video
play-sharp-fill
കെ.എസ്.ആർ.ടി.സിയെ മുച്ചൂടും മുടിച്ച് തൊഴിലാളി യൂണിയനുകൾ ; തച്ചങ്കരി ഇരുന്നപ്പോൾ പ്രതിദിനം 8 കോടി വരുമാനം ലഭിച്ചത് 6 കോടിയിലേക്ക് താഴ്ന്നു

കെ.എസ്.ആർ.ടി.സിയെ മുച്ചൂടും മുടിച്ച് തൊഴിലാളി യൂണിയനുകൾ ; തച്ചങ്കരി ഇരുന്നപ്പോൾ പ്രതിദിനം 8 കോടി വരുമാനം ലഭിച്ചത് 6 കോടിയിലേക്ക് താഴ്ന്നു

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ടോമിൻ തച്ചങ്കരി എംഡി ആയിരുന്ന കാലത്താണ് കെഎസ്ആർടിസിക്ക് മികച്ച വരുമാനം ലഭിച്ചതെന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. നല്ലരീതിയിൽ മുന്നോട്ടു പോയ ആനവണ്ടിക്ക് അള്ളുവെച്ചതു പോലെയായിരുന്നു അദ്ദേഹത്തെ ആ സ്ഥാനത്തു നിന്നും മാറ്റിയത്.

യൂണിയൻകാരുടെ സമ്മർദ്ദമായിരുന്നു ഇതിനെല്ലാം കാരണം. കെഎസ്ആർടിസിയെ മുച്ചൂടും മുടിച്ചത് തൊഴിലാളി യൂണിയനുകളായിരുന്നു.തച്ചങ്കരിയെ പുകച്ചു പുറത്തു ചാടിച്ചവർ വീണ്ടും ഭരണക്കാരുടെ റോളിൽ എത്തിയതോടെ കെഎസ്ആർടിസി വീണ്ടും കുത്തുപാള എടുക്കുകയാണ്.ഓരോ ദിവസം പോകുതോറും വരുമാനം ഇടിഞ്ഞ് താഴ്ന്ന അവസ്ഥയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തച്ചങ്കരിയുടെ കാലത്ത് പ്രതിദിനം എട്ടുകോടി രൂപ വരുമാനം ലഭിച്ചിരുന്നു എന്നാൽ ഇപ്പോൾ 6 കോടി രൂപയായ് കുറഞ്ഞു.എന്നാൽ ഈ പറഞ്ഞ 6 കോടി ലഭിച്ചത് കഴിഞ്ഞമാസം ഒരു ദിവസം മാത്രമാണ്.ബാക്കി എല്ലാ ദിവസവും ഇതിലെല്ലാം താഴെയാണ് വരുമാനം ലഭിക്കുന്നത്.

ഒക്ടോബർ 9ന് 7.27 കോടി രൂപ ലഭിച്ചു. 13 ദിവസങ്ങളിൽ വരുമാനം 6 കോടി രൂപയിലും താഴെയായി. മറ്റു ദിവസങ്ങളിലെ ശരാശരി വരുമാനം 6.09 6.15 കോടി. കഴിഞ്ഞ മാസത്തെ യാത്രാവരുമാനം 187 കോടി.

ഡ്രൈവർമാരുടെ കുറവ്, സർവീസ് വെട്ടിക്കുറയ്ക്കൽ, പുതിയ ബസുകളുടെ കുറവ്, സ്പെയർ പാർട്സ്/ ടയർ ക്ഷാമം തുടങ്ങിയവയാണു വരുമാനം കുറയാൻ കാരണം. ജീവനക്കാർക്ക് ശമ്പളം കിട്ടുന്നതും ഇപ്പോൾ ഏറെ വൈകിയാണ്.

