കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ‘ ആംബുലൻസ് ‘ ആയി; യാത്രക്കിടെ അവശ നിലയിലായ യുവതിയെ ആശുപത്രിയിൽ എത്തിച്ച് കെഎസ്ആർടിസി
സ്വന്തം ലേഖകൻ
എറണാകുളം: കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ആംബുലന്‍സായി. പത്തനംതിട്ട മല്ലപ്പള്ളി ഡിപ്പോയുടെ പാലക്കാട് സൂപ്പര്‍ ഫാസ്റ്റ് ബസാണ് ആംബുലന്‍സായി ചീറിപ്പാഞ്ഞത്. അങ്ങനെ തിരിച്ചുപിടിക്കാനായത് ഒരു ജീവന്‍. മല്ലപ്പള്ളിയില്‍നിന്നു പാലക്കാട്ടേയ്ക്കു പോകുന്നതിനിടെ യാത്രക്കാരിയായ യുവതി ബസില്‍ അബോധാവസ്ഥയിലാകുകയായിരുന്നു. ഉടന്‍ തന്നെ ഡ്രൈവര്‍ പ്രസാദ്, കണ്ടക്ടര്‍ ജുബിന്‍ എന്നിവര്‍ ചേര്‍ന്ന് യുവതിയെ ആശുപത്രിയിലാക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.
ആദ്യം അടുത്തുളള ആശുപത്രിയില്‍ എത്തിച്ചെങ്കിലും സജ്ജീകരണങ്ങളുടെ അഭാവം മൂലം ഇവിടെ പ്രവേശിപ്പിക്കാനായില്ല. ഇതോടെ ബസ് ഒരു പെട്രോള്‍ പമ്പിൽ കയറ്റി തിരിച്ചശേഷം മുവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. യുവതിയെയും കൊണ്ട് കെഎസ്‌ആര്‍ടിസി ബസ് ചീറിപ്പാഞ്ഞ് ആശുപത്രിയില്‍ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ കെഎസ്‌ആര്‍ടിസി പങ്കുവച്ചു. പ്രസാദിന്റെയും ജുബിന്റെയും അവസരോചിതമായ ഇടപെടല്‍ മൂലമാണ് യുവതിയെ ആശുപത്രിയില്‍ എത്തിക്കാനും തുടര്‍ചിത്സ നല്‍കുവാനും സാധിച്ചതെന്നും ഇരുവരെയും അഭിനന്ദിക്കുന്നതായും വിഡിയോയ്ക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നു. ആശുപത്രിയില്‍ എത്തിയ ഉടന്‍ തന്നെ വേണ്ട ക്രമീകരണങ്ങള്‍ ചെയ്തു തന്ന അവിടുത്തെ ജീവനക്കാരോടും മാനേജ്മെന്റിനോടു അവശതയില്‍ ആയ യുവതിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ഒരേ മനസ്സ് കാണിച്ച ബസിലെ യാത്രക്കാര്‍ക്കും കെഎസ്‌ആര്‍ടിസി നന്ദി അറിയിച്ചു.