യാത്രക്കാര്‍ കാത്തിരുന്ന മാറ്റം നടപ്പാക്കി കെഎസ്‌ആര്‍ടിസി; ജില്ലകള്‍ തിരിച്ചറിയാൻ ഡെസ്റ്റിനേഷൻ നമ്പർ സംവിധാനം

Spread the love

കൊല്ലം: ബസില്‍ പ്രാദേശിക ഭാഷയിലെഴുതിയ സ്ഥലനാമങ്ങള്‍ വായിക്കാൻ ബുദ്ധിമുട്ടുന്നവർക്ക് സഹായവുമായി ഡെസ്റ്റിനേഷൻ നമ്പർ സംവിധാനം ഒരുക്കി കെ.എസ്.ആർ.ടി.സി.

ബസുകളിലെ ബോർഡിന്റെ ഇടത് വശത്ത് 20 ശതമാനം സ്ഥലമാണ് സ്ഥലപ്പേരുകള്‍ക്കൊപ്പമുള്ള ഡെസ്റ്റിനേഷൻ നമ്പരുകള്‍ക്കായി മാറ്റിവയ്ക്കുക. ബസ് എത്തിച്ചേരുന്ന സ്ഥലത്തെ നമ്പർ പ്രത്യേക നിറത്തില്‍ വലുതായി രേഖപ്പെടുത്തും. ഇതിനൊപ്പം ബസ് കടന്നുപോകുന്ന റൂട്ടിലെ നമ്പറുകള്‍ ചെറുതായി താഴെ രേഖപ്പെടുത്തും.

അടുത്ത മാസത്തോടെ സൂപ്പർഫാസ്റ്റ്, ഫാസ്റ്റ്, അന്തർ സംസ്ഥാന ബസുകള്‍, ഓർഡിനറി ബസുകള്‍ എന്നിവയില്‍ ഡെസ്റ്റിനേഷൻ നമ്പർ സംവിധാനം നടപ്പാക്കും.
പ്രദേശിക ഭാഷയിലുള്ള ബോർഡുകള്‍ അന്യസംസ്ഥാനക്കാരെയും വിദേശികളെയും ചില്ലറയല്ല കുഴപ്പിക്കുന്നത്. ഇതിന് പരിഹാരം എന്ന നിലയിലാണ് ഡെസ്റ്റിനേഷൻ നമ്പർ സംവിധാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഡ് നമ്പർ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ എല്ലാ ഡിപ്പോകളിലും യൂണിറ്റുകളിലും പ്രദർശിപ്പിക്കും. കൂടാതെ കെ.എസ്.ആർ.ടി.സി വെബ്‌സൈറ്റിലും വിവരം ഉള്‍പ്പെടുത്തും. നിലവില്‍ തിരുവനന്തപുരം സിറ്റി സർവീസുകളില്‍ ഡെസ്റ്റിനേഷൻ നമ്പർ സംവിധാനം നിലവിലുണ്ട്.

ജില്ലയില്‍ ഡിപ്പോകൂടാതെ രണ്ട് ഓപ്പറേറ്റിംഗ് സെന്റർ ഉള്‍പ്പെടെ ഒൻപത് യൂണിറ്റുകളാണുള്ളത്. അന്യസംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന ബസാണെങ്കില്‍ ആ സംസ്ഥാനത്തെ കോഡ് നമ്പർ കൂടി ഉള്‍പ്പെടുത്തും. ഡെസ്റ്റിനേഷൻ നമ്പർ സംവിധാനം തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പരീക്ഷിച്ച വിജയിച്ച സംവിധാനമാണ്. ജില്ലയില്‍ ഡെസ്റ്റിനേഷൻ നമ്പർ സംവിധാനം നടപ്പാക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് കെഎസ്‌ആർടിസി അധികൃതർ അറിയിച്ചു.