മാസം അവസാന പ്രവൃത്തിദിവസം ശമ്പളം നൽകുക, ശമ്പളപരിഷ്‌കരണം നടപ്പാക്കുക, ഡിഎ കുടിശികയും തടഞ്ഞുവച്ച സ്ഥാനക്കയറ്റങ്ങളും അനുവദിക്കുക, നിയമന നിരോധനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു ട്രാൻസ്പോർട്ട് ഡ്രൈവേഴ്സ് യൂണിയനും ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയനും ഉൾപ്പെടുന്ന ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ ഇന്നു പണിമുടക്കു നടത്തുന്നത്.

കെഎസ്ആർടിസിയുടെ സർവീസ് മുടക്കി സമരത്തിനിറങ്ങുന്നതിനു പകരം മറ്റു രീതിയിലുള്ള സമരമുറകൾ സ്വീകരിക്കാൻ സംഘടനകൾ ശ്രമിക്കണമെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ വ്യക്തമാക്കി.

കെഎസ്ആർടിസിയുടെ വരുമാനത്തിൽ ഇടിവു സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ദിവസത്തെ വരുമാനം മുടങ്ങിയാൽപ്പോലും അതു ശമ്പള വിതരണത്തെ ബാധിക്കും. ഓരോ മാസവും ശമ്പളം വൈകുന്നുണ്ടെങ്കിലും അതതു മാസം തന്നെ കൊടുത്തുതീർക്കാൻ കെഎസ്ആർടിസി കഠിനപ്രയത്നം നടത്തുകയാണ്.

ആദ്യ പത്തു ദിവസത്തിൽ ഇന്ത്യൻ ഓയിൽ കോർപറേഷന് ഇന്ധനവില നൽകും. തുടർന്നുള്ള ദിവസങ്ങളിൽ ഊഴമനുസരിച്ചു ശമ്പളവും പെൻഷനും നൽകും. ഒരു ദിവസത്തെ വരുമാനം കുറഞ്ഞാൽ ശമ്പള വിതരണവും വൈകും.എംഡിയും ചെയർമാനും തൊഴിൽ വകുപ്പും ചർച്ചകൾ നടത്തിയെങ്കിലും തൊഴിലാളികൾ തൃപ്തരല്ല. തുറന്ന ചർച്ചയ്ക്കു തയാറാണെന്നും മന്ത്രി പറഞ്ഞു.

സ്വകാര്യ ബസുകൾക്കു വേണ്ടി സർവീസുകൾ റദ്ദാക്കുന്നുണ്ടെങ്കിൽ ഉത്തരവാദികൾ അതതു കെഎസ്ആർടിസി ഡിപ്പോകളാണ്. ചെലവു കുറയ്ക്കലിന്റെ ഭാഗമായി വരുമാനം കുറഞ്ഞ ഷെഡ്യൂളുകൾ മാത്രം നിർത്താനാണു നിർദേശമുള്ളത്. ഡിപ്പോകളിലെ ഉദ്യോഗസ്ഥരാണു റദ്ദാക്കേണ്ട ഷെഡ്യൂളുകൾ തീരുമാനിക്കുന്നത് മന്ത്രി പറഞ്ഞു.

അതേസമയം കെഎസ് ആർടിസി വാടകയ്ക്കെടുത്ത സ്‌കാനിയ ബസുകൾ ‘ഓടാൻ ഭയന്ന്’ ഷെഡിൽ കയറിയതോടെ തിരുവനന്തപുരം ബെംഗളൂരു, മംഗളൂരു സർവീസുകൾ ഭാഗികമായി തടസ്സപ്പെട്ടു.

സർവീസ് ക്രമപ്പെടുത്താനുള്ള ശ്രമമാണു നടക്കുന്നത്. വായ്പ തിരിച്ചടവു മുടങ്ങിയതു മൂലം കെഎസ്ആർടിസിയുടെ വാടക സ്‌കാനിയ ബസുകൾ കർണാടകയിലെ ധനകാര്യ സ്ഥാപനം പിടിച്ചെടുത്തിരുന്നു.

