഈ വഴിയെയാണ് ആശ്രയിക്കുന്നത്.
ഈ വഴിയിലേയ്ക്കാണ് ഇപ്പോൾ കെ.എസ്.ആർ.ടി.സിയിലെ കംഫർട്ട് സ്റ്റേഷൻ അധികൃതർ മാലിന്യം വൻ തോതിൽ തള്ളുന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉയർത്തുന്ന കക്കൂസ് മാലിന്യം അടക്കമുള്ളവയാണ് ഈ റോഡിലേയ്ക്ക് തള്ളുന്നത്. നേരത്തെ മഴക്കാലത്താണ് ഇത്തരത്തിൽ മാലിന്യങ്ങൾ തള്ളിയിരുന്നത്. എന്നാൽ, ഇപ്പോൾ മഴയില്ലാത്തപ്പോൾ പോലും മാലിന്യം അതിരൂക്ഷമായി തള്ളുകയാണ്. ഈ സാഹചര്യത്തിൽ രോഗം പടരാൻ കാരണമാകുന്ന രീതിയിൽ മാലിന്യം തള്ളിയ കെ.എസ്.ആർ.ടി.സി അധികൃതർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്.