മതിയായ ജീവനക്കാർ പിഎസ് സി വഴി വന്നില്ലെങ്കിൽ കെഎസ്ആർടിസിക്ക് എംപാനലുകാരെ ജോലിക്ക് നിയോഗിക്കാം; ഹൈക്കോടതി
സ്വന്തം ലേഖകൻ
കൊച്ചി: കെഎസ്ആർടിസിക്ക് ആവശ്യമെങ്കിൽ എംപാനലുകാരെ ജോലിക്ക് നിയോഗിക്കാമെന്ന് ഹൈക്കോടതി. കെഎസ്ആർടിസി നിയമനം സംബന്ധിച്ച കേസിൽ കക്ഷി ചേരാൻ, പിരിച്ചുവിടപ്പെട്ടവർ നൽകിയ ഹർജി പരിഗണിയ്ക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. മതിയായ ജീവനക്കാർ പിഎസ് സി വഴി വന്നില്ലെങ്കിൽ ഇങ്ങനെ ചെയ്യാമെന്ന് കോടതി അറിയിച്ചു. ചട്ടങ്ങൾ അനുവദിക്കുമെങ്കിൽ അങ്ങനെ തുടരാമെന്നും കോടതി കൂട്ടിച്ചേർത്തു. കണ്ടക്ടർമാരായി പിഎസ് സി അഡൈ്വസ് മെമ്മോ നൽകിയവർക്ക് നിയമന ഉത്തരവുകൾ നൽകിയതായി കെഎസ്ആർടിസി ഹൈക്കോടതിയെ അറിയിച്ചു. ഇവർക്ക് ഒരുമാസത്തെ താൽക്കാലിക കണ്ടക്ടർ ലൈസൻസ് നൽകും. അഡൈ്വസ് മെമ്മോ നൽകിയവർക്ക് നിയമനം നിഷേധിക്കരുതെന്ന് പിഎസ് സിയുടെ അഭിഭാഷകൻ പറഞ്ഞു. നേരത്തെ മുഴുവൻ എംപാനൽഡ് ജീവനക്കാരെയും പിരിച്ചുവിടാനും പിഎസ് സി ലിസ്റ്റിലുള്ളവരെ രണ്ടു ദിവസത്തിനകം നിയമിക്കാനും കോടതി നിർദേശിച്ചിരുന്നു.