
കോഴിക്കോട്: ഹാൻസ് കൈവശംവെച്ചതിന് കെ.എസ്.ആർ.ടി.സി. യാത്രക്കാരന് എക്സൈസ് ഉദ്യോഗസ്ഥർ പിഴയിട്ടു. ഇതിന്റെ ദേഷ്യംതീർക്കാൻ യാത്രക്കാരൻ കണ്ടക്ടറെ മർദിച്ചു. വ്യാഴാഴ്ച രാവിലെ 7.20-നാണ് സംഭവം.
ചേളന്നൂർ കണ്ണങ്കര മനയിൽത്താഴം എം.എം. അഭിജിത്തി(43)നാണ് മർദനമേറ്റത്. ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്നു കെ.എസ്.ആർ.ടി.സി.
തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിൽ ബസ്സെത്തിയപ്പോൾ ഹാൻസ് കൈവശംവെച്ചതിന് പിഴയൊടുക്കാൻ യാത്രക്കാരനോട് ആവശ്യപ്പെട്ടു. എന്നാൽ, പിഴയടയ്ക്കാൻ യാത്രക്കാരൻ തയ്യാറായില്ല. ഇയാളുടെ പേരും മേൽവിലാസവും ചോദിച്ചറിഞ്ഞ എക്സൈസ് ഉദ്യോഗസ്ഥർ കോടതിയിൽ പിഴയടയ്ക്കാൻ ആവശ്യപ്പെട്ടു. യാത്രചെയ്യാൻ അനുവദിക്കുകയുംചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബസ് കോഴിക്കോട് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ എത്തിയപ്പോൾ യാത്രക്കാരൻ ഒരു പ്രകോപനവുമില്ലാതെ ഇതിന്റെ വിരോധംകൊണ്ട് കണ്ടക്ടറെ മർദിക്കുകയായിരുന്നു. യാത്രക്കാരനുവേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്ന് നടക്കാവ് പോലീസ് പറഞ്ഞു. കണ്ടക്ടറുടെ പരാതിയിൽ കേസെടുത്തു.



