
കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ വട്ടം നിര്‍ത്തി; സ്‌കൂട്ടര്‍ യാത്രികന്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ മര്‍ദിച്ചു ; സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
സ്വന്തം ലേഖകൻ
കൊച്ചി: മുട്ടത്ത് സ്‌കൂട്ടര്‍ യാത്രികന്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ മര്‍ദിച്ചു. സ്‌കൂട്ടര്‍ ഇടതുവശത്ത്കൂടി ഓവര്‍ടേക്ക് ചെയ്തത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമായത്. കോതമംഗലം ഡിപ്പോയിലെ ഡ്രൈവര്‍ എംഎച്ച് ജയകുമാറിനാണ് മര്‍ദനമേറ്റത്. ഇന്നലെ വൈകീട്ട് നാലരയ്ക്കായിരുന്നു സംഭവം. ഇയാളെ ബൈക്ക് യാത്രികന്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
ഇടതുവശത്തുകൂടി ഓവര്‍ടേക്ക് ചെയ്ത വന്ന സ്‌കൂട്ടര്‍ യാത്രികന്‍ ബസിന് മുന്നില്‍ വട്ടം നിര്‍ത്തുകയും അതിന് ശേഷം ഡോര്‍ തുറന്ന് ആക്രമിക്കുകയുമായിരുന്നെന്ന് ഡ്രൈവര്‍ പൊലീസില്‍ മൊഴി നല്‍കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൈക്കുഞ്ഞുമായി വന്ന് ഇങ്ങനെ വട്ടം നിര്‍ത്തിയാല്‍ അപകടമുണ്ടാകില്ലേ എന്ന് ചോദിച്ചതാണ് ബൈക്ക് യാത്രികനെ പ്രകോപിപ്പിച്ചതെന്നും തുടര്‍ന്ന് നേരെ ആക്രമിക്കുകയായിരുന്നുവെന്നും കെഎസ്ആര്‍ടിസി െൈഡ്രവര്‍ പറയുന്നു.
ഡ്യൂട്ടി തടസപ്പെടുത്തിയതും മര്‍ദിച്ചതുമടക്കമുള്ള വകുപ്പുകള്‍ പ്രകാരം യുവാവിനെതിരെ പൊലീസ് കേസ് എടുത്തു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
മൂന്നാറില്‍ നിന്ന് ആലുവയിലേക്ക് സര്‍വീസ് നടത്തുന്ന ബസിന്റെ ഡ്രൈവര്‍ക്കാണ് മര്‍ദനമേറ്റത്. തുടര്‍ന്ന് യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റുകയായിരുന്നു. പരിക്കേറ്റ ഡ്രൈവര്‍ കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.