കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെയും കണ്ടക്ടറെയും മർദ്ദിച്ച സംഭവം: മൂന്നു പേരെ അറസ്റ്റ് ചെയ്തു പോലീസ്
മൂന്നാർ: കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് ഡ്രൈവറെയും കണ്ടക്ടറെയും ആക്രമിച്ച സംഭവത്തിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പൂപ്പാറ സ്വദേശി അൻസാർ (46), പൂപ്പാറ ടവർ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന മഞ്ചേശ്വരം സ്വദേശി കുമരേശൻ (33), എസ്റ്റേറ്റ് പൂപ്പാറ സി.എം. കോട്ടേജിൽ ചെല്ലദുരൈ (54) എന്നിവരെയാണ് ശാന്തപാറ പോലീസ് അറസ്റ്റ് ചെയ്തത്.
മൂന്നാർ ഡിപ്പോയിലെ ഡ്രൈവർ എൽദോസ്, കണ്ടക്ടർ ബാലാജി എന്നിവരെയാണ് ആക്രമിച്ചത്. കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ ആനയിറങ്കലിലാണ് സംഭവം. വെളിയാഴ്ച വൈകിട്ട് 4.45ന് പൂപ്പാറയിൽ നിന്ന് മൂന്നാറിലേക്ക് പോവുകയായിരുന്ന ബസ് ബെവ്കോ ഭാഗത്ത് എത്തിയപ്പോൾ നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്നിറങ്ങിയ ഇവർ ബസിന് നേരെ കൈകാണിച്ചു. മദ്യലഹരിലായ ഇവരെ കണ്ട് ബസ് നിറുത്താതെ പോയി.
തുടർന്ന് പ്രകോപിതരായ ഇവർ ഓട്ടോറിക്ഷയിൽ പിന്തുടർന്ന് ആനയിറങ്കലിന് സമീപമെത്തിയപ്പോൾ ബസ് തടഞ്ഞ് ഡ്രൈവറെയും കണ്ടക്ടറെയും ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ എൽദോസിന്റെ കാലിന് പരിക്കേറ്റു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group