
പത്തനംതിട്ട: ശൗചാലയത്തിൽ പോയ യാത്രക്കാർ വരാൻ വൈകിയതിനെച്ചൊല്ലി കെഎസ്ആർടിസി ബസിലുണ്ടായ തർക്കം ഒടുവിൽ തീർന്നത് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസ് മുറ്റത്ത്. ബുധനാഴ്ച വൈകീട്ട് തിരുവനന്തപുരത്തുനിന്ന് മുണ്ടക്കയത്തേക്ക് പോയ എരുമേലി ഡിപ്പോയുടെ ബസിലാണ് യാത്രക്കാർ തമ്മിൽ കലഹമുണ്ടായത്.
മൂന്നരയോടെ ബസ് പത്തനംതിട്ട ഡിപ്പോയിലെത്തി. ബസ് വിടാൻ തുടങ്ങിയപ്പോൾ ചിലർക്ക് ശങ്ക. കണ്ടക്ടറുടെ സമ്മതംവാങ്ങി ശൗചാലയത്തിലേക്ക്. സമയമേറെ ആയിട്ടും പോയവർ തിരിച്ചെത്തിയില്ല. കാര്യം സാധിക്കാൻ പോയവർ ചായകുടിച്ച് ആസ്വദിക്കുന്നെന്ന വിവരം പടർന്നതോടെ ബസിൽ സ്ഥിതി വഷളായി.
പോയവർ തിരികെ എത്തിയപ്പോൾ അവരുടെ സീറ്റിൽ മറ്റൊരാൾ ഇരിക്കുന്നു. മാറാൻ പറഞ്ഞിട്ടും മാറാൻ തയ്യാറായില്ല. ബസ് സ്റ്റാൻഡിൽനിന്ന് ഇറങ്ങിയതോടെ ഇത് പറഞ്ഞ് തമ്മിൽ കശപിശയായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എല്ലാത്തിനേയും ഇറക്കിവിട്ട് സമാധാനയാത്ര തുടരണമെന്ന് മറ്റ് യാത്രക്കാർ ആവശ്യപ്പെട്ടതോടെ കണ്ടക്ടർ ഇടപെട്ടു. പക്ഷേ, അപ്പോഴേക്കും സംഗതി പിടിവിട്ടു. ഒടുവിൽ പ്രശ്നം എങ്ങനെ പരിഹരിക്കും എന്ന് നോക്കിയ ഡ്രൈവർ കണ്ടത് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസ്. ബസ് ഒാടിച്ച് കയറ്റി പൂമുഖത്തിനരികെ നിർത്തി. ബഹളത്തോടെ ഒരു ബസ് വരുന്നത് കണ്ട് എന്തിനും തയ്യാറായി പോലീസ് സംഘവും ഇറങ്ങിവന്നു. ട്രിപ്പ് മുടക്കുന്നതിന്റെ കാശ് അടപ്പിക്കുമെന്നും പറഞ്ഞതോടെ വീരശൂര പരാക്രമികൾ അടങ്ങി. സംഗതി പിടിവിട്ടെന്ന് കണ്ടപ്പോൾ കമാന്ന് മിണ്ടാതെ സർവ്വരും ബസിൽ കയറി കിട്ടിയ സീറ്റിൽ ഇരുന്നു. അങ്ങനെ ഡ്രൈവറുടെ സമയോചിതമായ ഇടപെടീലിൽ കിട്ടിയത് സമാധാന യാത്ര.



