
ടയറിന്റെ നട്ടുകൾ വഴിയിൽ പൊഴിഞ്ഞിട്ടും കെഎസ്ആർടിസി ബസ് കണ്ണുംപൂട്ടി ഓടിയത് മങ്കൊമ്പ് വരെ
സ്വന്തം ലേഖകൻ
ചങ്ങനാശേരി: പിൻചക്രത്തിന്റെ നട്ടുകൾ വഴിയിൽ പൊഴിഞ്ഞിട്ടും കെഎസ്ആർടിസി ബസ് കണ്ണുംപൂട്ടി ഓടിയത് മങ്കൊമ്പ് വരെ. കോട്ടയത്തുനിന്നുള്ള ബസ് മങ്കൊമ്പിൽ എത്തിയപ്പോഴാണ് ചക്രത്തിന്റെ എട്ടു നട്ടുകളും ഊരി വഴിയിൽ പോയ വിവരം പിന്നിൽ വന്ന കാർ ഡ്രൈവർ പറഞ്ഞ്് ജീവനക്കാർ അറിയുന്നത്. കോട്ടയം ഡിപ്പോയിൽനിന്ന് ആലപ്പുഴയ്ക്കു പോയ കെഎൽ-15, 9638 നമ്പറിലുള്ള ബസിൻറെ ഫുട്‌ബോർഡ് സൈഡിലുള്ള പിൻചക്രത്തിന്റെ നട്ടുകളാണ് ഓട്ടത്തിനിടയിൽ ഓരോന്നായി വഴിയിൽ പോയത്. അപകടസാധ്യത മനസിലാക്കിയ കാർ ഡ്രൈവർ ബസിനെ ഓവർടേക്ക് ചെയ്തു മുന്നിൽകാർ നിർത്തിയാണ് വിവരം അറിയിച്ചത്. ഇതോടെ അപകടമൊന്നുമുണ്ടാകാതെ രക്ഷപ്പെട്ട ആശ്വാസത്തിൽ യാത്രക്കാർ ബസിൽനിന്ന് ഇറങ്ങി. തുടർന്നു പിന്നാലെ വന്ന ബസിൽ യാത്രക്കാരെ കയറ്റിവിട്ടു. ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം കൊണ്ടാണെന്ന് യാത്രക്കാർ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.