അതേസമയം കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് ഈ മാസത്തെ ശമ്പളം എന്നു നൽകാനാകുമെന്നു ചോദിച്ചാൽ കൃത്യമായ ഉത്തരമില്ലാതെ മാനേജ്‌മെന്റ് കൈമലർത്തും.

ഈ മാസത്തെ സർക്കാർ സഹായം 15 കോടി രൂപയായി ചുരുങ്ങി. ഇതുംകൂടി ചേർത്താൽ കൈവശമുള്ളത് 35 കോടി മാത്രം. കഴിഞ്ഞ തവണത്തെപ്പോലെ സ്ഥിരജീവനക്കാർക്ക് 80 ശതമാനമെങ്കിലും ശമ്പളം നൽകാൻ 54 കോടി രൂപ വേണം. 67.71 കോടിയാണ് ഒക്ടോബറിലെ ശമ്പളവിതരണത്തിനു വേണ്ടത്.

സർക്കാരിനോടു വീണ്ടും 50 കോടി കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, നേരത്തേ നൽകിയതിനെക്കാൾ സഹായം നൽകാനാകില്ലെന്ന നിലപാടിലാണ് ധനവകുപ്പ്.

ബജറ്റിൽ പ്രഖ്യാപിച്ച 1000 കോടിക്കുപുറമേ കൂടുതൽ സഹായം നൽകാനാകില്ലെന്നു വ്യക്തമാക്കിയിരുന്നു. ഇതിൽ 720 കോടിയും പെൻഷനായി മാറ്റിവെച്ചു. ശേഷിക്കുന്ന 280 കോടി രൂപയിൽനിന്ന് മാസം 20 കോടി വീതം വാങ്ങി ശമ്പളം നൽകാൻ ഉപയോഗിക്കുകയായിരുന്നു.

ഓണത്തിന് 40 കോടി നൽകി. മാസം ലഭിക്കുന്ന സഹായത്തിൽനിന്ന് അഞ്ചുകോടി കെ.എസ്.ആർ.ടി.സി.യുടെ തന്നെ മറ്റു ബാധ്യതകൾ തീർക്കാൻ വിനിയോഗിക്കുകയാണ്. ദിവസവരുമാനത്തിൽനിന്നു മിച്ചംപിടിച്ച് ശമ്പളം നൽകുകയെന്നതാണ് മുന്നിലുള്ള പോംവഴി. ബാങ്ക് വായ്പാ തിരിച്ചടവും ഡീസൽ ചെലവും കഴിഞ്ഞാൽ ദിവസം ശമ്പളത്തിനായി മാറ്റിവെക്കാനാകുക 1.20 കോടിയാണ്. വരുമാനത്തെ ആശ്രയിച്ച് ശമ്പളം നൽകാനാണെങ്കിൽ നവംബർ 20 എങ്കിലും കഴിയേണ്ടിവരുമെന്നാണു നിഗമനം.

അതേസമയം, ജോലിക്ക് ഹാജരാകാത്തവർക്കു ഡയസ്നോൺ ബാധകമായിരിക്കുമെന്നു മാനേജ്മെന്റ് വ്യക്തമാക്കി. തിങ്കളാഴ്ചത്തെ വേതനം നവംബറിലെ ശമ്പളത്തിൽ നിന്ന് ഈടാക്കും.

മെഡിക്കൽ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലില്ലാതെ അവധി അനുവദിക്കില്ല. കഴിഞ്ഞ ദിവസം കെഎസ്ആർടിസി സിഎംഡി വിളിച്ചുചേർത്ത ചർച്ച പരാജയമായിരുന്നു. തിങ്കളാഴ്ച മറ്റു യൂണിയനുകളിലെ ജീവനക്കാർ ജോലിക്കെത്തിയേക്കുമെന്നാണു സൂചന. ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കുള്ള സർവീസുകളെ പണിമുടക്ക് ബാധിക്കില്ലെന്ന് കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്.