
കെഎസ്ആർടിസി ബസിൽ കുഴഞ്ഞു വീണ് യുവതി; കണ്ടക്ടറുടേയും ഡ്രൈവറുടേയും സമയോചിത ഇടപെടൽ യുവതിക്ക് രക്ഷയായി; തിരുവനന്തപുരത്തു നിന്ന് കരുനാഗപ്പള്ളിയിലേക്കുള്ള യാത്രക്കിടെയാണ് ചാത്തന്നൂര്‍ സ്വദേശിനിക്ക് പുതുജീവൻ നല്കി സഹയാത്രക്കാരും ജീവനക്കാരും
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് കരുനാഗപ്പള്ളിയിലേക്കുള്ള യാത്രക്കിടെ കുഴഞ്ഞു വീണ യുവതിക്ക് കെഎസ്ആർടിസി ബസ് കണ്ടക്ടറുടേയും ഡ്രൈവറുടേയും സമയോചിത ഇടപെടൽ നൽകിയത് പുതു ജീവൻ.
തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസിലെ യാത്രക്കാരിയായ ചാത്തന്നൂര്‍ സ്വദേശിയും ഐഎസ്ആര്‍ഒ ജീവനക്കാരിവുമായ ബബിത (34)യാണ് കുഴഞ്ഞു വീണത്. ഈ ബസിലെ കണ്ടക്ടര്‍ ഷാജിയും ഡ്രൈവര്‍ സുനില്‍ കുമാറുമാണ് ട്രിപ്പ് പോലും വേണ്ടെന്നുവെച്ച് ഇവരെ ആശുപത്രിയിലെത്തിക്കാന്‍ മുന്‍കൈയെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസ് ആറ്റിങ്ങല്‍ കഴിഞ്ഞപ്പോള്‍ യുവതി തല ബസിനു പുറത്തേക്കിടുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട മറ്റ് യാത്രക്കാരും കണ്ടക്ടറും ചേര്‍ന്ന് യുവതിയെ സീറ്റില്‍ നേരെ ഇരുത്തി. പിന്നീട് ഇവര്‍ സീറ്റില്‍ കുഴഞ്ഞു വീഴുകയായിരുന്നു.അപ്പോഴേക്കും ബസ് സമീപത്തെ ഒരു സ്വകാര്യ ആശുപത്രി പിന്നിട്ട് കല്ലമ്പലത്ത് എത്താറായിരുന്നു. അവിടെ നിന്ന് ഡ്രൈവറുടെയും കണ്ടക്ടറുടെയും തീരുമാനപ്രകാരം ബസ് തിരിച്ച് വീണ്ടും കെടിസിടി ആശുപത്രിയില്‍ എത്തി. തുടര്‍ന്ന് യുവതിയെ ഉടന്‍തന്നെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ ആശുപത്രി മാനേജ്‌മെന്റ് ജീവനക്കാരും യുവതിക്ക് അടിയന്തര ചികിത്സ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.
ബസിലെ അത്യാവശ്യ യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റിവിട്ട് കണ്ടക്ടര്‍ ഷാജിയും ഡ്രൈവര്‍ സുനില്‍ കുമാറും ആശുപത്രിയില്‍ത്തന്നെ തുടര്‍ന്നു. യുവതി അപകടനില തരണം ചെയ്തതിനു ശേഷമാണ് ഇവര്‍ ആശുപത്രിയില്‍ നിന്ന് പോയത്. ബസിലെ മറ്റു യാത്രക്കാരുടെ സഹകരണവും ഇവര്‍ക്ക് ലഭിച്ചു.