
മേയർ ആര്യ രാജേന്ദ്രൻ കേസ് ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ്, 3 മാസമായി ജോലിയില്ല ജീവിതം പ്രതിസന്ധിയിലാണ്: ഡ്രൈവർ യദു
തിരുവനന്തപുരം: മേയർ ആര്യാ കെഎസ്ആർടിസി ഡ്രൈവറും തമ്മിലുള്ള കേസ് പുതിയ വഴിതിരിവിലേയ്ക്ക്. അടുത്തിടെ തന്നെ ജോലിയിൽ തിരികെ എടുക്കണമെന്ന് പറഞ്ഞ് യദു, ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിനെ കാണാൻ ശ്രമിച്ചിരുന്നു. ഇതിനിടെ കേരളത്തിൽ പലയിടത്തും യദുവിന് വേണ്ടി ഒറ്റയാൾ സമരങ്ങൾ ഉണ്ടാവുകയും പണപ്പിരിവുകൾ ഉൾപ്പെടെ നടക്കുകയും ചെയ്തിരുന്നു.
അതേസമയം മേയർ ആര്യയുമായുള്ള കേസ് എങ്ങനെയും തേച്ചുമാച്ച് കളയാനുള്ള ശ്രമത്തിലാണ് അവർ. കോടതി ഇടപെടൽ ഇല്ലെങ്കിൽ കേസ് എങ്ങുമെത്താൻ പോകുന്നില്ല. അതുകൊണ്ട് കേസിന്റെ കാര്യത്തിൽ ഒരു തീരുമാനം ആകുന്നതുവരെ മറ്റ് ജോലിക്ക് പോകേണ്ടതില്ല എന്നാണ് ഇപ്പോഴത്തെ തീരുമാനമെന്ന് യദു പറഞ്ഞു. സ്വകാര്യ ബസുകളിൽ ജോലിക്ക് പോകാൻ പറ്റും. പക്ഷെ ഈ കേസിന്റെ പേരിൽ പാർട്ടിക്കാർ തനിക്കെതിരെ ഇനി വേറെ സ്ത്രീകളെക്കൊണ്ട് കേസ് കൊടുപ്പിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടാണ് ജോലിക്ക് പോകാത്തത്.
ഈ വിഷയം ഉണ്ടായതിന് പിന്നാലെ എനിക്ക് ഗൾഫിൽ നിന്നുൾപ്പെടെ കുറെപ്പേർ കേസ് നടത്തുന്നതിന് പണം അയച്ചുതന്നിരുന്നു. ഒരുലക്ഷത്തിന് മുകളിൽ വരും. അത് ഞാൻ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. അത് കേസിന്റെ ആവശ്യങ്ങൾക്കല്ലാതെ ഉപയോഗിക്കില്ല. പക്ഷെ കഴിഞ്ഞ മൂന്ന് മാസത്തോളമായി ജോലിയില്ലാതിരിക്കുകയാണ്. അതിന്റേതായ പ്രതിസന്ധികളുണ്ട്. പ്രായമായ അച്ഛൻ ഇപ്പോഴും ജോലി ചെയ്യുന്നു. ആ വരുമാനം മാത്രമാണ് കുടുംബത്തിനുള്ളത്. പ്രായമായ സമയത്ത് മാതാപിതാക്കളെ സംരക്ഷിക്കേണ്ട സമയത്ത് അതിന് സാധിക്കാതെ പോകുന്നതിൽ വിഷമമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പക്ഷെ ഈ കേസുമായി മുന്നോട്ടു പോകണമെന്ന് തന്നെയാണ് തീരുമാനം. അതാണ് എല്ലാവരും പറയുന്നതും. അമ്മയൊക്കെ പുറത്ത് പോകുമ്പോൾ ആളുകൾ വന്ന് പറയാറുണ്ട്, യദുവിനെ തോറ്റുപോകാൻ അനുവദിക്കരുത് എന്ന്. അതാണ് മുന്നോട്ട് പോകാൻ ധൈര്യം നൽകുന്നത്.
ഞാനിത് ചെയ്യുന്നത് അധികാരത്തിന്റെ ധാർഷ്ട്യത്തിൽ സാധാരണക്കാരോട് എന്തുമാകാമെന്ന ബോധം ഉള്ളവർക്കെതിരെ നിൽക്കാൻ വേണ്ടിയാണ്. എന്നേപ്പോലെ സമാന സാഹചര്യത്തിലൂടെയെ അല്ലെങ്കിൽ ഭരണത്തിലുള്ളവരുടെയോ ഒക്കെ ഭാഗത്ത് നിന്ന് അനീതി നേരിട്ടവരുണ്ട്. അവർക്ക് വേണ്ടി കൂടിയാണ് ഇപ്പോഴും കേസുമായി മുന്നോട്ടുപോകുന്നത്.