
യാത്രക്കാരനായ വയോധികനെ കെഎസ്ആർടിസി ഡ്രൈവർ മർദ്ദിച്ചതായി പരാതി. ബസ് സ്റ്റോപ്പിൽ ഇറങ്ങാൻ വൈകിയതിനാണ് വയോധികനെ കെഎസ്ആർടിസി ഡ്രൈവർ കമ്പി കൊണ്ടടിച്ച ശേഷം ബസിൽ നിന്നും ചവിട്ടി തള്ളിയിട്ടത്. തിരുവനന്തപുരം കിഴക്കേകോട്ടയിൽ നിന്നും കുറ്റിയാണിയിലേക്ക് പോയ ബസ്സിലെ യാത്രക്കാരനായ വട്ടപ്പാറ സ്വദേശി ഭദ്രനാണ് ദുരനുഭവം നേരിട്ടത്. മർദനത്തിൽ ഭദ്രന്റെ തലയിൽ അഞ്ചോളം സ്റ്റിച്ചുകളാണ് ഉള്ളത്. ബന്ധുക്കളെത്തിയാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. വാരിയെല്ലിനും പരുക്കുണ്ട്. സംഭവത്തിൽ വട്ടപ്പാറ പൊലീസിൽ ഭദ്രൻ പരാതി നൽകുകയും ഡ്രൈവർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. പോളിംഗ് ദിവസമാണ് സംഭവമുണ്ടായത്. തിരുവനന്തപുരം ചാല മാർക്കറ്റിൽ കച്ചവടം നടത്തുന്നയാളാണ് ഭദ്രൻ. വൈകീട്ട് വീട്ടിലേക്ക് പോകാനായി ബസിൽ കയറിയപ്പോഴാണ് ദുരനുഭവം നേരിട്ടത്.
തനിക്ക് ഇറങ്ങേണ്ട സ്റ്റോപ്പിൽ നിർത്താതെ മറ്റൊരു സ്റ്റോപ്പിലാണ് ഡ്രൈവർ ബസ് നിർത്തിയത്. ഈ സമയത്താണ് വളരെ വേഗം ഇറങ്ങാൻ ഡ്രൈവർ ഭദ്രനോട് ആവശ്യപ്പെടുന്നത്. എന്നാൽ കാലിന് ചില അസ്വസ്ഥതകൾ നേരിടുന്നതിനാൽ വളരെ പതുക്കെ മാത്രമേ ഇറങ്ങാൻ കഴിയുകയുളൂവെന്ന് വയോധികൻ പറയുകയുണ്ടായി. എന്നാൽ ഡ്രൈവർ ഇത് വിസമ്മതിക്കുകയാണ് ഉണ്ടായത്. ഇതിൽ പ്രകോപിതനായ ഡ്രൈവർ വയോധികൻ ബസിൽ നിന്ന് ഇറങ്ങുന്ന സമയത്ത് കമ്പി കൊണ്ട് ആക്രമിക്കുകയും ദേഹത്ത് ചവിട്ടുകയും ചെയ്തുവെന്നാണ് പരാതി. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോളിംഗ് ദിവസമായതിനാൽ ബസിൽ യാത്രക്കാർ വളരെ കുറവായിരുന്നു.


